ഗുരുകുലം: ത്രിവേണി സംഗമമായി മാറണം – ഡോ. അലക്‌സാണ്ടര്‍ ജേക്കബ്‌

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, January 12, 2019

ഭരണങ്ങാനം:  ഗുരുകുലം എന്നത്‌ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും, രക്ഷകര്‍ത്താക്കളും ചേര്‍ന്ന്‌ ത്രിവേണി സംഗമമായി മാറണമെന്ന്‌ മുന്‍ ഡി.ജി.പി. ഡോ അലക്‌സാണ്ടര്‍ ജേക്കബ്‌ ഐ.പി.എസ്‌ പറഞ്ഞു. ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പി.റ്റി.എ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളും വ്യക്തിത്വ വികസനവും എന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ശാരീരികവും മാനസികവും ബുദ്ധിപരവും വൈകാരികവുമായി അവരെ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും നിര്‍ണ്ണായകമായ പങ്ക്‌ വഹിക്കാനാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. ആരോഗ്യമുള്ള പുതിയ തലമുറയെ വളര്‍ത്തിയെടുക്കുവാന്‍ ആഹാരക്രമങ്ങളില്‍ അതീവശ്രദ്ധ പതിപ്പിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

പ്രോട്ടീനുള്ളതും കാത്സ്യം അടങ്ങിയതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കുകയും വ്യായാമം ചെയ്യുവാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും ചെയ്യുക വഴി ബലമുള്ളവരായി അവര്‍ മാറുമെന്നും ആരോഗ്യമുള്ള മനസ്സിന്‌ ഉന്നത വിജയം നേടുവാന്‍ സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ജീവിതത്തിലുടനീളം ശുചിത്വം ഉറപ്പ്‌ വരുത്തുകയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പരസ്‌പരം സ്‌നേഹിക്കുവാനും സഹായിക്കുവാനും ബഹുമാനിക്കുവാനും പഠിക്കണം. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും മാതാവിന്റെയും പിതാവിന്റെയും ഗുരുക്കന്മാരുടെയും അനുഗ്രഹം നേടി ജീവിത വിജയം ഉറപ്പ്‌ വരുത്തുവാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്‌ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌ അദ്ധ്യക്ഷത വഹിച്ച സെമിനാര്‍ പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ആന്‍സല്‍ മരിയ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. ബിജു ഇളംതുരുത്തിയില്‍ പ്രസംഗിച്ചു.

×