Advertisment

പാലായില്‍ ഗാന്ധി സ്‌ക്വയറും ഗാന്ധി പ്രതിമയും സ്ഥാപിക്കാന്‍ നഗരസഭ അനുമതി നല്‍കി. പ്രതിമ സ്ഥാപിക്കുക കോടതി സമുച്ചയത്തിന് മുന്നില്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  ഗാന്ധിജിയുടെ 150 മത് ജന്മവാര്‍ഷികത്തോടനുബന്ധിച്ചു പാലായില്‍ ഗാന്ധി പ്രതിമയും ഗാന്ധി സ്‌ക്വയറും നിര്‍മ്മിക്കാന്‍ നഗരസഭാ കൗണ്‍സില്‍ അനുമതി നല്‍കി. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് സമര്‍പ്പിച്ച അപേക്ഷയെത്തുടര്‍ന്നാണ് ഗാന്ധി സ്‌ക്വയര്‍ നിര്‍മ്മിക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന അംഗീകാരം നല്‍കിയത്. ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

നഗരസഭയുടെ ഉടമസ്ഥതയില്‍ മൂന്നാനിയിലുള്ള കോടതി സമുച്ചയത്തിലേയ്ക്കുള്ള വഴിയിലാണ് ഗാന്ധി സ്‌ക്വയര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 50 അടി വീതിയിലും 200 അടിയിലേറെ നീളത്തിലുമുള്ള റോഡിന്റെ മധ്യഭാഗത്ത് 12 അടി സ്‌ക്വയറിലാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്.

നിര്‍ദ്ദിഷ്ട ഗാന്ധി സ്‌ക്വയറിന് ഇരുവശത്തുകൂടിയും 19 അടി വീതം സ്ഥലമുള്ളതിനാല്‍ കോടതി സമുച്ചയത്തിലേയ്ക്കുള്ള ഗതാഗതത്തിനും തടസ്സമാവില്ല. വെങ്കലത്തിലും ചെമ്പിലുമായി പൊതുജന സഹകരണത്തോടെയാവും ഫൗണ്ടേഷന്‍ പ്രതിമ തയ്യാറാക്കുന്നത്. പ്രതിമാ നിര്‍മ്മാണത്തിനുശേഷം പരിപാലന ചുമതലയും ഫൗണ്ടേഷന്‍ നിര്‍വ്വഹിക്കും.

സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട സ്മാരകങ്ങളൊന്നും പാലായില്‍ നിലവില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ഗാന്ധിജിയുടെ 150 മത് ജന്മദിന സ്മാരകമായി ഗാന്ധിസ്‌ക്വയറും ഗാന്ധി പ്രതിമയും സ്ഥാപിക്കുവാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചതെന്നു ചെയര്‍മാന്‍ എബി ജെ. ജോസ് സെക്രട്ടറി സാംജി പഴേപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

പ്രശസ്ത ശില്പി എറണാകുളം സ്വദേശി കെ.എസ്. ശെല്‍വരാജാണ് പ്രതിമ നിര്‍മ്മിക്കുന്നത്. അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് വൈസ് ചെയര്‍ ബാബു വര്‍ഗ്ഗീസിന്റെ മേല്‍നോട്ടത്തില്‍ എഞ്ചിനീയര്‍ എസ്. രാജേഷ് ഗാന്ധിസ്‌ക്വയറിന്റെ ഡിസൈന്‍ തയ്യാറാക്കും.

ചരിത്രപരമായ തീരുമാനമെടുത്ത പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോയെയും നഗരസഭാ കൗണ്‍സില്‍ അംഗങ്ങളെയും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ അഭിനന്ദിച്ചു.

Advertisment