Advertisment

കൂട്ടായ്‌മയും ഐക്യവും കാത്തുസൂക്ഷിക്കുക: മാര്‍ മാത്യു അറയ്‌ക്കല്‍

New Update

കാഞ്ഞിരപ്പള്ളി:  സഭയുടെ കൂട്ടായ്‌മയും ഐക്യവും കാത്തുസൂക്ഷിക്കുവാന്‍ വിശ്വാസിസമൂഹത്തിന്‌ കടമയും ഉത്തരവാദിത്വവുമുണ്ടെന്ന്‌ ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്‌ക്കല്‍.

Advertisment

publive-image

വിവിധ പ്രശ്‌നങ്ങളില്‍ അനുരഞ്‌ജനത്തിന്റെ പാതയാണ്‌ ക്രൈസ്‌തവരുടേത്‌. പരസ്‌പരം ക്ഷമിക്കുവാനും സ്‌നേഹിക്കുവാനും മറ്റുള്ളവരില്‍ നന്മ കണ്ടെത്തുവാനും ക്രൈസ്‌തവ സമൂഹത്തിനാകണം. ആക്ഷേപിച്ചും അവഹേളിച്ചും സ്വയം നാശത്തിന്റെ പാത തെരഞ്ഞെടുക്കുന്നത്‌ ഒരു തലമുറയോടും സമൂഹത്തോടും ചെയ്യുന്ന ക്രൂരതയാണ്‌.

സ്‌നേഹത്തിന്റെ പ്രവാചകരും സമാധാനത്തിന്റെ വെള്ളരിപ്രാവുകളുമായി വിശ്വാസിസമൂഹം മാറണം. വര്‍ഗ്ഗീയ ഭീകരവാദങ്ങള്‍ എല്ലാ രംഗങ്ങളിലും ശക്തിയാര്‍ജ്ജിക്കുന്നത്‌ സമൂഹം നിസ്സാരവല്‍ക്കരിക്കരുത്‌.

മതസൗഹാര്‍ദ്ദം സംരക്ഷിക്കേണ്ടത്‌ പൊതുസമൂഹത്തിന്റെ ധര്‍മ്മമാണ്‌. വിശ്വാസ ആചാരാനുഷ്‌ഠാനങ്ങളില്‍ വ്യത്യസ്ഥതയുണ്ടെങ്കിലും ക്രൈസ്‌തവരും ഇതരമതവിശ്വാസികളും ഈ മണ്ണിന്റെ മക്കളും സഹോദരങ്ങളുമാണ്‌. ഈ മാനവസംസ്‌കാരത്തില്‍ അടിയുറച്ചും ഭരണഘടനയെ ആദരിച്ചും രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ചുമാണ്‌ ക്രൈസ്‌തവസമൂഹം ഭാരതമണ്ണില്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെന്നും മാര്‍ മാത്യു അറയ്‌ക്കല്‍ സൂചിപ്പിച്ചു.

രൂപത സഹായമെത്രാന്‍ മാര്‍ ജോസ്‌ പുളിക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. വികാരിജനറാള്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി ആമുഖപ്രഭാഷണവും സെക്രട്ടറി ഷെവലിയാര്‍ അഡ്വ വി.സി.സെബാസറ്റിയന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിദ്യാഭ്യാസമേഖലയിലെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച്‌ പ്രെഫ.റോണി കെ.ബേബി വിഷയാവതരണം നടത്തി. സഭാപരവും ആനുകാലികവുമായ വിഷയങ്ങളെക്കുറിച്ച്‌ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കുവയ്‌ക്കലുകള്‍ നടത്തി. വികാരിജനറാള്‍മാരായ റവ.ഫാ.ജോര്‍ജ്‌ ആലുങ്കല്‍, റവ.ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

രൂപത പ്രൊക്യുറേറ്റര്‍ റവ.ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം, പാസ്റ്ററല്‍ കൗണ്‍സിലിന്റെ വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്മാരായ ഫാ.ജോണ്‍ പനച്ചിക്കല്‍, ഫാ.സെബാസ്റ്റ്യന്‍ പെരുനിലം, ഫാ.സഖറിയാസ്‌ ഇല്ലിക്കമുറി, ഫാ.അഗസ്റ്റിന്‍ പുതുപ്പറമ്പില്‍, ഫാ.ജോണ്‍ മതിയത്ത്‌, ഫാ.മാത്യു ഓലിക്കല്‍, ഫാ.ജെയിംസ്‌ ചവറപ്പുഴ സെക്രട്ടറിമാരായ അഡ്വ.എബ്രാഹം മാത്യു പന്തിരുവേലില്‍, എം.എം.ജോര്‍ജ്‌ മുത്തോലില്‍, ബിനോ പി.ജോസ്‌ പെരുന്തോട്ടം, പി.എസ്‌.വര്‍ഗീസ്‌ പുതുപ്പറമ്പില്‍, പ്രൊഫ.റോണി കെ.ബേബി, സണ്ണി എട്ടിയില്‍, തോമസ്‌ വെള്ളാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment