Advertisment

തൊടുപുഴയില്‍ നികത്തിയ പാടശേഖരം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഇടുക്കി ജില്ലാ കളക്‌ടര്‍ ഉത്തരവിട്ടു

author-image
സാബു മാത്യു
New Update

തൊടുപുഴ:  മുതലക്കോടം സേക്രട്ട്‌ ഹാര്‍ട്ട്‌ ഹൈസ്‌കൂളിന്‌ എതിര്‍വശം നികത്തിയ നെല്‍വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഇടുക്കി ജില്ലാ കളക്‌ടര്‍ എച്ച്‌. ദിനേശന്‍ ഉത്തരവിട്ടു. തൊടുപുഴ - ഉടുമ്പന്നൂര്‍ റോഡരികിലുള്ള പാടശേഖരം കോണ്‍ക്രീറ്റ്‌ അവശിഷ്‌ടങ്ങളും മണ്ണും ഉപയോഗിച്ചാണ്‌ നികത്തിയത്‌.

Advertisment

2008-ലെ കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നും നിയമവിരുദ്ധമായി പരിവര്‍ത്തനപ്പെടുത്തിയ നിലം പൂര്‍വ്വസ്ഥിതിയാക്കുന്നതിനുള്ള നടപടികള്‍ അത്യന്താപേക്ഷിതമാണെന്നും ഇടുക്കി ആര്‍.ഡി.ഒ. റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. കൂടാതെ നിലം നികത്തിയതിനെതിരെ മുതലക്കോടം പരിസ്ഥിതി സംരക്ഷണ സമിതി ഹൈക്കോടതിയില്‍ നല്‍കിയ കേസ്‌ വിചാരണയിലാണ്‌.

വസ്‌തുതകള്‍ പരിശോധിച്ചതിലും വസ്‌തു ഉടമകളെ നേരില്‍ കേട്ടതിലും വസ്‌തു മണ്ണിട്ട്‌ നികത്തിയതു മൂലം 2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ്‌ നടത്തിയിരിക്കുന്നതെന്ന്‌ കണ്ടെത്തിയതായി ആര്‍.ഡി.ഒ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തരവ്‌ കൈപ്പറ്റി 15 ദിവസത്തിനകം നിലം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനാണ്‌ ജില്ലാ കളക്‌ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. അല്ലാത്തപക്ഷം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്‌ നടപടി സ്വീകരിക്കുമെന്നും അതിന്റെ ചിലവ്‌ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമാനുസൃത നടപടികളിലൂടെ നിലം ഉടമകളില്‍ നിന്നും ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ഇപ്പോഴും നെല്‍വയലുകള്‍ നികത്തുന്നത്‌ തുടരുന്നത്‌ ആശങ്കയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌. പാടശേഖരങ്ങള്‍ അന്യം നിന്നതാണ്‌ കാലാവസ്ഥയിലെ മാറ്റത്തിനും കനത്ത ചൂടിനും കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഷ്‌ട്രീയ നേതൃത്വങ്ങളില്‍ ചിലര്‍ ഇപ്പോഴും നിലം നികത്തലിന്‌ ഒത്താശ ചെയ്യുന്നത്‌ പല സ്ഥലങ്ങളിലും ഇപ്പോഴും തുടരുകയാണ്‌.

കര്‍ശന നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റമുള്‍പ്പെടെ ഭീഷണിപ്പെടുത്തുന്നത്‌ ചില രാഷ്‌ട്രീയ നേതാക്കളാണ്‌. പ്രകൃതിയുടെ താളം തെറ്റിയിട്ടും ഇപ്പോഴും താളം തെറ്റുന്നതിനു കാരണമാകുന്ന പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒത്താശ ചെയ്യുന്ന രാഷ്‌ട്രീയ നേതാക്കളെ തിരിച്ചറിയേണ്ട സാഹചര്യമാണ്‌ വന്നുകൂടിയിരിക്കുന്നത്‌.

Advertisment