Advertisment

'വിവാഹ'ത്തിന് ഉത്തരം പറയാതെ ബിഷപ്പ് കല്ലറങ്ങാട്ട്. പരിഹാരവുമായി ബർക്കുമാൻസ് അച്ചൻ

author-image
സുനില്‍ പാലാ
Updated On
New Update

പാലാ:  'വിവാഹം' എന്ന കടംകഥയ്ക്ക് ഉത്തരം പറയാതെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഒഴിഞ്ഞു മാറിയപ്പോൾ 'പരിഹാര ഉത്തര'വുമായി പാലാ രൂപതാ കോ-ഓപ്പറേറ്റീവ് സെക്രട്ടറി റവ.ഡോ. ബർക്കുമാൻസ് കുന്നുംപുറം !

Advertisment

ഇരുവരെയും ഇരുത്തി ചിന്തിപ്പിച്ചതിന്റെ ക്രഡിറ്റ് പാലാ സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആഗ്നസ് തോമസിനും സ്വന്തം.

publive-image

സെന്റ് മേരീസ് സ്കൂളിന്റെ 97-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നൂ ബിഷപ്പ് കല്ലറങ്ങാട്ട്. ഉദ്ഘാടന പ്രസംഗത്തിൽ, പെൺകുട്ടികൾ വീട്ടിൽ അടുക്കളയിൽ കയറണമെന്നും, അമ്മമാരെ സഹായിക്കണമെന്നുമൊക്കെ ഉപദേശിച്ച ബിഷപ്പ് , ഒരു സമ്മേളനത്തിൽ മുൻ രാഷ്ട്രപതി അബ്ദുൽ കലാം വിദ്യാർത്ഥികളോട് ചോദ്യം ചോദിച്ചതും നല്ല ചോദ്യം ചോദിച്ച കുട്ടിയെ അഭിനന്ദിച്ച കാര്യവുമൊക്കെ പറഞ്ഞു.

ഇതിന്റെ ചുവടുപിടിച്ച് ഈ സ്കൂളിലെ ഏതെങ്കിലും മിടുക്കികൾക്ക് ഏതു ചോദ്യവും ഇപ്പോൾ ചോദിക്കാമെന്ന് ബിഷപ്പ് കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു. ആദ്യം ആരും തയ്യാറായില്ല. ഒടുവിൽ രണ്ടും കൽപ്പിച്ച് വേദിക്കു മുന്നിലേക്കു വന്ന ആഗ്നസിനെ സഹപാഠികളും അധ്യാപകരും കയ്യടിയോടെ പ്രോത്സാഹിപ്പിച്ചു.

''പിതാവേ, ഞാനൊരു കടംകഥയാണ് ചോദിക്കുന്നത്. ഒരു മലയാളം വാക്ക്. പക്ഷേ അതിന്റെ ആദ്യ അക്ഷരം ഇംഗ്ലീഷിലുമുണ്ട്. രണ്ടാം അക്ഷരം നമ്മുടെ ശരീരത്തിലെ അവയവും, മൂന്നാമത്തേത് ഹിന്ദിയിൽ ഉപയോഗിക്കുന്ന ഒരു വാക്കുമാണ്. ഇവ കൂടിച്ചേർന്നാൽ നമ്മൾ "കഴിക്കാറുണ്ട് "; പക്ഷേ ഭക്ഷണമല്ല .... "

publive-image

ആഗ്നസ് തോമസിന്റെ ചോദ്യം രണ്ടു തവണ കൂടി ആവർത്തിച്ചു കേട്ടെങ്കിലും ബിഷപ്പ് കല്ലറങ്ങാട്ടിന് ഉത്തരം പറയാൻ കഴിഞ്ഞില്ല. തന്ത്രപൂർവ്വം ഒഴിഞ്ഞുമാറാനായി മൈക്ക് കയ്യിലെടുത്ത് ബിഷപ്പ് പറഞ്ഞു, ; "നമ്മുടെ വിദ്യാഭ്യാസ കാര്യങ്ങളുടെയെല്ലാം ചുമതല ബർക്കുമാൻസ് അച്ചനാണ്. അതു കൊണ്ട് ഈ ചോദ്യത്തിനുത്തരം അച്ചൻ പറയും..." കാണികളുടെ പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ബിഷപ്പ് , സീറ്റിലേക്ക് മടങ്ങി; റവ.ഡോ. ബർക്കുമാൻസ് കുന്നുംപുറം മൈക്കിനു മുന്നിലേയ്ക്കും.

ആഗ്നസ് ചോദ്യം ഒന്നുകൂടി ആവർത്തിച്ചു; തൊട്ടു പിന്നാലെയെത്തി ബർക്കു മാൻസ് അച്ചന്റെ ഉത്തരം; "വിവാഹം"!!

അച്ചനും ആഗ്നസിനും കുട്ടികളുടെ നിറഞ്ഞ കയ്യടി.

ചോദ്യം ചോദിച്ച് തന്നെ കുഴപ്പിച്ച മിടുക്കിയെ ബിഷപ്പ് കല്ലറങ്ങാട്ട് പിന്നീട് അരികിൽ വിളിച്ചഭിനന്ദിച്ചു.

സമ്മേളനത്തിൽ, വിരമിക്കുന്ന പ്രിൻസിപ്പൽ സിസ്റ്റർ റാണി ഞാവള്ളി, ഹെഡ്മിസ്ട്രസ് സിസ്റ്റർ റെയ്ന ജോസ്, അധ്യാപകരായ എ.ജെ.ദേവസ്യ, നിർമ്മല മാത്യു, ആൻസി തോമസ്, സിസ്റ്റർ അൻസ എന്നിവർക്ക് യാത്രയയപ്പും നൽകി.

മാനേജർ ഫാ.ജോൺസൺ പുള്ളീറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം മുഖ്യ പ്രഭാഷണം നടത്തി. പാലാ നഗരസഭാ ചെയർപേഴ്സൻ ബിജി ജോജോ കുടക്കച്ചിറ ഫോട്ടോ അനാച്ഛാദനം ചെയ്തു.

സിസ്റ്റർ ഡോ.ഗ്രയ്സ് മുണ്ടപ്ലാക്കൽ ഉപഹാര സമർപ്പണം നിർവ്വഹിച്ചു. പാലാ ഡി.ഇ.ഒ. വി.കെ. ഹരിദാസ്, പി.ടി.എ. നേതാക്കളായ സെബി പറമുണ്ട, എബി.ജെ.ജോസ്, ഷൈൻ ജേർജ് തുടങ്ങിയവർ ആശംസകൾ നേർന്നു. വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.

Advertisment