Advertisment

പാലാ ജനറൽ ആശുപത്രിക്ക് പേരിടൽ: മുൻ ചെയർപേഴ്സൺ കള്ളം പ്രചരിപ്പിക്കുന്നതായി പ്രതിപക്ഷം

New Update

പാലാ:  ജനറൽ ആശുപത്രിക്ക് കെ എം മാണിയുടെ പേരിടണമെന്ന് നഗരസഭാ കൗൺസിൽ ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നുവെന്ന നഗരസഭ മുൻ ചെയർപേഴ്സണന്റ അവകാശവാദം തെറ്റാണെന്ന് പ്രതിപക്ഷ കൗൺസിലർമാരായ റോയി ഫ്രാൻസീസ്, പ്രസാദ് പെരുമ്പള്ളിൽ എന്നിവർ പറഞ്ഞു.

Advertisment

ഈ വിഷയം കൗൺസിലിൽ വന്നപ്പോൾ തങ്ങൾ എതിർത്തതാണെന്നും അവർ ചൂണ്ടിക്കാട്ടി. കൗൺസിലിൽ നടന്ന കാര്യങ്ങൾപോലും തെറ്റായി പ്രചരിപ്പിക്കുന്ന മുൻ ചെയർപേഴ്സൺ കൗൺസിലിന്റെ പരിശുദ്ധിയെ അവഹേളിക്കുകയാണ് ചെയ്തിട്ടുള്ളത്.

publive-image

നഗരസഭ സ്റ്റേഡിയത്തിന് മുൻ നഗരപിതാവും സ്വാതന്ത്ര്യസമര നേതാവുമായിരുന്ന ചെറിയാൻ ജെ കാപ്പന്റെ പേര് നൽകാൻ കൗൺസിൽ ഏകകണ്ഠമായി തീരുമാനിക്കുകയും അതു നൽകുകയും ചെയ്തിരുന്നു. പിന്നീട് ഈ പേര് മാറ്റാനുള്ള കുതന്ത്രങ്ങളുടെ ഭാഗമായി ട്രാക്കിനു കെ എം മാണിയുടെ പേര് നൽകി.

സ്റ്റേഡിയത്തിനു ഒരു പേരും ട്രാക്കിനു മറ്റൊരു പേരും ചരിത്രത്തിലൊരിടത്തുമില്ലെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ട്രാക്കിനു പേരിടുന്നതിനെ പ്രതിപക്ഷം എതിർത്തിരുന്നു.

പാലാ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിനു സ്വാതന്ത്ര്യ സമര നേതാവ് ആർ വി തോമസിന്റെ പേര് നൽകിയത് ഒഴിവാക്കാൻ ഗാന്ധിജിയുടെ പേര് നൽകിയതും ഇതേ രീതിയിലാണ്.

ആശുപത്രിക്ക് പേരിടുന്നതിനെ സംബന്ധിച്ച് സർക്കാർ അഭിപ്രായം ആരാഞ്ഞപ്പോൾ സ്വാതന്ത്രസമര നേതാവെന്ന നിലയിൽ കെ എം ചാണ്ടിയുടെ പേര് നിർദ്ദേശിക്കുകയായിരുന്നുവെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം പീറ്റർ പന്തലാനി പറഞ്ഞു.

ഇതുപ്രകാരം ഭൂരിപക്ഷാഭിപ്രായം സ്വാതന്ത്ര്യസമര സേനാനിയുടെ പേര്  നൽകുന്നതിന് അനുകൂലമായിരുന്നു. എം എൽ എയ്ക്ക് ഇതു സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്താൻ അവകാശമുണ്ട്‌. കെ എം മാണിയുടെ പേര് ആശുപത്രിക്കു നൽകാൻ വ്യാജ മിനിസ്റ്റ് തയ്യാറാക്കിയതായും ഇതിനെ കമ്മിറ്റിയിൽ ചോദ്യം ചെയ്തുവെന്നും പീറ്റർ ചൂണ്ടിക്കാട്ടി.

കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇരിക്കുകയും തീരുമാനം എടുത്തു കഴിഞ്ഞ് ആക്ഷേപം ഉന്നയിക്കുകയും ചെയ്യുന്നത് അപഹാസ്യമാണെന്നും പീറ്റർ പറഞ്ഞു.

കെ എം ചാണ്ടിയുടെ പേർ ആശുപത്രിക്കു നൽകേണ്ടന്ന കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ അഭിപ്രായത്തോടുള്ള നിലപാട് കോൺഗ്രസ് വ്യക്തമാക്കണമെന്ന് റോയി ഫ്രാൻസീസ്, പ്രസാദ് പെരുമ്പള്ളിൽ, പീറ്റർ പന്തലാനി എന്നിവർ പറഞ്ഞു.

Advertisment