Advertisment

യുഡിഎഫിന്റെ ശക്തിവിളിച്ചോതി നേതൃസംഗമം

author-image
സാബു മാത്യു
New Update

തൊടുപുഴ:  പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ടും നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും യുഡിഎഫ്‌ ഇടുക്കി പാര്‍ലമെന്റ്‌ മണ്‌ഡലം നേതൃസംഗമം ആവേശമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്‌ടപ്പെട്ട ഇടുക്കി മണ്‌ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസം പ്രവര്‍ത്തകരില്‍ ഉണ്ടായി.

Advertisment

ജില്ലയില്‍ യുഡിഎഫിനുള്ള താഴെതട്ടിലുള്ള വേരോട്ടം ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ മണ്‌ഡലം തിരിച്ചുപിടിക്കുന്നതിന്‌ വഴിയൊരുക്കുമെന്ന സന്ദേശമാണ്‌ നേതാക്കള്‍ നല്‍കിയത്‌. കോതമംഗലം, മുവാറ്റുപുഴ, തൊടുപുഴ, ഇടുക്കി, പീരുമേട്‌, ഉടുമ്പന്‍ചോല, ദേവികുളം നിയോജക മണ്‌ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ നിറസാന്നിദ്ധ്യം സമ്മേളന നഗരിയായ ഷെറോണ്‍ കള്‍ച്ചറല്‍ സെന്ററിനെ നിറഞ്ഞ്‌ കവിയാന്‍ കാരണമായി.

യുഡിഎഫ്‌ വികാരം നെഞ്ചിലേറ്റിയ പ്രവര്‍ത്തകരുടെ ആവേശം സമ്മേളന നഗരിയില്‍ ഉണ്ടായിരുന്നു. പുതിയ യുഡിഎഫ്‌ കണ്‍വീനര്‍ ബെന്നി ബെഹന്നാനെ സമ്മേളനത്തിനിടെ കേരള കോണ്‍ഗ്രസ്‌ നേതാക്കളായ കെ.എം. മാണിയും പി.ജെ. ജോസഫും അഭിനന്ദിച്ചു. പുതിയ കണ്‍വീനര്‍ യുഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയും സിപിഎമ്മും ശമ്പളത്തിന്‌ ആളെ വച്ച്‌ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുമ്പോള്‍ നമ്മള്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണമെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു. ഈ ജനക്കൂട്ടം യുഡിഎഫിന്റെ ശക്തിയാണ്‌. ബുത്ത്‌ലെവല്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം.

താഴോട്ട്‌ ഇറങ്ങി ചെല്ലുവാന്‍ എല്ലാവരും തയ്യാറാകണം. രണ്ട്‌ മാസത്തിലൊരിക്കലെങ്കിലും ബൂത്തുതല കമ്മറ്റി ചേരണമെന്ന്‌ കെ.എം. മാണി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ്‌ ഇടുക്കിയില്‍ വിജയിച്ചിരിക്കുമെന്ന്‌ കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞു. ഇടുക്കിയിലെ വിജയം യുഡിഎഫ്‌ ഏറ്റെടുത്തുവെന്നതിന്റെ പ്രഖ്യാപനമാണ്‌ ഇന്നത്തെ സമ്മേളനം.

ദേശീയ തലത്തില്‍ വര്‍ഗീയ ഫാസീസവും സംസ്ഥാനതലത്തില്‍ രാഷ്‌ട്രീയ ഫാസീസവുമാണ്‌ നടക്കുന്നത്‌. രണ്ട്‌ ഫാസീസങ്ങള്‍ക്കും ഇടയിലൂടെയാണ്‌ യുഡിഎഫ്‌ പോരാടേണ്ടതെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അമ്പേ പരാജയമാണെന്ന്‌ കേരള കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി. ജെ. ജോസഫ്‌ പറഞ്ഞു.

ഇടുക്കി ജില്ലയില്‍ തന്നെ റോഡ്‌ പുനരുദ്ധാരണത്തിന്‌ മൂവായിരം കോടി രൂപ വേണ്ടി വരും. സംസ്ഥാനത്ത്‌ നാല്‍പ്പതിനായിരം കോടി രൂപയുടെ നഷ്‌ടമുണ്ടായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിവേദനത്തില്‍ നാലായിരത്തി എഴുന്നൂറ്‌ കോടിരൂപയാണ്‌ കാണിച്ചിരിക്കുന്നത്‌. റോഡിനാകട്ടെ 97 കോടി രൂപയാണ്‌ പറഞ്ഞിരിക്കുന്നത്‌.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ്‌ കാണിച്ചിരിക്കുന്നതെന്ന്‌ പി.ജെ. ജോസഫ്‌ പറഞ്ഞു. മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികളാണന്ന്‌ മുസ്ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. കെ. ഇബ്രാഹിംകുഞ്ഞ്‌ പറഞ്ഞു.

ഇടുക്കിയിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജോയ്‌സ്‌ ജോര്‍ജ്ജ്‌ എം.പി. കുറ്റകരമായ അനാസ്ഥയാണ്‌ കാണിച്ചിരിക്കുന്നതെന്ന്‌ കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു.

Advertisment