Advertisment

ദൈവമാതാവിന്റെ കുറവിലങ്ങാട്ടെ പ്രത്യക്ഷീകരണം: ആദ്യപുസ്തകം നാളെ പ്രകാശനം ചെയ്യും

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കുറവിലങ്ങാട്:  ആദ്യ നൂറ്റാണ്ടില്‍ തുടങ്ങുന്ന ക്രൈസ്തവ പാരമ്പര്യമുള്ള കുറവിലങ്ങാട്ടെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട ആദ്യ പുസ്തകം നാളെ പുറത്തിറങ്ങും. കുറയാതെ കാക്കുന്നവള്‍: കുറവിലങ്ങാട് മുത്തിയമ്മ എന്ന പേരിലുള്ള പുസ്തകം നാളെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്യും.

Advertisment

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ എന്നിവര്‍ പങ്കെടുക്കും. കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തിലെത്തുന്ന മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ കാര്‍മികത്വത്തില്‍ നാളെ രാവിലെ പത്തിനുള്ള കുര്‍ബാനയ്ക്ക് ശേഷമാണ് പുസ്തക പ്രകാശനം.

പത്രപ്രവര്‍ത്തകനും അധ്യാപകനുമായ ബെന്നി കോച്ചേരിയാണ് പുസ്തക രചന നടത്തിയത്. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലാണ് അവതാരികയെഴുതിയത്.

രണ്ട് ഭാഗങ്ങളായി തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തില്‍ കുറവിലങ്ങാട്ടെ ആറ് മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ വിവരിക്കുന്നുണ്ട്. ബ്രീട്ടീഷ് ലൈബ്രറിയിലടക്കം സൂക്ഷിച്ചിട്ടുള്ള പുസ്തകങ്ങളുടെ പരാമര്‍ശമടക്കം ഉള്‍ക്കൊള്ളിച്ചാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

അലക്‌സിസ് ഡേം മേനേസിസ് മെത്രാപ്പോലീത്തയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ജേര്‍നാദ, ഫ്രാന്‍സിസ് റോസ് മെത്രാന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് എന്നിവയില്‍ പരാമര്‍ശിക്കുന്ന രണ്ട് പ്രത്യക്ഷീകരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗുവായ, വിചെന്‍സേ ദേ മരിയ എന്നിവരുടെ രചനകളില്‍ പരമാര്‍ശമുണ്ടെങ്കിലും കുറവിലങ്ങാട്ടെ മരിയന്‍ പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെട്ട് ആധികാരിക ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്നില്ല.

മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ക്കൊപ്പം കുറവിലങ്ങാടിന്റെ ആനുകാലിക പ്രസക്തികളും ഗ്രന്ഥത്തില്‍ അനാവരണം ചെയ്യുന്നുണ്ട്.

കുറവിലങ്ങാട് : ഉറവയും ഉറവിടവും എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും കുറവിലങ്ങാട് ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളുടേയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഡയറക്ടറിയുടെ പ്രകാശനവും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും.

Advertisment