വഴിയടച്ച്‌ വാഹനം പാര്‍ക്ക്‌ ചെയ്‌തത്‌ ചോദ്യം ചെയ്‌ത വ്യാപാരിയ്‌ക്ക്‌ ഉന്തുവണ്ടി കച്ചവടക്കാരുടെ മര്‍ദ്ദനമേറ്റു

സാബു മാത്യു
Tuesday, March 13, 2018

തൊടുപുഴ:  വഴിയടച്ച്‌ വാഹനം പാര്‍ക്ക്‌ ചെയ്‌തത്‌ ചോദ്യം ചെയ്‌ത വ്യാപാരിയ്‌ക്ക്‌ ഉന്തുവണ്ടി കച്ചവടക്കാരുടെ മര്‍ദ്ദനമേറ്റു. തിങ്കളാഴ്‌ച രാത്രി 9 മണിയോടെ തൊടുപുഴ പുളിമൂട്ടില്‍ പ്ലാസയ്‌ക്കുള്ളില്‍ കയറിയാണ്‌ ഉന്തുവണ്ടി കച്ചവടക്കാര്‍ മര്‍ദ്ദനം അഴിച്ചു വിട്ടത്‌.

പരിക്കേറ്റ റ്റി.വി. മെക്കാനിക്‌ കണയംപ്ലാക്കല്‍ മധുവിനെ തൊടുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുളിമൂട്ടില്‍ പ്ലാസയ്‌ക്കു മുന്നില്‍ വഴിയോരക്കച്ചവടം വിലക്കിക്കൊണ്ട്‌ ഹൈക്കോടതി ഉത്തരവുള്ളതാണ്‌.

ഇവിടേയ്‌ക്ക്‌ പ്രവേശിക്കുന്ന ഭാഗത്ത്‌ മാര്‍ഗ്ഗതടസ്സം സൃഷ്‌ടിക്കുന്ന രീതിയില്‍ ഉന്തുവണ്ടി കച്ചവടക്കാരുടെ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്‌തത്‌ ചോദ്യം ചെയ്‌തതാണ്‌ മര്‍ദ്ദനത്തിന്‌ കാരണമെന്ന്‌ മധു പറഞ്ഞു.

ഏതാനും നാള്‍ മുമ്പ്‌ സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള വഴിയാത്രക്കാരെ ഉന്തുവണ്ടി കച്ചവടക്കാരില്‍ ചിലര്‍ അശ്ലീലചേഷ്‌ടകള്‍ കാണിച്ചത്‌ പരാതിയ്‌ക്കിട നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ അടിപിടിയും പോലീസ്‌ കേസും ഉണ്ടായിരുന്നു.

×