Advertisment

പട്ടയം റദ്ദാക്കല്‍ - യു ഡി എഫ് പ്രതിഷേധ ധര്‍ണ്ണ ഒക്‌ടോബര്‍ 5-ന് കട്ടപ്പനയില്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: പട്ടയ വ്യവസ്ഥകള്‍ ലംഘിച്ച് വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയവരുടെ പട്ടയങ്ങള്‍ റദ്ദു ചെയ്യുന്നതിനുള്ള 22-08-2019 തീയതിയിലെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് യു ഡി എഫ് ഇടുക്കി ജില്ലാ ഏകോപന സമിതിയോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Advertisment

തൊടുപുഴ രാജീവ് ഭവനില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ് എസ് അശോകന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ്ചെയര്‍മാനും മുന്‍ മന്ത്രിയുമായ പി ജെ ജോസഫ് എം എല്‍ എ ഉദ്ഘാടനംചെയ്തു. ഇടുക്കി ജില്ലയിലെ ജനങ്ങളെ മാത്രം കയ്യേറ്റക്കാരും നിയമലംഘകരുമായി ചിത്രീകരിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ജില്ലയിലെ ജനങ്ങളെയാകെ അവഹേളിക്കുന്നതിന് സമാനമാണെന്ന് പി ജെ ജോസഫ് പറഞ്ഞു.

ദൂരവ്യാപകമായപ്രത്യാഘാതങ്ങള്‍ക്ക് വഴിവക്കുന്ന സര്‍ക്കാര്‍ ഉത്തരവ് വ്യപകമായ അഴിമതിക്ക്വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒക്‌ടോബര്‍ 5-ാം തീയതിരാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ കട്ടപ്പനയില്‍ ധര്‍ണ്ണ സമരം നടത്തുവാന്‍ യോഗം തീരുമാനിച്ചു.

ധര്‍ണ്ണയുടെ മുന്നൊരുക്കങ്ങള്‍ക്കായി ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി എന്നീ 3 നിയോജകമണ്ഡലങ്ങളിലെ ഘടകകക്ഷിമണ്ഡലം പ്രസിഡന്റുമാര്‍ വരെയുള്ള നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ സംയുക്ത നേതൃയോഗം സെപ്റ്റംബര്‍ 28-ാം തീയതി ശനിയാഴ്ച്ച രാവിലെ11 മണിക്ക് കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ യോഗം ചേരും.

ദേവികുളം നിയോജകമണ്ഡലം നേതൃയോഗം സെപ്റ്റംബര്‍ 30-ന്രാവിലെ 11 മണിക്ക് മൂന്നാറിലും, തൊടുപുഴ നിയോജകമണ്ഡലംനേതൃയോഗം വൈകിട്ട് 5-ന് തൊടുപുഴ രാജീവ് ഭവനിലും നടക്കും.സെപ്റ്റംബര്‍ 25, 26 തീയതികളില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മണ്ഡലംതല യു ഡി എഫ് നേതൃയോഗങ്ങള്‍ നടക്കും.

2 ജില്ലയിലെ എല്ലാ ത്രിതല പഞ്ചായത്ത് ഭരണ സമിതികളിലും നഗരസഭകളിലും വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് അംഗങ്ങള്‍പ്രമേയം അവതരിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. യു ഡി എഫ് ജില്ലാ കണ്‍വീനര്‍ അഡ്വക്കേറ്റ് അലക്‌സ് കോഴിമല പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു.

ഘടകക്ഷി നേതാക്കളായ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. ഇഎം ആഗസ്തി, അഡ്വ. ജോയി തോമസ്, എ എം ഹാരിദ്, മാര്‍ട്ടിന്‍ മാണി, സികെ ശിവദാസ്, പ്രൊഫ. കെ ഐ ആന്റണി, അഡ്വ. ജോസഫ് ജോണ്‍, ജോസ് പാലത്തിനാല്‍, ഷാജി കാഞ്ഞമല, അഗസ്റ്റ്യന്‍ വട്ടക്കുന്നേല്‍, ജില്‍സണ്‍ വര്‍ക്കി, എം ബി സൈനുദീന്‍,പി എന്‍ സീതി, ജി മുനിയാണ്ടി, ജോണ്‍ നെടിയപാല, കെ എം കാദര്‍കുഞ്ഞ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

Advertisment