Advertisment

കരിങ്കല്ല് കൊള്ള: വിവാദം കൊഴുക്കുന്നു. ആരോപണം അടിസ്ഥാന രഹിതമെന്ന് കടനാട് പഞ്ചായത്ത് പ്രസിഡൻറ്

author-image
സുനില്‍ പാലാ
New Update

പാലാ:  കടനാട് പഞ്ചായത്തിലെ നീലൂര്‍- ഞള്ളിക്കുന്ന്- പൊട്ടന്‍പ്ലാവ് നിരപ്പ് റോഡ് നിര്‍മ്മാണത്തെ സംബന്ധിച്ച് വിവാദം കൊഴുക്കുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി യുഡിഎഫും എല്‍ഡിഎഫും നാട്ടുകാരും രംഗത്തെത്തി.

Advertisment

ഇതു സംബന്ധിച്ച് യു.ഡി.എഫ്. ഉയർത്തുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌സണ്‍ പുത്തന്‍കണ്ടവും കടനാട് പഞ്ചായത്ത് എല്‍.ഡി.എഫ് ഭരവാഹികളും അറിയിച്ചു.

റോഡിന്റെ ആവശ്യത്തിനായി പൊട്ടിച്ച കരിങ്കല്ലുകളില്‍ ഒന്നുപോലും പുറത്തുപോയിട്ടില്ലെന്നും റോഡിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ ശേഷമുള്ളവ അവിടെ വശങ്ങളില്‍ കൂട്ടിയിട്ടിട്ടുണെന്നും ഇത് ആര്‍ക്കും നേരില്‍കണ്ട് ബോധ്യപ്പെടാവുന്നതാണെന്നും ജെയ്സൺ പറഞ്ഞു.

യുഡിഎഫ് അംഗങ്ങൾ കൂടി ഉള്‍പ്പെട്ട നാല് ഗ്രാമസഭകളില്‍ നാട്ടുകാര്‍ റോഡ് ഗതാഗതയോഗ്യമാണമെന്ന ആവശ്യം ഉന്നയിച്ചതാണ്. അന്നൊക്കെ ഉറപ്പ് നല്‍കിയ യു.ഡി.എഫ് നേതാക്കളാണ് ഇപ്പോള്‍ റോഡ് നിര്‍മ്മാണത്തിന് തടസം നില്‍ക്കുന്നത്.

112 പേര്‍ ഒപ്പിട്ട് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ചചെയ്ത് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളതാണ്. അന്ന് പങ്കെടുത്ത യുഡിഎഫ് അംഗങ്ങള്‍ മിനിട്ട്‌സ് ഒപ്പിട്ട് നല്‍കിയത് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ഇത് അറിഞ്ഞില്ലെന്ന വാദം പൊള്ളയാണെന്നും പ്രസിഡൻറ് പറഞ്ഞു.

നിര്‍മ്മാണത്തിനിടെ കഴിഞ്ഞ ജൂലൈയിലാണ് പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ച് പ്രദേശത്ത് കല്ലുകള്‍ ഉണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ മാത്രമേ പാറപൊട്ടിക്കാവൂ എന്നും അറിയിച്ചതിനെ തുടര്‍ന്നാണ് നിര്‍മ്മാണം നിര്‍ത്തിവെച്ചത്.

ഇക്കാലയളവിലൊന്നും യാതൊരു ആരോപണവും ഉയര്‍ത്താത്ത പ്രതിപക്ഷം ഇപ്പോള്‍ കാണിക്കുന്നത് ആസന്നമായ തെരഞ്ഞെടുപ്പിനു വേണ്ടിയാണെന്നും ജെയ്‌സണ്‍ പറഞ്ഞു.

ഇതേ സമയം വിവാദങ്ങൾ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നതാണ് ആവശ്യമെന്നും പ്രദേശവാസികള്‍ ഉള്‍പ്പെടുന്ന ഞള്ളിക്കുന്ന് റോഡ് വികസന സമിതി ആവശ്യപ്പെട്ടു.

ആറ് വര്‍ഷത്തോളമായി പണി മുടങ്ങിക്കിടക്കുന്ന റോഡില്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്. വഴിപണിയുമായി ബന്ധപ്പെട്ട് നീക്കിയിട്ടുള്ള കല്ലും മണ്ണും ഉപയോഗത്തിന് ശേഷമുള്ളത് പ്രദേശങ്ങളില്‍ കൂട്ടിയിട്ടിട്ടുണ്ട്.

രാഷ്ട്രീയ കാരണങ്ങളാല്‍ പഞ്ചായത്തംഗങ്ങള്‍ തമ്മിലുള്ള വ്യക്തിവിരോധമാണ് പണി മുടങ്ങുന്നത് കാരണം. റോഡ് പണിയുടെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും സമിതി അംഗങ്ങൾ പറയുന്നു.

Advertisment