Advertisment

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണന: കോണ്‍ഗ്രസ്സ്‌ പ്രത്യക്ഷ സമരത്തിലേയ്‌ക്ക്‌

author-image
സാബു മാത്യു
New Update

ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക അധികാരങ്ങള്‍ കവര്‍ന്നെടുത്ത്‌ പദ്ധതികള്‍ വെട്ടിക്കുറച്ച്‌ ഈ വര്‍ഷത്തെ ത്രിതല പദ്ധതികള്‍ സ്‌തംഭിപ്പിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്സ്‌ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

Advertisment

ആദ്യഘട്ടമായി ജൂലൈ 1-ന്‌ നടക്കുന്ന നിയമസഭാ മാര്‍ച്ചില്‍ ജില്ലയില്‍ നിന്നുള്ള മുഴുവന്‍ ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികളും പങ്കെടുക്കും. ജൂലൈ 10-ന്‌ ത്രിതല പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണയും നടത്തും.

2019 ജനുവരി 1-ന്‌ മുമ്പുതന്നെ ത്രിതല പഞ്ചായത്തുകളും നഗരസഭകളും 2019-20 പദ്ധതി തയ്യാറാക്കി ഡി പി സി.യുടെ അംഗീകാരവും വാങ്ങിയതാണ്‌. ഇപ്പോള്‍ വീണ്ടും ജൂലൈ 1-ന്‌ മുമ്പ്‌ ഈ പദ്ധതികള്‍ നവീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം പദ്ധതി പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കും.

ധനകാര്യവകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും കെടുകാര്യസ്ഥതയാണ്‌ ഈ സാഹചര്യം സൃഷ്‌ടിച്ചത്‌. 2018-19 സാമ്പത്തിക വര്‍ഷം 2019 ജനുവരിക്കു ശേഷം തുടര്‍ച്ചയായി ബില്ലുകള്‍ക്ക്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പെയ്‌മെന്റ്‌ നടത്തുവാന്‍ കഴിയാത്ത സാഹചര്യമാണ്‌ ഉണ്ടായിരിക്കുന്നത്‌. ഇതിനുപുറമെ മാര്‍ച്ച്‌ 31-ന്‌ അവസാനിക്കുന്ന ആഴ്‌ചയില്‍ സമര്‍പ്പിച്ച ബില്ലുകള്‍ ക്യാഷ്‌ പേയ്‌മെന്റ്‌ നടത്താതെ ക്യൂവില്‍ രേഖപ്പെടുത്തി വയ്‌ക്കുകയും ചെയ്‌തു.

ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്‌ 22.03.2019 മുതലുള്ള ക്യൂ ബില്ലുകള്‍ ആക്കി ടി തുകകള്‍ 2019-20 സാമ്പത്തിക വര്‍ഷം ത്രിതല പഞ്ചായത്തുകള്‍ക്ക്‌ അനുവദിച്ച തുകയില്‍ നിന്നും മാറി നല്‍കണമെന്നാണ്‌. ഇതനുസരിച്ച്‌ ഓരോ പഞ്ചായത്തുകള്‍ക്കും കോടിക്കണക്കിന്‌ രൂപ നഷ്‌ടമാകും. പ്രളയ ദുരന്തം ഏറ്റുവാങ്ങിയ ജില്ല എന്നനിലയില്‍ ഇടുക്കിക്ക്‌ വന്‍ നഷ്‌ടമാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌.

അതുകൊണ്ട്‌ ക്യൂ ബില്ലുകള്‍ 2018-19 പദ്ധതിയില്‍ തന്നെ നിലനിര്‍ത്തി അംഗീകരിക്കണമെന്നും ഇതിന്‌ സംസ്ഥാന സര്‍ക്കാര്‍ സപ്ലിമെന്ററി ബഡ്‌ജറ്റ്‌ പാസ്സാക്കണമെന്നും ഡി സി സി പ്രസിഡന്റ്‌ ആവശ്യപ്പെട്ടു. യു ഡി.എഫ്‌ സര്‍ക്കാരിന്‍റെ കാലത്ത്‌ നിശ്ചിത ശതമാനത്തിന്‌ മുകളില്‍ ചിലവഴിച്ചാല്‍ ബാക്കു തുക അനുവദിച്ചു നല്‍കുമായിരുന്നു. ഈ സര്‍ക്കാര്‍ ഇതു മാറ്റിയതാണ്‌ കുഴപ്പങ്ങള്‍ക്ക്‌ കാരണമായത്‌.

ത്രിതലപഞ്ചായത്തുകള്‍ക്കുള്ള പ്ലാന്‍ ഫണ്ടില്‍ 80 ശതമാനം തുകയും കേന്ദ്രഗവണ്‍മെന്റും 20 ശതമാനം സ്റ്റേറ്റ്‌ ഗവണ്‍മെന്റുമാണ്‌ എടുക്കുന്നത്‌. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണത്തിന്‌ ആനുപാതികമായ തുക സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന്‌ മാത്രമല്ല ട്രഷറിയില എത്തുന്ന തുകയിട്ട്‌ തിരിമറി നടത്തുകയും ചെയ്യുകയാണ്‌. ഇടുക്കിജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ ഇക്കാര്യങ്ങളില്‍ ഇളവ്‌ നല്‍കണമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.

Advertisment