Advertisment

ശബരിമല വിധി - ബി ജെ പിയുടെ ലോംഗ്‌ മാര്‍ച്ച്‌ രാഷ്‌ട്രീയ നാടകം: യു ഡി എഫ്‌

New Update

തൊടുപുഴ:  ശബരിമലവിധിക്കെതിരെ ബി ജെ പി ആരംഭിച്ചിരിക്കുന്ന ലോംഗ്‌ മാര്‍ച്ച്‌ തരം താഴ്‌ന്ന രാഷ്‌ട്രീയ നാടകമാണെന്ന്‌ യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ എസ്‌ അശോകന്‍ പ്രസ്‌താവിച്ചു. കോടതി വിധിക്കെതിരെ സമരം ചെയ്യുന്നതില്‍ യാതൊരു പ്രസക്തിയുമില്ല.

Advertisment

ബി ജെ പി കേന്ദ്ര നേതൃത്വം കോടതി വിധിയെ ന്യായീകരിച്ച പശ്ചാത്തലത്തില്‍ വേണം ബി ജെ പി കേരള ഘടകത്തിന്റെ ലോംഗ്‌ മാര്‍ച്ചിനെ വിലയിരുത്താന്‍. കോടതി വിധി അതിജീവിക്കാന്‍ റിവ്യു ഹര്‍ജി നല്‍കാനോ നിയമ നിര്‍മ്മാണം നടത്തുവാനോ അയതിനു മുന്നോടിയായി ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കാനോ തയ്യാറാകാത്ത ബി ജെ പിയുടെ ഇരട്ട മുഖമാണ്‌ ലോംഗ്‌ മാര്‍ച്ചിലൂടെ തെളിഞ്ഞത്‌.

പാര്‍ലമെന്റിലെ ഇരു സഭകളിലും എന്‍ ഡി എക്ക്‌ ഭൂരിപക്ഷം ഉള്ള സാഹചര്യത്തില്‍ ബില്‍ അവതരിപ്പിക്കാനും പാസ്സാക്കാനും മറ്റാരുടേയും സഹായം ആവശ്യമില്ല. ശബരിമലയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്‌തുതകള്‍ കോടതിയെ വേണ്ട വിധം ബോധ്യപ്പെടുത്താത്തത്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഗുരുതരമായ വീഴ്‌ച്ചയാണ്‌.

ബി ജെ പിക്കും സി പി ഐ എമ്മിനും ഇക്കാര്യത്തില്‍ നീഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ട്‌ എന്നത്‌ സ്‌പഷ്‌ടമാണ്‌. സ്‌ത്രീശാക്തീകരണവും തുല്യ നീതിയും ഒന്നും ശബരിമലയുമായി കൂട്ടി കുഴക്കേണ്ട യാതൊരു കാര്യവുമില്ല. കോടതി വിധി ഭൂതത്തെ കുടത്തില്‍ നിന്നും തുറന്നു വിട്ടതു പോലെയാണ്‌. ഒട്ടേറെ അനാവശ്യ വിവാദങ്ങള്‍ക്കും വര്‍ഗ്ഗീയ അതിപ്രസരത്തിനും ഇടവരുത്തുന്ന സുപ്രീം കോടതി വിധി വിനാശകരമാണ്‌.

സി പി ഐ എമ്മിന്‌ എന്നും എപ്പോഴും മതങ്ങളോടും ദൈവവിശ്വാസത്തോടും ദേവാലയങ്ങളോടും കടുത്ത ശത്രുതയാണ്‌. സി പി ഐ എമ്മിനെ ശക്തിപ്പെടുത്താന്‍ ഇതൊക്കെ വിഘാതമാണെന്നാണ്‌ ചിന്ത. ശബരിമലയെ തകര്‍ക്കുകയാണ്‌ സി പി ഐ എമ്മിന്റെ ലക്ഷ്യം. ബി ജെ പിക്കാണെങ്കില്‍ കോടതി വിധി ഒരു തുറുപ്പു ചീട്ടാണ്‌. ഹിന്ദു വര്‍ഗ്ഗിയത ആളിക്കത്തിച്ച്‌ രാഷ്‌ട്രീയ നേട്ടമുണ്ടാക്കുകയാണ്‌ ബി ജെ പിയുടെ ലക്ഷ്യം.

കോടതി വിധിക്കെതിരെ ഹൈന്ദവ സമൂഹത്തിനും വിശ്വാസികള്‍ക്കും കടുത്ത അമര്‍ഷമുണ്ട്‌. ആ അമര്‍ഷം രാഷ്‌ട്രീയ വത്‌കരിക്കാനുള്ള ബി ജെ പിയുടെ നീക്കം ആശാസ്യമല്ല. ഈ വിഷയത്തില്‍ ബി ജെ പിക്ക്‌ ലവലേശമെങ്കിലും സോദ്ദേശമുണ്ടെങ്കില്‍ വിധിയെ അതിജീവിക്കാന്‍ നിയമ നിര്‍മ്മാണം നടത്തുകയാണ്‌ വേണ്ടത്‌.

ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനുള്ള ബി ജെ പിയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും നീക്കം പൊതു സമൂഹം കൂട്ടായി ചെറുത്ത്‌ തോല്‍പ്പിക്കണമെന്ന്‌ യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.

Advertisment