Advertisment

ഒരു ഡസനിലധികം മോഷണക്കേസുകളില്‍ നടപടി ഉണ്ടായിട്ടില്ല; കൊച്ചിടപ്പാടിയില്‍ വീണ്ടും മോഷണം

New Update

പാലാ:  ജനങ്ങളില്‍ ഭീതി പരത്തി കൊച്ചിടപ്പാടിയില്‍ വീണ്ടും മോഷണം. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന മോഷണ പരമ്പരകള്‍ക്കു ശേഷം വീണ്ടും മോഷണം നടന്ന സംഭവത്തില്‍ ആളുകള്‍ ഭീതിയിലാണ്.

Advertisment

കൊച്ചിടപ്പാടി കിഴക്കേവേലിയ്ക്കകത്ത് ബിനോയിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. പത്തു പവനോളം സ്വര്‍ണ്ണവും അന്‍പതിനായിരത്തോളം രൂപയും മോഷ്ടിക്കപ്പെട്ടു.

publive-image

<വിരളടയാള വിദഗ്ദർ പരിശോധന നടത്തുന്നു>

വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്ന സമയത്താണ് മോഷണം. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ കതകുകള്‍, അലമാര, വീട്ടുപകരണങ്ങള്‍, ബെഡ് മുതലായവ നശിപ്പിച്ചു. അന്വേഷണത്തിനെത്തിയ പോലീസ് സംഘം മോഷ്ടാക്കളുടേതെന്നു കരുതുന്ന ടോര്‍ച്ച്, സ്‌കൂഡ്രൈവര്‍, ടിന്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് പുലര്‍ച്ചെ മൂന്നാനി ഐ എം എ ജംഗ്ഷനു സമീപം താമസിക്കുന്ന മനയാനിക്കല്‍ തങ്കച്ചന്റെ വീട്ടുമുറ്റത്ത് പാര്‍ക്കു ചെയ്തിരുന്ന മാരുതി സെന്‍ കാര്‍ മോഷണം പോയിരുന്നു. വൈകിട്ടു ടൗണില്‍ പോയ തങ്കച്ചന്‍ ഏഴു മണിയോടെ തിരികെ വന്നു. പുലര്‍ച്ചെ പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് കാര്‍ മോഷണം പോയ വിവരം അറിയുന്നത്.

കവീക്കുന്ന്, കൊച്ചിടപ്പാടി മേഖലകളില്‍ അടുത്ത കാലത്ത് മോഷണവും മോഷണ ശല്യവും രൂക്ഷമായെങ്കിലും പ്രതികളെ ഇതേവരെ കണ്ടെത്താനായിട്ടില്ല. വെട്ടുകാട്ടില്‍ തോമസിന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് എട്ടു പവന്‍ സ്വര്‍ണ്ണം കവര്‍ന്നിരുന്നു. സമീപവാസിയായ സിബി മുകാലയുടെ വീട്ടില്‍ നിന്നും ജനാല വഴി ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും പണവും അപഹരിച്ചിരുന്നു.

വെട്ടുകാട്ടില്‍ വി.സി.ജോസഫിന്റെ വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റ് തെളിച്ചതോടെ ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി വീട്ടിലുള്ളവര്‍ അന്ന് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

publive-image

വട്ടമറ്റത്തില്‍ ബെന്നിയുടെ വീട്ടിലും മോഷ്ടാവ് എത്തിയിരുന്നതായി വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മൂന്നാനി വല്യ കാപ്പില്‍ മനോജിന്റെ വീട്ടിന്റെ പോര്‍ച്ചില്‍ നിന്നും കാര്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമം നടന്നിരുന്നു. ചില്ലുകള്‍ ഇളക്കിയ നിലയിലാണ് രാവിലെ കാര്‍ കാണപ്പെട്ടത്.

എന്നാല്‍ നാളിതുവരെ മോഷ്ടാക്കളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. പാലായില്‍നിന്നും ഏതാനും മാസങ്ങള്‍ക്കു മുമ്പ് 12 ഓളം വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. വര്‍ക്ക്‌ഷോഷോപ്പുകളില്‍ കിടന്നിരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെയാണ് മോഷണം പോയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണത്തില്‍ പോലും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.

വീണ്ടും മോഷണം ആരംഭിച്ചതോടെ നഗരവാസികള്‍ ഭീതിയിലാണ്. മോഷ്ടാക്കളെ പിടികൂടാന്‍ പോലീസ് പ്രത്യേക കര്‍മ്മസമിതി രൂപീകരിക്കണമെന്ന് കവിക്കുന്ന് വികസന സമിതി ആവശ്യപ്പെട്ടു. നിലവില്‍ നടന്ന മോഷണ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണ പുരോഗതി പോലീസ് വ്യക്തമാക്കണം. കവീക്കുന്നില്‍ ജാഗ്രതാ സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ടോണി തോട്ടം, ബേബി ആനപ്പാറ, ജോസ് മുകാല, ബൈജു ഇടത്തൊട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment