എസ്‌ എഫ്‌ ഐ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കണം – യു ഡി എഫ്‌

Wednesday, September 12, 2018

 തൊടുപുഴ:  കോളേജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌ എഫ്‌ ഐ – സി പി എം ഗുണ്ടകള്‍ കെ എസ്‌ യു- കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കു നേര ജില്ലയില്‍ ഉടനീളം വ്യാപകമായി നടത്തിയ ആക്രമണത്തില്‍ യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്‌ അശോകനും, കണ്‍വീനര്‍ അഡ്വ. അലക്‌സ്‌ കോഴിമലയും പ്രതിഷേധം രേഖപ്പെടുത്തി.

പല കോളേജുകളിലും കെ എസ്‌ യു പ്രവര്‍ത്തകരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും എസ്‌ എഫ്‌ ഐക്കാര്‍ അനുവദിച്ചില്ല. ആഭ്യന്തര വകുപ്പിന്റെ പിന്‍ബലത്തില്‍ ജില്ലയിലെ കലാലയങ്ങളില്‍ ഉടനീളം അരാജകത്വം അഴിച്ചു വിട്ട എസ്‌ എഫ്‌ ഐയുടെ കിരാത രാഷ്‌ട്രീയത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ടതുണ്ട്‌.

ഭൂരിപക്ഷം വിദ്യാര്‍ത്ഥികളെയും തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ നിന്നും ആക്രമത്തിലൂടെ അകറ്റി നിര്‍ത്തി എസ്‌ എഫ്‌ ഐ നേടിയ അവിശുദ്ധ വിജയത്തിന്‌ ചോരയുടെ മണമുണ്ട്‌.  കലാലയങ്ങള്‍ യുദ്ധ ഭൂമിയായി മാറ്റിയ എസ്‌ എഫ്‌ ഐക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളണമെന്നും, അടിമാലിയില്‍ കോണ്‍ഗ്രസ്‌ നേതാക്കളേയും പ്രവര്‍ത്തകരേയും ജാമ്യമില്ലാത്ത വകുപ്പിട്ട്‌ കേസ്സില്‍ കുടുക്കി ലോക്കപ്പിലടച്ച പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം.

സി എം പി യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി കെ എ കുര്യന്റെ വീടിന്റെ വാതില്‍ പാതിരാവില്‍ ചവിട്ടി തുറന്ന്‌ അതിക്രമിച്ച്‌ പ്രവേശിച്ച പോലീസ്‌ ഉദ്യോഗസ്ഥന്‍മാരെ സസ്‌പെന്റ്‌ ചെയ്യണമെന്നും യു ഡി എഫ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.

×