Advertisment

"എന്റെ കിടങ്ങൂര്‍ തേവരേ... എന്നെ കാത്തു... " ഉഷശ്രീ ദുര്‍ഗ്ഗാ പ്രസാദ് എന്ന ഗജവീരനും കിടങ്ങൂര്‍ തേവരും തമ്മിലുള്ള ബന്ധമങ്ങനെയാണ്

author-image
സുനില്‍ പാലാ
New Update

ന്നലെ കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമിയുടെ തിരുമുമ്പിലെ ആനക്കൊട്ടിലില്‍ മസ്തകവും കൊമ്പും തുമ്പിക്കൈയ്യുമുയര്‍ത്തി വാ ഉയര്‍ത്തിപ്പൊളിച്ച് 'ഉഷശ്രീ ദുര്‍ഗ്ഗാ പ്രസാദ്' ചിന്നം വിളിച്ചത് ഇതായിരിക്കില്ലേ...? കണ്ടുനിന്നവര്‍ അങ്ങനെ തന്നെ കരുതി.

Advertisment

ഉഷശ്രീ ദുര്‍ഗ്ഗാ പ്രസാദ് എന്ന ഗജവീരനും കിടങ്ങൂര്‍ തേവരും തമ്മിലുള്ള ബന്ധമങ്ങനെയാണ്.

publive-image

എത്രയോ കാലം ഭഗവാനെ ശിരസ്സിലേറ്റിയ ദുര്‍ഗ്ഗാ പ്രസാദ് കഴിഞ്ഞ നാല് വര്‍ഷമായി കടുത്ത വേദനയിലും ദുഖത്തിലുമായിരുന്നു; കേടായൊരു കൊമ്പ് ഇളകി നില്‍ക്കുന്നു. ഇതില്‍ നിന്ന് പഴുപ്പും ചലവും ഇറ്റിറ്റു വീഴുന്നു. ഇളകിയ കൊമ്പിനിടയില്‍ പഞ്ഞി വച്ച് വേദന കടിച്ചമര്‍ത്തി ഭഗവാനെ എഴുന്നള്ളിക്കുമ്പോഴും ഈ കരിവീരന്‍ പ്രാര്‍ത്ഥിച്ചു കാണും; "കിടങ്ങൂര്‍ തേവരേ എനിക്കീ വേദനയില്‍ നിന്നൊരു മോചനം തരണേ... !!!

അല്പം വൈകിയെങ്കിലും സുബ്രഹ്മണ്യസ്വാമി ഈ കൊമ്പനാനയുടെ കദന ജീവിതത്തിന് മോചനം കൊടുത്തു. ഒരാഴ്ച മുമ്പ് കൊമ്പ് താനേ ഇളകിപ്പോയി. ഒപ്പം കൊമ്പൊഴിഞ്ഞ കൊമ്പന്റെ തീരാവേദനയും ഊര്‍ന്നിറങ്ങി. ഇന്നലെ ഒഴിഞ്ഞ കൊമ്പിന്റെ സ്ഥാനത്ത് ഫൈബര്‍ കൊമ്പ് പിടിപ്പിച്ചു. കണ്ടാല്‍ ഒറിജിനലിനെ വെല്ലുന്ന കൊമ്പ് കിട്ടിയപ്പോള്‍ ഉഷശ്രീക്കും ഉത്സാഹം.

എന്തായാലും വേദന മാറിയല്ലോ. ആനയെ കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമിയെ ഒന്നു തൊഴീച്ചേക്കാമെന്ന് ഉടമ രവീന്ദ്രന്‍ നായര്‍ക്ക് തോന്നി. "കൊമ്പൂരി വേദന മാറിയാല്‍ അപ്പോള്‍ തന്നെ വന്നേക്കാം ഭഗവാനേ " എന്ന് ഒരു പക്ഷേ ദുര്‍ഗ്ഗാ പ്രസാദും നേര്‍ന്നിരിക്കാം.

ഇന്നലെ രാവിലെ കുളിപ്പിച്ച് കിടങ്ങൂര്‍ അമ്പലത്തിലേയ്ക്കുള്ള യാത്ര തുടങ്ങിയപ്പോള്‍ ഏറെ ഉത്സാഹത്തിലായിരുന്നു തന്റെ പ്രിയ 'കുട്ട' നെന്ന് പാപ്പാന്‍ അപ്പുവും ആഹ്ലാദത്തോടെ പറഞ്ഞു. രാവിലെ 8 മണിയോടെ പടിഞ്ഞാറേ നടവഴിയാണ് ദുർഗ്ഗാപ്രസാദ് ക്ഷേത്ര സന്നിധിയിലേയ്ക്ക് വന്നത്.

ഭഗവാന് മുന്നിലൂടെ മൂന്ന് പ്രദക്ഷിണം വച്ച് ഉപദേവതകളെയും തൊഴുത് തിരുനടയില്‍ വന്നു നിന്നപ്പോഴായിരുന്നു തുമ്പിക്കയും തലയും കൊമ്പുമുയര്‍ത്തിയുള്ള ദുര്‍ഗ്ഗാ പ്രസാദിന്റെ "ചിന്നംവിളിച്ചുള്ള പ്രാര്‍ത്ഥന ".

മൂന്ന് തവണ ചിന്നം വിളിച്ച് തല താഴ്ത്തിയപ്പോള്‍ കരിവീരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി..... ഇതാരും കാണാതെ, തോളിലെ തോര്‍ത്തുകൊണ്ട് ഒപ്പിയെടുക്കുമ്പോള്‍ പാപ്പാന്‍ അപ്പുവിനും വിതുമ്പല്‍; കാഴ്ചക്കാര്‍ക്കും നിറ മിഴികള്‍.

എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കൂടിയായ ഏറ്റുമാനൂര്‍ സ്വദേശി രവീന്ദ്രനാഥന്‍ നായരുടേതാണ് ഉഷശ്രീ ദൂര്‍ഗ്ഗാ പ്രസാദ് എന്ന കൊമ്പന്‍.

ഇളകിയ കൊമ്പിന്റെ കടുത്ത വേദനകള്‍ക്കിടയിലും തീവെട്ടികള്‍ക്ക് പിന്നില്‍ ...... ചെണ്ടമേളങ്ങള്‍ക്കിടയില്‍ ..... ഭഗവാനുമായി ദുര്‍ഗ്ഗാ പ്രസാദ് മണിക്കൂറുകളോളം കാത്തു നിന്നിട്ടുണ്ട്.

അടുത്ത ഉത്സവത്തിന് വേദനയില്ലാതെ ഭഗവാനെ എടുത്തു നില്‍ക്കാമല്ലോ എന്ന സന്തോഷ പ്രാര്‍ത്ഥനയോടെയാവണം മുക്കാല്‍ മണിക്കൂറോളം ക്ഷേത്രസന്നിധിയില്‍ ചിലവഴിച്ച ശേഷമുള്ള ദുര്‍ഗ്ഗാ പ്രസാദിന്റെ മടക്കയാത്ര.

Advertisment