Advertisment

കിഡ്‌നി ദിനത്തിൽ സ്‌നേഹ സന്ദേശവുമായി സ്‌നേഹദീപം

author-image
സാബു മാത്യു
New Update

തൊടുപുഴ:  സാമൂഹിക പ്രവര്‍ത്തനരംഗത്ത്‌ വേറിട്ട പ്രവര്‍ത്തനങ്ങളുമായി തൊടുപുഴയിലെ സ്‌നേഹദീപം ചാരിറ്റബിള്‍ ട്രസ്റ്റ്‌ മുന്നോട്ട്‌.

Advertisment

1993 ഫെബ്രു. 13-ന്‌ തൊടുപുഴ താലൂക്ക്‌ ആശുപത്രിയില്‍ ഉച്ചഭക്ഷണം നല്‍കി കൊണ്ട്‌ ആരംഭിച്ച സ്‌നേഹദീപം ട്രസ്റ്റ്‌ കഴിഞ്ഞ 27 വര്‍ഷം തുടര്‍ച്ചയായി എല്ലാ ഞായറാഴ്‌ചകളിലും മുടക്കം കൂടാതെ സര്‍ക്കാര്‍ ആതുരാലയത്തിലെ അന്നദാന ശുശ്രൂഷ നടത്തിവരുന്നു.

അതോടൊപ്പം തന്നെ നേത്രദാനത്തിന്റെ ബോധവത്‌ക്കരണ പരിപാടികള്‍ നടത്തുകയും 1997-ല്‍ ഇടുക്കി ജില്ലയിലെ ആദ്യത്തെ നേത്രദാനം നടത്തുകയുമുണ്ടായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതുവരെ 265 നേത്രദാനങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുമായി സഹകരിച്ച്‌ നടത്തുന്നതിനും അതിന്റെ ഇരട്ടിയാളുകള്‍ക്ക്‌ കണ്ണുകള്‍ ദാനമായി കൊടുക്കുവാനും സാധിച്ചതായി മാനേജിംഗ്‌ ട്രസ്റ്റി മാത്യു കണ്ടിരിക്കല്‍ പറഞ്ഞു.

മരുന്നു ശേഖരണം, വസ്‌ത്രദാനം, ആംബുലന്‍സ്‌ സേവനം ഇതെല്ലാം ഈ കാലഘട്ടത്തില്‍ നടന്നുപോന്നിട്ടുള്ളതാണ്‌. രണ്ടു വര്‍ഷം മുമ്പ്‌ ആരംഭിച്ച ഡയാലിസിസ്‌ രോഗികള്‍ക്കുള്ള സഹായപദ്ധതി സ്‌നേഹദീപത്തിന്റെ ജൂബിലി പ്രോജക്‌ടായിരുന്നു.

ഈ പദ്ധതിയിലൂടെ തൊടുപുഴ ചാഴികാട്ട്‌ ആശുപത്രിയിലും മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലും ഡയാലിസിസ്‌ ചെയ്‌തുപോരുന്ന അര്‌ഡഹരായ രോഗികള്‍ക്ക്‌ അതാത്‌ ആശുപത്രിയുടെ സഹകണത്തോടെ ഡിസ്‌കൗണ്ട്‌ കൂപ്പണുകള്‍ നല്‍കി വരുന്നു.

ഒരു ഡയാലിസിസ്‌ രോഗി ഒരാഴ്‌ചയില്‍ രണ്ട്‌ അല്ലെങ്കില്‍ മൂന്ന്‌ ഡയാലിസിസ്‌ വരെ ചെയ്യേണ്ടി വരുന്നു. ഡയാലിസിസ്‌ ചെയ്യുന്ന ഒരാള്‍ക്ക്‌ ഓരോ ആഴ്‌ചയും ശരാശരി 3000 രൂപ വരെ ചെലവുവരും.

പ്രതിമാസം 12000 മുതല്‍ 15000 വരെ തുക കണ്ടെത്തേണ്ട ഈ മാരക രോഗത്തിന്‌ രോഗമില്ലാത്ത ഓരോരുത്തരും പറ്റുന്ന സഹായങ്ങള്‍ ചെയ്‌തു കൊണ്ട്‌ ഈ കാരുണ്യപ്രവര്‍ത്തിയ്‌ക്ക്‌ സഹകരിക്കാവുന്നതാണെന്ന്‌ സ്‌നേഹദീപം ഭാരവാഹികള്‍ അറിയിച്ചു.

ലോക കിഡ്‌നി ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച്‌ 12-ന്‌ കിഡ്‌നി രോഗികള്‍ക്ക്‌ സ്‌നേഹദീപത്തിന്റെ സഹായഹസ്‌തം നീളുകയാണ്‌. മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലും ചാഴികാട്ടു ആശുപത്രിയിലും ഡയാലിസിസിന്‌ വിധേയരായിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക്‌ ഡയലൈസര്‍ വിതരണം ചെയ്യും.

ഒരു ഡയലൈസറിന്‌ ഏകദേശം 8 പ്രാവശ്യം ഡയാലിസിസ്‌ നടത്താവുന്നതാണ്‌. ആയിരം രൂപയോളമാണ്‌ ഇതിന്റെ വില. അര്‍ഹതപ്പെട്ട രോഗികളെ കണ്ടെത്തി സഹായിക്കാന്‍ ആഗ്രഹമുള്ള ധാരാളം ആളുകള്‍ സമൂഹത്തിലുണ്ട്‌. അങ്ങനെയുള്ളവര്‍ക്ക്‌വേദിയൊരുക്കുകയാണ്‌ സ്‌നേഹദീപം.

സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ തൊടുപുഴ സിറ്റി ടവറിലുള്ള കണ്ടിരിക്കാൻ ട്രാവൽ ലിങ്ക്‌സിൽ അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .. ലോക കിഡ്‌നി ദിനം പ്രമാണിച്ച്‌ ആയിരം രൂപ വിലയുള്ള ഡയലൈസര്‍ 700 രൂപ വിലയ്‌ക്ക്‌ അന്നത്തെ ദിവസം ലഭിക്കുന്നതാണ്‌.

അതോടൊപ്പം തന്നെ ഓരോ മാസവും ഒരു ഡിസ്‌കൗണ്ട്‌ കൂപ്പണോ, ഒരു ഡയലൈസറോ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറുള്ളവരുടെ ലിസ്റ്റും തയ്യാറാക്കുന്നുണ്ടെന്ന് സ്‌നേഹദീപം മാനേജിംഗ്‌ ട്രസ്റ്റി മാത്യു കണ്ടിരിക്കലും ട്രഷറർ ജോർജ് പാറത്തലക്കലും അറിയിച്ചു.

കൂടുതല്‍: വിവരങ്ങള്‍ക്ക്‌ 9847147748.

Advertisment