Advertisment

കുത്താട്ടുകുളം-കുറവിലങ്ങാട്-കോട്ടയം റൂട്ടിലെ യാത്രാ ക്ലേശത്തിന് താല്‍ക്കാലിക പരിഹാരം

New Update

കോട്ടയം:  കൂത്താട്ടുകുളം - കോട്ടയം റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം ഉണ്ടാക്കുവാൻ, കെഎസ്ആർടിസി ഓർഡിനറി ചെയിൻസർവീസ് പുനരാരംഭിക്കുന്നു. കണ്ടക്ടർ ക്ഷാമത്തെ തുടർന്ന് നിറുത്തലാക്കിയ സർവീസാണ് ഇന്നു മുതൽ പുനരാരംഭിക്കാൻ തീരുമാനമെടുത്തിട്ടുള്ളത്.

Advertisment

ചെയിൻ സർവീസുകൾ സിംഗിൾ ഡ്യൂട്ടിയിൽ നിന്ന് മാറ്റി ഡബിൾ ഡ്യൂട്ടിയാക്കാനുള്ള അനുമതിയും സർവീസ് പുനരാരംഭിക്കുന്നതിന് അവസരമൊരുക്കി. സർവീസുകൾ കൃത്യമായി നടത്തിയാൽ എം സി റോഡിലെ അടക്കം ഹ്രസ്വദൂര യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകും.

ഇരുപത് മിനിറ്റ് ഇടവിട്ടാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. പകുതി സർവീസുകൾ പുതുവേലി, മോനിപ്പള്ളി, കുര്യനാട്, കുറവിലങ്ങാട് വഴി എംസി റോഡിലൂടെയും പകുതി സർവീസുകൾ വെളിയന്നൂർ, അരീക്കര, ഉഴവൂർ, കുര്യനാട്, കുറവിലങ്ങാട് വഴിയുമാണ് കോട്ടയത്തേക്ക് സർവീസ് നടത്തുക. ഓരോ ദിവസവും 22 സർവീസുകളാണ് നടത്തുക. 11 ബസുകൾ വെളിയന്നൂർ വഴിയും 11 ബസുകൾ നേരിട്ട് എംസി റോഡ് വഴിയും കോട്ടയത്തേക്കും തിരിച്ചും സർവീസ് നടത്തും.

രാവിലെ 5.20 മുതലാണ് കോട്ടയത്തേക്കുള്ള ചെയിൻ സർവീസ് ആരംഭിക്കുക. രാത്രി 8.20ന് കോട്ടയത്തേക്കുള്ള അവസാന ചെയിൻ പുറപ്പെടും. ആദ്യത്തെയും അവസാനത്തെയും ബസുകൾ എംസി റോഡിലൂടെയാവും സർവീസെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.

കോട്ടയത്തുനിന്ന് കൂത്താട്ടുകുളത്തേക്ക് രാവിലെ 7.10-നാണ് ആദ്യ സർവീസ്. രാത്രി ഒൻപതിന് അവസാന സർവീസ് പുറപ്പെട്ട് രാത്രി 10.40ന് കൂത്താട്ടുകുളത്തെത്തും. രാവിലെ 7.10ന് ഏറ്റുമാനൂർനിന്നു കുറവിലങ്ങാട് മോനിപ്പള്ളി വഴി കൂത്താട്ടുകുളത്തേക്ക് സർവീസ് ഉണ്ടാകും.

എംസി റോഡിൽ ബസുകളില്ലാതെ വന്നത് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഫെയർ സ്റ്റേജിന്‍റെ അഭാവം മൂലം കൂടുതൽ തുക നൽകി ഫാസ്റ്റിനെയും സൂപ്പർഫാസ്റ്റിനെയും ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു മോനിപ്പള്ളി, ആച്ചിക്കൽ, പുതുവേലി മേഖലയിലെ യാത്രക്കാർ.

കോട്ടയം ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന ബസുകളും സർവീസുകളും കൂത്താട്ടുകുളം, പിറവം ഡിപ്പോകൾക്ക് നൽകിയതോടെയാണ് റൂട്ട് മാറ്റവും സർവീസ് താളംതെറ്റലും പതിവായത്.

Advertisment