മഹാ വായ്‌പാമേള വെള്ളിയാഴ്ച തൊടുപുഴയില്‍

സാബു മാത്യു
Thursday, December 6, 2018

തൊടുപുഴ:  ഇടുക്കിജില്ലയിലെ വ്യവസായ മേഖലയുടെ പ്രത്യേകിച്ച്‌ ഭക്ഷ്യസംസ്‌ക്കരണ മേഖലയുടെ ഊര്‍ജ്ജിത വികസനത്തിനായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ജില്ലയുടെ ലീഡ്‌ ബാങ്കായ യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഇതര ബാങ്കുകളുടെ സഹകരണത്തോടു കൂടി സൂഷ്‌മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി വായ്‌പാമേളകള്‍ നടത്തിവരുന്നു.

മേളകളിലെല്ലാം വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും പങ്കെടുക്കുന്നതും സംരംഭകരുടെ സംശയനിവാരണം നടത്തി വരുന്നതുമാണ്‌. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ തൊടുപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന്‌ സമീപമുള്ള ഗായത്രി ഹാളില്‍ വച്ച്‌ സൂഷ്‌മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി മഹാവായ്‌പാമേള നടത്തും.

ജില്ലാ കളക്‌ടര്‍ കെ.ജീവന്‍ ബാബു അദ്ധ്യക്ഷത വഹിക്കും. ഭാരതസര്‍ക്കാരിന്റെ പഞ്ചായത്തീരാജ്‌ മന്ത്രാലയത്തിന്‍റെ ജോയിന്റ്‌ സെക്രട്ടറി ഡോ. സഞ്‌ജീബ്‌ പട്‌ജോഷി മുഖ്യാതിഥിയായി പങ്കെടുക്കും. യൂണിയന്‍ ബാങ്ക്‌ ചെന്നൈ മേഖലാ ജനറല്‍ മാനേജര്‍ എസ്‌.കെ. മൊഹാപത്ര, കാനറാ ബാങ്ക്‌ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ മാത്യു ജോസഫ്‌, യൂണിയന്‍ ബാങ്ക്‌ കോട്ടയം റീജീയണല്‍ മാനേജര്‍ വി.പ്രദീപ്‌, ജില്ലാ ലീഡ്‌ ബാങ്ക്‌ മാനേജര്‍ ജി. രാജഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നവംബര്‍ 2-ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന്‌ സമര്‍പ്പിച്ച വെബ്‌ പോര്‍ട്ടലില്‍ വായ്‌പകള്‍ അപേക്ഷിക്കേണ്ട രീതികളെക്കുറിച്ച്‌ എസ്‌.ഐ.ഡി.ബി.ഐ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ പ്രഭു ക്ലാസ്സെടുക്കും.

30-ല്‍പ്പരം എം.എസ്‌.എം.ഇ. സംരംഭകര്‍ക്ക്‌ വിവിധ ബാങ്കുകള്‍ അനുവദിച്ച വായ്‌പകളുടെ അനുമതി പത്രം സഞ്‌ജീബ്‌ പട്‌ജോഷി കൈമാറും. ഇത്തരം വായ്‌പാമേളകള്‍ എല്ലാ വെള്ളിയാഴ്‌ചകളിലും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

×