Advertisment

പഴമയുടെ തനിമയില്‍ പാക്കില്‍ വാണിഭത്തെ അടുത്തറിഞ്ഞു കുട്ടിക്കൂട്ടം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

മരങ്ങാട്ടുപിള്ളി:  മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ ഗുരുകുലം പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് പാക്കില്‍ സംക്രമ വാണിഭത്തിന് എത്തി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മാത്രംപോയി ശീലമുള്ള കുട്ടികള്‍ക്ക് തികച്ചും വ്യത്യസ്തമായ പാക്കില്‍ വാണിഭം നേരില്‍ കണ്ടു മനസ്സിലാക്കാനും, ഒപ്പം പഴമക്കാര്‍ ഉപയോഗിച്ചിരുന്ന പല കാര്‍ഷിക ഉപകരണങ്ങളും, വീട്ടുഉപകരണങ്ങളും കണ്ടറിയാനും, അവയുടെ ഉപയോഗത്തെക്കുറിച്ചും, മേന്മകളെക്കുറിച്ചും, പ്രകൃതി സൗഹൃദമായി ഇവ എങ്ങനെ ഉപയോഗിക്കാമെന്നും, ഉല്പാദകരില്‍ നിന്ന് തന്നെ നേരിട്ട് വിദ്യാര്‍ത്ഥികള്‍ പഠിച്ചു.

Advertisment

publive-image

അടുക്കളയിലേക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെ കടയില്‍ കയറിയ കുട്ടികള്‍ കണ്ടതാകട്ടെ സ്ഥിരം കണ്ടുമടുത്ത അലൂമിനിയം -സ്റ്റീല്‍ പാത്രങ്ങളില്‍ നിന്നും വത്യസ്തമായി ചിരട്ട കൊണ്ടുള്ള 'ചിരട്ടപുട്ട് കുറ്റി' യും, മുളകൊണ്ട് ഉണ്ടാക്കിയ പുട്ടുകുറ്റിയും, തൈര് കടയുന്ന 'കടകോലും', പാത്രങ്ങള്‍ അടുക്കളയില്‍ തൂക്കിയിടുവാന്‍ ഉപയോഗിച്ചിരുന്ന കയര്‍ കൊണ്ട് നിര്‍മ്മിച്ച 'ഉറിയും' ഒക്കെയാണ്.

പ്ലാസ്റ്റിക് പായ് മാത്രം കണ്ടു മടുത്ത കുട്ടികള്‍ക്ക് മുന്‍പില്‍ അദ്ധ്യാപകര്‍ പരിചയപ്പെടുത്തിയതാകട്ടെ 'തഴപ്പായ്', തഴപ്പായ് എങ്ങിനെയാണ് നിര്‍മ്മിക്കുന്നത് എന്ന് ഇരുപത് വര്‍ഷമായി ഈ മേഖലയില്‍ പരിചയ സമ്പത്തുള്ള തങ്കപ്പന്‍ ചേട്ടന്‍ കുട്ടികള്‍ക്ക് വിവരിച്ചു കൊടുത്തു.

publive-image

കൈത കൃഷിയില്‍ കൈതമുള്ള് കൊള്ളാതെ വെട്ടി ഒരുക്കാന്‍ പ്രത്യേകം നിര്‍മ്മിച്ച വാക്കത്തി, വിവിധ തരം മണ്‍പാത്രങ്ങള്‍, മണ്‍കുടങ്ങള്‍, കയര്‍ കൊണ്ട് കൊണ്ട് നിര്‍മ്മിച്ച 'ചവിട്ടി', വിവിധ തരം കുട്ടകള്‍, വട്ടികള്‍, മുറങ്ങള്‍ എല്ലാം പുതുമ നിറഞ്ഞ അനുഭവങ്ങള്‍ ആയിരുന്നു. വിവിധ തരത്തിലുള്ള മുറങ്ങള്‍ കണ്ടപ്പോള്‍ അവ ഒന്ന് പിടിച്ചു നോക്കിയാലോ എന്നായി പെണ്‍കുട്ടികള്‍, ഒപ്പം അവയുടെ ഉപയോഗം അറിയാത്തവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് മുറങ്ങള്‍ക്കിടയില്‍ കണ്ട ചാണകം മെഴുകിയ 'ഈറമുറം' തികച്ചും വ്യത്യസ്തമായിരുന്നു.

publive-image

തേനി നിന്നും എത്തിയ കലാവതി ചേച്ചിയുടെ തമിഴ് കലര്‍ന്ന മലയാളത്തില്‍ കുട്ടികള്‍ക്കായി ഒരുക്കിയ 'പാചക ക്ലാസില്‍' കപ്പ കൊണ്ട് ഉണ്ടാക്കിയ വിവിധ പലഹാരങ്ങളും, വിവിധ തരം നിലക്കടലകള്‍ കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങളും കുട്ടികള്‍ പരിചയപ്പെട്ടു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ ജോര്‍ജ്, ഡയറക്ടര്‍ റ്റിനു രാജേഷ്, അദ്ധ്യാപകരായ ബേബികുട്ടി കെ. സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisment