Advertisment

തൊടുപുഴ ഡി ഇ ഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം എയ്‌ഡഡ്‌ സ്‌കൂളിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതായി പരാതി

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഡി ഇ ഒ ഓഫീസില്‍ ഫയലുകള്‍ ഒപ്പിട്ട്‌ നിയമന അംഗീകാരം നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ മാറിമാറി അവധിയില്‍ പ്രവേശിച്ചതുമൂലം മാസങ്ങളായി പ്രമോഷനും, ട്രാന്‍സ്‌ഫറും ലഭിച്ച്‌ തൊടുപുഴ ഡി ഇ ഒ യുടെ പരിധിയിലുള്ള സ്‌കൂളുകളില്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാരുടെ ലഭിച്ചുകൊണ്ടിരുന്ന ശമ്പളം മാസങ്ങളായി മുടങ്ങിയിരിക്കുന്നത്‌ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഭിന്നത മൂലമെന്ന്‌ ആക്ഷേപം.

ഇതുമൂലം ഇന്‍ക്രിമെന്റ്‌, അരിയര്‍ മുതലായ പല ബില്ലുകളും പാസ്സാക്കാന്‍ കഴിയാതെ തടസ്സപ്പെട്ടിരിക്കുകയാണ്‌. ശമ്പളത്തെ മാത്രം ആശ്രയിച്ച്‌ കഴിയുന്ന ഒട്ടേറെ ജീവനക്കാര്‍ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്‌. ഇതിനിടെ നിലവിലുണ്ടായിരുന്ന പി.എ. (പേഴ്‌സണല്‍ അസിസ്റ്റന്റ്‌) സ്ഥലം മാറിപ്പോയതോടെ പുതിയ ആളെ മാസങ്ങളായിട്ടും നിയമിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇത്‌ പല സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നു. ഭരണാനുകൂല സംഘടനയിലെ ചിലരുടെ താല്‍പ്പര്യങ്ങളാണ്‌ ഇതിനെല്ലാം പിന്നിലെന്ന്‌ ആക്ഷേപമുണ്ട്‌. വിദ്യാഭ്യാസവകുപ്പ്‌ ഡെപ്യൂട്ടി ഡയറക്‌ടറുടെ മൂക്കിനു താഴെയാണ്‌ ഇതെല്ലാം നടക്കുന്നതെന്നാണ്‌ വസ്‌തുത. ഇതിനൊരു പരിഹാരം എത്രയും പെട്ടെന്ന്‌ ഉണ്ടാക്കണമെന്നാണ്‌ ജീവനക്കാരുടെ ആവശ്യം.

Advertisment