Advertisment

എം.ജി ബിരുദഫലം: കുറവിലങ്ങാട് ദേവമാതാ കോളജിന് 69 എ പ്ലസുകള്‍

New Update

കുറവിലങ്ങാട്:  എം.ജി സര്‍വകലാശാല ബിരുദ പരീക്ഷയില്‍ ദേവമാതാ കോളജിന് 69 എ പ്ലസുകളോടെ ഉജ്ജ്വല വിജയം. ഒന്‍പത് ബിരുദ കോഴ്‌സുകളിലായി ആദ്യത്തെ മൂന്ന് റാങ്കുകളില്‍ മൂന്നെണ്ണമടക്കം നേടിയാണ് ദേവമാതാ കോളജിലെ മിടുക്കരുടെ ഈ വര്‍ഷത്തെ മുന്നേറ്റം. സര്‍വകലാശാലയിലെ ഒന്നാം റാങ്കടക്കം ദേവമാതായിലെക്ക് ഇക്കുറി വിരുന്നെത്തി.

Advertisment

എല്ലാ വിഷയങ്ങളിലും ഉന്നത വിജയശതമാനം നേടിയ കോളജിലേക്ക് ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലൂടെയാണ് സര്‍വകലാശാലയിലെ ഒന്നാം റാങ്ക് വിരുന്നെത്തിയത്. കോളജിലെ ആരതി ബാബുവാണ് ഒന്നാം റാങ്ക് നേടിയത്.

ബികോമിനൊപ്പം ബി.എ ഇംഗ്ലീഷ് ത്രിമെയിനിലും മലയാളത്തിലും സര്‍വകലാശാലയിലെ ആദ്യ റാങ്കുകള്‍ ദേവമാതായിലേക്ക് എത്തിയിട്ടുണ്ട്. ബി.എ ഇംഗ്ലീഷ് ത്രീമെയിനില്‍ ആഷ്‌ലി കാതറിന്‍ ജോണും ബി.എ മലയാളത്തില്‍ അമല ട്രീസ ജയിസും മൂന്നാം റാങ്കുകള്‍ നേടി.

ഒന്നാം റാങ്കിനൊപ്പം പ്രധാന 15 റാങ്കുകളും ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ദേവമാതായിലെ വിദ്യാര്‍ത്ഥികള്‍ കൈപ്പിടിയിലൊതുക്കി. ബികോം കപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ 16 വിദ്യാര്‍ത്ഥികളാണ് എ പ്ലസ് തിളക്കത്തില്‍ ബിരുദം നേടിയത്.

എ പ്ലസുകളില്‍ കോളജില്‍ കൂടുതല്‍ തിളക്കം ഇക്കുറി ബിഎസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥികള്‍ക്കാണ്. 17 വിദ്യാര്‍ത്ഥികളാണ് കെമിസ്ട്രിയില്‍ എ പ്ലസ് നേടിയത്. മാത്തമാറ്റിക്‌സില്‍ 11, ഫിസിക്‌സില്‍ 10, സുവോളജിയില്‍ ഏഴ്, ബോട്ടണിയില്‍ രണ്ട് എന്നിങ്ങനെയാണ് ബിഎസ്‌സിയിലെ എ പ്ലസുകളുടെ എണ്ണം. സയന്‍സിനൊപ്പം ആര്‍ട്‌സിലും എ പ്ലസുകള്‍ കോളജിലേക്ക് ഇക്കുറിയും എത്തി. ബിഎ ഇക്കണോമിക്‌സില്‍ മൂന്നു വിദ്യാര്‍ത്ഥികളും ബിഎ മലയാളത്തില്‍ രണ്ട് വിദ്യാര്‍ത്ഥിളും എ പ്ലസ് നേടിയവരുടെ പട്ടികയിലാണ്.

ബികോമില്‍ കപ്യൂട്ടര്‍ ആപ്ലിക്കേഷനൊപ്പം ഫിനാന്‍സ് ആന്റ് ടാക്‌സേഷനിലും എ പ്ലസുകള്‍ നേടിയിട്ടുണ്ട്. ഫിനാന്‍സ് ആന്റ് ടാക്‌സേഷനില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ എ പ്ലസ് ജേതാക്കളാണ്.

വിജയികളെ മാനേജര്‍ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. ജോജോ കെ. ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ അഭിനന്ദിച്ചു.

Advertisment