Advertisment

"ഹൗ വണ്ടർഫുൾ ..... വെരി വെരി സൂപ്പർ വിഷൻ....!" കിടങ്ങൂർ കാവാലിപ്പുഴക്കടവിലെ പഞ്ചാര മണൽ ബീച്ചില്‍ ഉല്ലസിച്ച് വിദേശ സഞ്ചാരികൾ

author-image
സുനില്‍ പാലാ
Updated On
New Update

മീനച്ചിലാറിന്റെ കിടങ്ങൂർ കാവാലിപ്പുഴക്കടവിലെ പഞ്ചാര മണൽ ബീച്ച് കണ്ടിട്ടും, കണ്ടിട്ടും ഇംഗ്ലണ്ടിലെ ജയ്ൻ മക്ഡണൽഡിന് മതി വരുന്നില്ല. പ്രായം പോലും നോക്കാതെ ജയ്നും ഭർത്താവ് സ്റ്റീവ് ടാക്‌ബൊട്ടും പഞ്ചാര മണൽപ്പരപ്പിൽ ഓടി നടന്നു.കൂട്ടുകാരായ ഇയാൻ വാൽക്ടനും, ഭാര്യ ലിൻഡയും മീനച്ചിലാറ്റിലെ കുഞ്ഞോളങ്ങളെ പഞ്ചാര മണൽപ്പരപ്പിലേക്ക് തട്ടിക്കളിച്ചു.

Advertisment

" ഇത് ഞങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമാണ്. അടുത്ത വർഷവും ഞങ്ങൾ ഇവിടെ വരും...' ആവേശം തിരതല്ലിയ മനസ്സോടെ നാൽവരും ചേർന്ന് പറഞ്ഞു.

publive-image

പ്രളയം പ്രകൃതിക്ക് സമ്മാനിച്ച് ചരിത്രമായ കാവാലിപ്പുഴക്കടവ് പഞ്ചാര മണൽ ബീച്ചിൽ ആദ്യമെത്തിയ വിദേശ സഞ്ചാരികൾ എന്ന നിലയിൽ ഇവരുടെ സന്ദർശനവും ചരിത്രമായി. ഇന്നലെ ഉച്ചയ്ക്ക് എത്തിയ നാലംഗ വിദേശ സംഘം രണ്ട് മണിക്കൂറോളം ബീച്ചിൽ ഉല്ലസിച്ച് ചെലവഴിച്ചു.

കാവാലിപ്പുഴക്കടവ് പഞ്ചാര മണൽ ബീച്ചിന്റെ കഥ ആദ്യമായി പുറം ലോകത്തെത്തിച്ച പ്രമുഖ ഫോട്ടോ ഗ്രാഫർ കിടങ്ങൂർ രമേഷും നാട്ടുകാരും ഇവിടെ ആദ്യമായെത്തിയ വിദേശ സംഘത്തെ വരവേൽക്കാനെത്തിയിരുന്നു. പുഷ്പമാല അണിയിച്ചും, നെറ്റിയിൽ കുങ്കുമം ചാർത്തിയും വിദേശികളെ സ്വീകരിക്കാൻ നാട്ടുകാരായ നിരവധി സ്ത്രീകളുമെത്തിയിരുന്നു.

publive-image

കഴിഞ്ഞ 10-ാം തിയതി ഇന്ത്യയിലെത്തിയ സംഘം ഉത്തരേന്ത്യയിലും ചെന്നൈയിലും വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം രണ്ട് ദിവസം മുമ്പ് തേക്കടിയിലെത്തി.

ഇന്നലെ തേക്കടിയിൽ നിന്നും ആലപ്പുഴയ്ക്കുള്ള യാത്രക്കിടെയാണ് കാവാലിപ്പുഴക്കടവ് ബീച്ചിൽ ഇവരെത്തിയത്. ഫെയ്സ് ബുക്കിൽ നിന്ന് യാദൃശ്ചികമായി കാവാലിപ്പുഴക്കടവ് പഞ്ചാര മണൽപ്പരപ്പിനെക്കുറിച്ച് അറിഞ്ഞ ജയ് നാണ് ഇവിടെ എത്താൻ ഏറെ താൽപ്പര്യം പ്രകടിപ്പിച്ചത്."ജയ്നിന്റെ ആഗ്രഹം നിറവേറി എന്നതിനൊപ്പം ഇപ്പോൾ ഞങ്ങൾക്കും ആവേശം "- മറ്റ് മൂന്നു പേരും പറഞ്ഞു.

publive-image

വിവിധ ഭാഗങ്ങളിൽ നിന്ന് പഞ്ചാര മണൽ ബീച്ചിന്റെ സൗന്ദര്യം ചിത്രീകരിച്ച സംഘം ഇവിടെ നിന്നുള്ള ഒരു പിടി മണലും ശേഖരിച്ചാണ് മടങ്ങിയത്.

"ഇംഗ്ലണ്ടിൽ മാഞ്ചസ്റ്ററിലെ ഞങ്ങളുടെ ഗ്രാമത്തിലുള്ള ഏക പ്രൈമറി വിദ്യാലയത്തിലെ കൊച്ചു മ്യൂസിയ ത്തിൽ ഞങ്ങൾ ഈ മണൽ സൂക്ഷിക്കും. എന്നിട്ട് അവിടത്തെ പുതുതലമുറയോടു പറയും. ദൂരെ കൊച്ചു കേരളത്തിലെ ഒരു ആറ്റിൻ കരയിൽ ദൈവം സൃഷ്ടിച്ച ബീച്ചിലെ പവിത്രമായ മണലാണിതെന്ന് ....'' പൊട്ടിച്ചിരിയോടെ പറഞ്ഞു നിർത്തുമ്പോഴും ഇവരുടെ കണ്ണുകളിൽ കാവാലിപ്പുഴക്കടവിന്റെ വിസ്മയക്കാഴ്ചയുടെ ആവേശമായിരുന്നു.

publive-image

Advertisment