Advertisment

കൊച്ചിയുടെ ആഗോള അക്ഷരോത്സവത്തിന് കൊടിയുയര്‍ന്നു - കൃതി പുസ്തകോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

author-image
admin
New Update

കൊച്ചി: നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടു നയിച്ച കേരളത്തെ പിറകോട്ട് കൊണ്ടുപോകാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചിയില്‍ കൃതി 2018 പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisment

നവോത്ഥാന പ്രസ്ഥാനങ്ങള്‍ തുടച്ചുനീക്കിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന ഏകാധിപത്യ പ്രവണതകളും രാജ്യമെങ്ങും വര്‍ധിച്ചുവരികയാണ്. കൃതി പോലുള്ള സാംസ്‌കാരിക മുന്നേറ്റങ്ങള്‍ ഇത്തരം തിരിച്ചുപോക്കിനെ ചെറുക്കാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

publive-image

എഴുത്തുകാരനും വായനക്കാരനുമിടയില്‍ പുസ്തകമുതലാളി ഇല്ലാത്ത സംസ്‌കാരത്തിന് തുടക്കമിട്ട പ്രസ്ഥാനമാണ് കൃതിയുടെ സംഘാടകരായ എസ്പിസിഎസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. വായനയുടേയും ചിന്തയുടേയും പുതിയൊരു അന്തരീക്ഷം രൂപപ്പെട്ടു വരുന്നതിന് തെളിവാണ് എസ്പിസിഎസ് സംഘടിപ്പിച്ച ഈ മേള. പ്രസാധനരംഗത്ത് സാങ്കേതികവിദ്യയുണ്ടാക്കുന്ന മാറ്റങ്ങള്‍ നിര്‍ണായകമാണ്. എന്നാല്‍ വായന മരിക്കുന്നില്ലെന്നത് വലിയ കാര്യമാണ്.

കൊച്ചി ധരണി അവതരിപ്പിച്ച കേരളീയ നൃത്തരൂപങ്ങളുടെ അവതരണത്തോടെയാണ് ഉത്സവസദൃശമായ ചടങ്ങുകള്‍ക്ക് തുടക്കമായത്. സഹകരണ, ടൂറിസം, ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍ പ്രൊഫ. എം. കെ. സാനു ഫെസ്റ്റിവല്‍ പ്രഖ്യാപനം നടത്തി. ജനറല്‍ കണ്‍വീനര്‍ എസ്. രമേശന്‍ സ്വാഗതമാശംസിച്ചു.

മേളയ്ക്ക് വ്യവസായ പ്രമുഖന്‍ എം. എ. യൂസഫലി നല്‍കിയ 11 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം സഹകരണമന്ത്രിക്ക് കൈമാറി. ആര്‍ക്കൈവ്‌സ് വകുപ്പ് പ്രസിദ്ധീകരിച്ച ചരിത്രരശ്മികള്‍ എന്ന പുസ്തകം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിക്ക് നല്‍കി പ്രകാശിപ്പിച്ചു. കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ ഫെസ്റ്റിവല്‍ സന്ദേശം നല്‍കി.

ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലെ പുസ്തകവിതരണോദ്ഘാടനം കൊച്ചി മേയര്‍ സൗമിനി ജയിന്‍ തോട്ടുംമുഖം ശിവഗിരി വിദ്യാനികേതനിലെ അനാമികയ്ക്ക് നല്‍കി നിര്‍വഹിച്ചു. പ്രൊഫ. കെ. വി. തോമസ് എംപി പുസ്തകമേളയുടെ ഗൈഡ് പ്രകാശനം ചെയ്തു. എസ്പിസിഎസ് പ്രസിദ്ധീകരിക്കുന്ന ഇ എം എസിന്റെ നിയമസഭാ പ്രഭാഷണങ്ങളുടെ ഒന്നാം വാല്യത്തിന്റെ പ്രകാശനം മേളയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ഷാജി എന്‍. കരുണിന് നല്‍കി മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എം. എ. ബേബി നിര്‍വഹിച്ചു.

ഹൈബി ഈഡന്‍ എംഎല്‍എ, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. പി. വീരേന്ദ്രകുമാര്‍, സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി. വേണുഗോപാല്‍ ഐഎഎസ്, മേളയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ഷാജി എന്‍. കരുണ്‍, ജിസിഡിഎ ചെയര്‍മാന്‍ സി. എന്‍. മോഹനന്‍, എസ്പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.

കാരൂര്‍ നീലകണ്ഠപ്പിള്ള സ്മാരക ചെറുകഥാ മത്സരത്തിലെ വിജയികളെ എസ്പിസിഎസ് വൈസ് പ്രസിഡന്റ് പി. വി. കെ. പനയാല്‍ പ്രഖ്യാപിച്ചു. കേരള സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ജി. സജിത് ബാബു ഐഎഎസ് നന്ദി രേഖപ്പെടുത്തി.

മറൈന്‍ ഡ്രൈവില്‍ സജ്ജീകരിക്കുന്ന 425 അടി നീളവും 100 അടി വീതിയുമുള്ള ആഗോളനിലവാരമുള്ളതും ജര്‍മന്‍ നിര്‍മിതവുമായ ശീതികരിച്ച ഹാളിലാണ് പുസ്തകമേള അരങ്ങേറുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്ര മികച്ച രീതിയില്‍ ഒരു പുസ്തകമേള സംഘടിപ്പിക്കപ്പെടുന്നത്.

ജനറല്‍ - ഇംഗ്ലീഷ്, ജനറല്‍ - മലയാളം, സയന്‍സ് ടെക്‌നോളജി അക്കാദമിക്, കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ എന്നിങ്ങനെ നാല് വിഭാഗത്തിലായി ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള എണ്‍പതോളം പ്രസാധകര്‍ നേരിട്ടെത്തുന്ന വമ്പന്‍ പുസ്തകമേളയ്ക്കാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. പെന്‍ഗ്വിന്‍ റാന്‍ഡംഹൗസ്, വൈലി, ഹാര്‍പര്‍ കോളിന്‍സ്, പെര്‍മനന്റ് ബ്ലാക്ക്, ആമസോ വെസ്റ്റ്‌ലാന്‍ഡ്, പാന്‍ മാക്മില്ലന്‍, ഓറിയന്റ് ബ്ലാക്ക്‌സ്വാന്‍, ഗ്രോളിയര്‍, സ്‌കോളാസ്റ്റിക്, ഡക്ബില്‍, അമര്‍ചിത്രകഥ, ചില്‍ഡ്രന്‍സ് ബുക്‌സ് ട്രസ്റ്റ് തുടങ്ങിയവര്‍ക്കൊപ്പം കേരളത്തിലെ മിക്കവാറും എല്ലാ പ്രസാധകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്.

കുട്ടികളുടെ വിഭാഗത്തില്‍ മാത്രം ഒന്നരലക്ഷത്തോളം പുസ്തകങ്ങളുണ്ട്. ഇരുന്നൂറോളം സ്റ്റാളുകളിലായി പ്രസാധകര്‍ക്കൊപ്പം കേരളത്തിലെ സഹകരണമേഖലയില്‍ നിന്നുള്ള തിളങ്ങുന്ന നാമങ്ങളായ ദിനേശ്, റെയ്ഡ്‌കോ, പള്ളിയാക്കല്‍, ഊരാളുങ്കല്‍ എന്നീ സ്ഥാപനങ്ങളും എസ്എസ് സി ഫെഡറേഷന്റെ ആയുര്‍ധാര, കേരള മീഡിയാ അക്കാദമി, ടൂറിസം വകുപ്പ്, മുസിരിസ് ഹെറിറ്റേജ് പദ്ധതി, ആര്‍ക്കൈവസ് വകുപ്പ് എന്നിവയും മേളയിലുണ്ട്.

മേള നടക്കുന്ന ഹാളിനകത്തെ ചുവരുകള്‍ സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ മലയാളത്തിലെ മണ്‍മറഞ്ഞ 250-ല്‍പ്പരം എഴുത്തുകാരുടെ ഛായാചിത്രങ്ങളാലും വിശദീകരണകുറിപ്പുകളാലും അലങ്കരിച്ചിട്ടുണ്ട്. ഒപ്പം ഈ എഴുത്തുകാരുടെ ശബ്ദശകലങ്ങള്‍ കേള്‍ക്കുവാനുള്ള സംവിധാനവുമുണ്ട്. പുസ്തകപ്രകാശനം, ചര്‍ച്ചകള്‍, വായന എന്നിവയ്ക്കായി 150 പേര്‍ക്കിരിക്കാവുന്ന വേദിയും കുട്ടികള്‍ക്കുള്ള പരിപാടികള്‍ക്കായി നൂറോളം പേര്‍ക്കിരിക്കാവുന്ന വേദിയും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.

കാരുണ്യം കാര്‍ട്ടൂണിലൂടെ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന കാരിക്കേച്ചര്‍ കോര്‍ണറില്‍ സന്ദര്‍ശകരുടെ കാരിക്കേച്ചറുകള്‍ വരച്ചു നല്‍കുന്നു. ഇതിലൂടെ സമാഹരിക്കുന്ന തുക ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ നിധിയിലേയ്ക്ക് കൈമാറും. മേള നടക്കുന്ന ദിവസങ്ങളില്‍ അമ്പതിലേറെ പുസ്തകങ്ങളും പ്രകാശനം ചെയ്യപ്പെടും.

മലയാളസാഹിത്യത്തിന്റെ ഇതിഹാസഭൂമിയായ തസ്രാക്കില്‍ നിന്നുള്ള ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനവും ചിത്രകാരന്‍ കെ. ജി. ബാബു വരച്ച അമ്പതോളം സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങളുടെ പ്രദര്‍ശനവും ഹാളിലുണ്ട്. കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന വാക്കും വര്‍ണങ്ങളും എന്ന ചിത്രകലാ ക്യാമ്പും ഇതോടൊപ്പമുണ്ട്. ക്യാമ്പില്‍ പങ്കെടുക്കുന്ന പതിനഞ്ചു പേര്‍ മാര്‍ച്ച് 5 വരെ വരയ്ക്കുന്ന ചിത്രങ്ങള്‍ മാര്‍ച്ച് 6 മുതല്‍ പ്രദര്‍ശിപ്പിക്കും.

ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന 250 രൂപയുടെ വീതമുള്ള 1 കോടി രൂപ മതിക്കുന്ന കൂപ്പണുകള്‍ മാറ്റി പുസ്തകം വാങ്ങാനുള്ള സൗകര്യം വിവിധ സ്റ്റാളുകളില്‍ ലഭ്യമാണ്. കുട്ടികള്‍ക്ക് നല്‍കാനുള്ള കൂപ്പണുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പുസ്തകമേള നടക്കു ഹാളിനുന്ന പുറത്ത് ഇരുവശത്തുമായി സജ്ജീകരിക്കു വേദികളില്‍ 1500-പേര്‍ക്കിരിക്കാവു ഒരിടത്ത് പത്തു ദിവസവും വൈകുന്നേരം കലാമണ്ഡലം ഗോപിയാശാന്‍, ഉഷാ നങ്ങ്യാര്‍, ഡോ. എം. ചന്ദ്രശേഖരന്‍, ടി. എം. കൃഷ്ണ മുതല്‍ ദേബാഞ്ജന്‍ ചാറ്റര്‍ജി, അഗം ബാന്‍ഡ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന അതിഗംഭീര കലാപരിപാടികളും മറ്റൊരിടത്ത് രാവിലെ 11 മുതല്‍ രാത്രി 9 വരെ രാമശ്ശേരി ഇഡലി മുതലുള്ള തനത് കേരളീയ വിഭവങ്ങളും ഉത്തരേന്ത്യന്‍, അറേബ്യന്‍ വിഭവങ്ങളും വിളമ്പുന്ന ഫുഡ് ഫെസ്റ്റും സജ്ജമാക്കിയിട്ടുണ്ട്.

പുസ്തകോത്സവത്തിന്റേയും സാഹിത്യോത്സവത്തിന്റേയും വിവരങ്ങള്‍ www.krithibookfest.com, www.krithilitfest.com എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

Advertisment