Advertisment

തൊഴില്‍ രംഗത്ത്‌ സ്‌പെയ്‌സ്‌ സ്റ്റാര്‍ട്ട്‌ അപ്പുകള്‍ക്ക്‌ പ്രാധാന്യം വര്‍ദ്ധിച്ചു - ഡോ. എസ്‌. സോമനാഥ്‌

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

 ഭരണങ്ങാനം:  ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്കൊപ്പം തൊഴില്‍ രംഗത്ത്‌ സ്‌പെയ്‌സ്‌ സ്റ്റാര്‍ട്ട്‌ അപ്പുകള്‍ക്ക്‌ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിതെന്ന്‌ വിക്രം സാരാഭായ്‌ സ്‌പെയ്‌സ്‌ സെന്റര്‍ ഡയറക്‌ടര്‍ ഡോ. എസ്‌. സോമനാഥ്‌. ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ``മുഖാമുഖം 2018'' പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഓരോ പ്രഭാതവും ശാസ്‌ത്ര ലോകത്തെ സംബന്ധിച്ചിടത്തോളം അറിവിന്റെയും ആകാംക്ഷയുടെയും ദിനങ്ങളാണ്‌. 50 വര്‍ഷത്തിനകം വിദൂരമെന്ന്‌ ഇപ്പോള്‍ കരുതപ്പെടുന്ന വ്യാഴ ഗ്രഹത്തില്‍ മനുഷ്യവാസത്തിന്‌ സാധ്യമാകത്തക്കവിധത്തില്‍ സാങ്കേതിക വിദ്യ പുരോഗമിച്ച്‌ വരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

publive-image

കോടിക്കണക്കിന്‌ നക്ഷത്ര സമൂഹങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രപഞ്ചത്തിന്‌ അപ്പുറത്തേക്കുള്ള അറിവ്‌ വളരെ കുറവാണ്‌. ഇതുവരെ നമ്മള്‍ കണ്ടുപിടിച്ചിട്ടുള്ള 4000 ഗ്രഹങ്ങളേക്കാള്‍ എത്രയോ അധികമാണ്‌ ഇനിയും കണ്ടുപിടിക്കാനുള്ളത്‌. മാനവരാശിയുടെ അടുത്ത ലക്ഷ്യം ഗ്രഹങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയുള്ള യാത്രയായിരിക്കും.

ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടേയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട പുതിയ തൊഴില്‍ മേഖല രാജ്യത്ത്‌ രൂപപ്പെട്ട്‌ വരുകയാണ്‌. ഐ.എസ്‌.ആര്‍.ഒ. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്‌. ശാസ്‌ത്ര - സാങ്കേതിക രംഗത്തെ നൂതന ആശയങ്ങള്‍ സംബന്ധിച്ച്‌ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവാദം നടത്തി. യുവ തലമുറയുടെ തൊഴില്‍ മേഖല സ്‌പെയ്‌സ്‌ ടൂറിസത്തിലാണ്‌.

മറ്റ്‌ ഗ്രഹങ്ങളില്‍ കോളനികള്‍ നിര്‍മ്മിക്കാന്‍ മനുഷ്യന്‍ ശ്രമം തുടരുകയാണ്‌. ഓരോ ഗ്രഹങ്ങളിലേക്കും യാത്ര ചെയ്യുവാന്‍ റോക്കറ്റുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ഇതിന്‌ സാധ്യത കുറവാണ്‌. സ്വകാര്യ പങ്കാളിത്തത്തോടെ റോക്കറ്റുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ്‌ വിവിധ തലങ്ങളില്‍ പുരോഗമിക്കുന്നത്‌. വരും നാളുകളില്‍ സ്‌പെയ്‌സ്‌ ടൂറിസത്തില്‍ വന്‍കുതിച്ചു ചാട്ടമാണ്‌ ശാസ്‌ത്ര രംഗത്ത്‌ ഉണ്ടാകാന്‍ പോകുന്നത്‌.

വിദേശ രാജ്യങ്ങളില്‍ പോയി വരുന്ന സമയം കൊണ്ട്‌ ഓരോ ഗ്രഹങ്ങളിലും പോയി വരാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകും. ഇതില്‍ നിന്നും നല്ല വരുമാനമായിരിക്കും ലഭിക്കുകയെന്നും ഡോക്‌ടര്‍ സോമനാഥ്‌ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി പറഞ്ഞു. ഇന്റര്‍നെറ്റ്‌ രംഗത്തും. വാര്‍ത്താ വിനിമയ മേഖലകളിലും വലിയ മാറ്റങ്ങളാണ്‌ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ സംജാതമാകുക.

മൊബൈല്‍ ടവര്‍ വഴിയുള്ള സിഗ്നല്‍ സംവിധാനങ്ങള്‍ക്ക്‌ പകരം ഉപഗ്രഹങ്ങളില്‍ നിന്ന്‌ നേരിട്ട്‌ സിഗ്നല്‍ ലഭിക്കുന്ന രീതിയിലേക്ക്‌ വിവര സാങ്കേതിക രംഗം വളര്‍ന്ന്‌ കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോബോട്ടിക്‌ യുഗം വരുന്നത്‌ കൊണ്ട്‌ തൊഴില്‍ അവസരങ്ങള്‍ നഷ്‌ടപ്പെടുകയില്ല. റോബോട്ടിനോട്‌ അനുബന്ധിച്ചുള്ള മേഖലകളില്‍ തൊഴില്‍ സാധ്യതകള്‍ കൂടുകയാണ്‌ ചെയ്യുക.

എത്രമാറ്റമുണ്ടായാലും റോബോട്ടുകള്‍ മനുഷ്യന്‌ പകരമാവില്ല. മനുഷ്യന്റെ മാനുഷികമായി കൈമുതലായിട്ടുള്ള മൂല്യങ്ങള്‍ റോബോട്ടുകള്‍ക്ക്‌ ഒരിക്കലും ലഭിക്കില്ല. റോബോട്ടുകള്‍ പ്രോഗ്രാം ചെയ്യുന്ന മെഷീനുകള്‍ മാത്രമാണെന്നും വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി ഡോ. സോമനാഥ്‌ പറഞ്ഞു. പ്രളയം, ഭൂകമ്പം പോലെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി അറിയാനും കണ്ടെത്താനുമുള്ള സംവിധാനങ്ങള്‍ രാജ്യത്ത്‌ വികസിച്ച്‌ വരുകയാണ്‌.

സമീപ ഭാവിയില്‍ ഇത്‌ യാഥാര്‍ത്ഥ്യമാകും. ബഹിരാകാശ രംഗത്ത്‌ ലോകോത്തര നിലവാരത്തില്‍ ഇന്ത്യയുടെ സ്ഥാനം അധികം വൈകാതെ ഒന്നാമതെത്തുമെന്നും ഡോ. സോമനാഥ്‌ പ്രത്യാശ പ്രകടിപ്പിച്ചു. ശാസ്‌ത്ര സാങ്കേതിക രംഗത്തെ വിവിധ വിഷയങ്ങളെ സംബന്ധിച്ച്‌ 2 മണിക്കൂറോളം വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവാദത്തില്‍ ഏര്‍പ്പെട്ടു. ശാസ്‌ത്ര ലോകത്തെ തങ്ങളുടെ സംശങ്ങളും ആശയങ്ങളും പ്രഗത്ഭ ശാസ്‌ത്രജ്ഞന്‍ കൂടിയായ ഡോ. സോമനാഥുമായി പങ്കുവെച്ചത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുത്തന്‍ അനുഭവമായി.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അല്‍ഫോന്‍സ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍.ആന്‍സല്‍ മരിയ, പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌, സ്‌കൂള്‍ ക്യാപ്‌റ്റന്‍ റൊസൈന്‍ അനില്‍, ആദിത്യ അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment