Advertisment

യു ഡി എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഒരുമയുടെ ഭൂപടം ജനുവരി 30-ന്

New Update

തൊടുപുഴ:  പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന ''ചങ്കുറപ്പോടെ ഭാരതം - ഒരുക്കാം ഒരുമയുടെ ഭൂപടം'' സമരപരിപാടിയുടെ ഭാഗമായി യു ഡി എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 30-ന് വൈകിട്ട് 5 മണിക്ക് തൊടുപുഴ പഴയ ബസ് സ്റ്റാന്റ് മൈതാനിയില്‍ ഭാരതത്തിന്റെ ''മനുഷ്യ ഭൂപടം'' തീര്‍ക്കും.

Advertisment

പ്രൊഫ. എം ജെ ജേക്കബ് കണ്‍വീനര്‍ ആയുള്ള സബ്ബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ് എസ് അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ് അലക്‌സ് കോഴിമലയും അറിയിച്ചു.

ഭാരത ഭൂപടത്തിന്റെ ഔട്ട് ലൈന്‍ മാര്‍ക്ക് ചെയ്ത ശേഷം ഭൂപടത്തിന്റെ ഔട്ട് ലൈനിലും അകത്തും ദേശ സ്‌നേഹികള്‍ അണി നിരന്നാണ് ഭൂപടം സൃഷ്ടിക്കുന്നത്. ഭൂപടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ദേശിയ പതാകയുടെ രൂപത്തില്‍ മൂന്നായി തിരിച്ച് നടുവില്‍ അശോക ചക്രം വരക്കും.

മൂന്ന് കള്ളികള്‍ക്കുള്ളില്‍ അണിനിരക്കുന്നവര്‍ ദേശിയ പതാകയുടെ നിറത്തിനനുസരിച്ചുള്ള മൂന്ന് തരത്തിലുള്ള തൊപ്പികള്‍ ധരിക്കും. നടുക്കുള്ള അശോക ചക്രത്തിന്റെ രൂപത്തില്‍ നില്‍ക്കുന്നവര്‍ നീല നിറത്തിലുള്ള തൊപ്പികള്‍ ധരിക്കും.

ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നും എത്തുന്ന യു ഡി എഫ് പ്രവര്‍ത്തകരും, നേതാക്കളും, ദേശസ്‌നേഹികളും വൈകിട്ട് 4.15-ന് മുമ്പ് പഴയ ബസ് സ്റ്റാന്റ് മൈതാനിയില്‍ എത്തിച്ചേരണം. കൃത്യം 4.30-ന് ഭൂപടത്തിന്റെ ട്രയല്‍ റണ്‍ നടക്കും.

എല്ലാം ശരിയാണ് എന്ന് ബോദ്ധ്യപ്പെട്ട ശേഷം കൃത്യം 5 മണിക്ക് ഭൂപടം ഒരുക്കും ഭൂപടത്തില്‍ നിന്നും അകലെ മാറി പ്രത്യേകം സ്‌ക്വയര്‍ ഉണ്ടാക്കി അണി നിരന്ന് കടലാസുകള്‍ കൊണ്ടുള്ള ദേശിയപതാകകള്‍ വീശി ഭൂപടത്തെ അഭിവാദ്യം ചെയ്യും.

മഹാത്മജി വെടിയേറ്റു വീണ 5.12-ന് ഭൂപടത്തില്‍ അണിനിരന്നവര്‍ മതേതര പ്രതിജ്ഞ ഏറ്റ് ചൊല്ലും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം. മുന്‍മന്ത്രി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.

രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക നായകന്‍മാര്‍ പ്രസംഗിക്കും. യു ഡി എഫ് ഘടകകഷികളുടെ വാര്‍ഡ് കമ്മിറ്റി ഭാരവാഹികള്‍ മുതല്‍ എല്ലാ ഉപരി കമ്മിറ്റി നേതാക്കളും ജന പ്രതിനിധികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ഭൂപടം തീര്‍ക്കല്‍ പരിപാടി വിജയിപ്പിക്കുവാന്‍ എല്ലാ ദേശ സ്‌നേഹികളും സഹകരിക്കണമെന്ന് യു ഡി എഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. പ്രൊഫ. എം ജെ ജേക്കബ്ബ്, ജോണ്‍ നെടിയപാല, പി എന്‍ സീതി എന്നീ യു ഡി എഫ് നേതാക്കളും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. അഡ്വക്കേറ്റ് എസ് അശോകന്‍

Advertisment