Advertisment

കരിങ്കല്‍ ക്വാറി പ്രതിസന്ധി പരിഹാരം അകലെ

author-image
സാബു മാത്യു
New Update

തൊടുപുഴ:  കരിങ്കല്‍ ക്വാറി മേഖലയിലെ പ്രതിസന്ധിക്ക്‌ പരിഹാരമുണ്ടാക്കണമെന്ന്‌ ഓള്‍ കേരള കരിങ്കല്‍ ക്വാറി അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ജാഫര്‍ ആനകെട്ടിപ്പറമ്പില്‍ ആവശ്യപ്പെട്ടു.

Advertisment

ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഈ തൊഴിലുമായി ബന്ധപ്പെട്ട്‌ കഴിയുന്ന ആയിരക്കണക്കിന്‌ തൊഴിലാളികളും തൊഴിലാളി കുടുംബങ്ങളും ഇന്ന്‌ പട്ടിണിയിലാണ്‌. ഇടുക്കി ജില്ലയില്‍ 2007-2010 കാലത്ത്‌ 225-ഓളം ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത്‌ ഇപ്പോള്‍ നിയമാനുസൃതം പ്രവര്‍ത്തിക്കാവുന്ന ക്വാറികളുടെ എണ്ണം 27 ആയി.

ഇതില്‍ പക്ഷിസങ്കേതത്തിന്റെ പേരിലും മറ്റ്‌ പല കാരണങ്ങളാലും 14-ഓളം ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്‌. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 13 എണ്ണത്തില്‍ 10-ഓളം ക്രഷര്‍ യൂണിറ്റുമായി ബന്ധപ്പെട്ട ക്വാറികളാണ്‌.

പിന്നെയുള്ളത്‌ സാധാരണ കരിങ്കല്‍ ലഭിക്കുന്ന ക്വാറികളുടെ എണ്ണം മൂന്ന്‌. ഇതുകൊണ്ട്‌ ഈ പ്രതിസന്ധിക്ക്‌ പരിഹാരം കാണാനാവില്ല. ജില്ലാ അടിസ്ഥാനത്തിലുണ്ടായിരുന്ന പരിസ്ഥിതി പഠനകമ്മിറ്റി പിരിച്ചുവിട്ടതോടെ സംസ്ഥാന പരിസ്ഥിതി പഠനകമ്മിറ്റിയാണ്‌ പ്രകൃതി ആഘാതപഠനം നടത്തി ക്വാറികള്‍ക്ക്‌ പരിസ്ഥിതിയുടെ തടസ്സരഹിത സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ടത്‌.

എന്നാല്‍ 300-ഓളം അപേക്ഷകളാണ്‌ യാതൊരു പരിഹാരവും കാണാതെ ഈ ഓഫീസില്‍ കെട്ടിക്കിടക്കുന്നത്‌. ഈ സ്ഥിതി തുടര്‍ന്നാല്‍ രണ്ടു വര്‍ഷം കൊണ്ടുപോലും നിലവിലുള്ള അപേക്ഷപോലും തീര്‍പ്പാക്കാന്‍ ഈ സമിതിയ്‌ക്ക്‌ കഴിയില്ല.

ജില്ലാ അടിസ്ഥാനത്തിലുള്ള സമിതി പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കുകയോ നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ക്വാറികള്‍ മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതുപോലെ രണ്ടോ മൂന്നോ വര്‍ഷം സി.ആര്‍.പി.എഫ്‌ പദ്ധതിയില്‍ പെര്‍മിറ്റ്‌ നല്‍കി ഈ പ്രതിസന്ധിക്ക്‌ പരിഹാരം കാണുന്നതിനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ജാഫര്‍ ആവശ്യപ്പെട്ടു.

തൊടുപുഴയില്‍ ഓള്‍ കേരള കരിങ്കല്‍ക്വാറി അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ജേക്കബ്ബ്‌ പടലുങ്കല്‍, ട്രഷറര്‍ തോമസ്‌ കൊമ്പുക്കല്‍, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ പുത്തന്‍കണ്ടം എന്നിവര്‍ പ്രസംഗിച്ചു.

Advertisment