Advertisment

കിസ്‌കോ കരിയര്‍ ഹൈറ്റ്‌സില്‍ വിജയാഘോഷവും കരിയര്‍ ഡ്രീംസ് കോളേജിന്റെ ഉദ്ഘാടനവും 21ന്

New Update

കേന്ദ്ര ഗവണ്‍മെന്റില്‍ സിവില്‍ സര്‍വ്വീസസിന് തൊട്ടുതാഴെയുള്ള ഓഫീസര്‍ പോസ്റ്റുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കമ്പയിന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന "കിസ്‌കോ കരിയര്‍ ഹൈറ്റ്‌സ്" ചരിത്രത്തിലേക്ക്.

Advertisment

പതിനഞ്ച് ലക്ഷം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത, നാല് തലത്തില്‍ നടത്തിയ എസ്.എസ്.സി.-സി.ജി.എല്‍. പരീക്ഷയില്‍ രണ്ടാം റാങ്കോടുകൂടി ആശിഷ് ജെ. ഓണാട്ട് കേരളത്തിന് അഭിമാനമായി.

എസ്.എസ്.സി. പരീക്ഷയുടെ ചരിത്രത്തില്‍ ഇദംപ്രഥമായാണ് ഇത്രയും ഉയര്‍ന്ന റാങ്ക് കേരളത്തിന് കിട്ടുന്നതെന്ന് കിസ്ക്കോ കരിയർ ഹൈറ്റ്സ് ചെയർമാൻ അഡ്വ. ജോർജ്. സി. കാപ്പൻ, ഡയറക്ടർമാരായ പ്രൊഫ. പയസ് ഒഴാക്കൽ, പ്രൊഫ.മാത്യു.ജെ. മുരിക്കൻ, പ്രൊഫ. ടോമി ചെറിയാൻ, ജോർജ് കരുണയ്ക്കൽ എന്നിവർ പാലായിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

publive-image

മറ്റ് പല ഉന്നത റാങ്കുകളും കരിയര്‍ ഹൈറ്റ്‌സിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. ടോണി മാത്യു, കിരണ്‍ ജോസ് എന്നിവര്‍ ഗസറ്റഡ് പോസ്റ്റായ അസി. ഓഡിറ്റ് ഓഫീസര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഇന്‍സ്‌പെക്ടര്‍ ഓഫ് പോസ്റ്റിലേക്ക് ജിമി ജോര്‍ജ്ജിനെയും ഇന്‍കംടാക്‌സ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് ചിക്കു ജെയിംസിനെയും എക്‌സൈസ് ആൻറ് കസ്റ്റംസ് ഓഫീസര്‍ പോസ്റ്റിലേക്ക് നിബിന്‍ പുന്നൂസ് ഐപ്പിനെയും ജിതിന്‍ ജോസഫിനെയും തെരഞ്ഞെടുത്തു.

നാല് വര്‍ഷം മുമ്പ് പാലാ കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ബാങ്കിംഗ് ഇതര പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായി ആരംഭിച്ച കിസ്‌കോ കരിയര്‍ ഹൈറ്റ്‌സിന് ഇതിനോടകം കേന്ദ്ര-സംസ്ഥാന തലത്തിലും റെയില്‍വേസ്, ബാങ്കിംഗ്, ഡിഫന്‍സ്, ഇന്‍ഷുറന്‍സ്, എയര്‍പോര്‍ട്ട് മുതലായ മേഖലകളിലും 114 വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കി.

മികച്ച ടീം വര്‍ക്കും മാതൃകാപരമായ നേതൃത്വവും ഉന്നത നിലവാരം പുലര്‍ത്തുന്ന പരിശീലനവും പഠനസൗകര്യവുമാണ് വിജയശതമാനം ഇത്രത്തോളം കൂട്ടുവാന്‍ സാധിച്ചത്.

2019 ജൂലൈയിൽ കരിയര്‍ ഹൈറ്റ്‌സ് ഇടപ്പാടിയില്‍ കരിയര്‍ ഡ്രീംസ് കോളേജ് എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞ കുട്ടികള്‍ക്കായി ഡിഗ്രിയോടൊപ്പം, സിവില്‍ സര്‍വ്വീസ്, സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ മേഖലകളിലെ ജോലികള്‍ക്കായി മൂന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന തീവ്രപരിശീലനവും നല്‍കുന്ന ബാച്ചുകള്‍ ആരംഭിച്ചു.

4 നിലകളിലായി ഇരുപതിനായിരത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഈ മന്ദിരത്തിന്റെ ഉദ്ഘാടനവും നാളെ നടക്കും.

ശനിയാഴ്ച രാവിലെ 11 മണിക്ക് കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തിലാണ് വിജയാഘോഷ പരിപാടികള്‍ നടത്തുന്നത്.

അഡ്വ. ജോര്‍ജ്ജ് സി കാപ്പന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിജയാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ സി.ജി.എല്‍. പരീക്ഷയില്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് നേടിയ ആശിഷ് ജെ. ഓണാട്ടിന് 'പ്രൈഡ് ഓഫ് കേരള അവാര്‍ഡ്' സമ്മാനിക്കുകയും ചെയ്യും.

കരിയര്‍ ഡ്രീംസ് കോളേജിന്റെ ഉദ്ഘാടനം മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കും. ജോസ് കെ. മാണി എം.പി.യും മാണി സി. കാപ്പന്‍ എം.എല്‍.എ.യും ഉന്നതവിജയം കരസ്ഥമാക്കിയവരെ ആദരിക്കും. എ.ഡി.ജി.പി. ഡോ. ബി. സന്ധ്യ ഐ.പി.എസ്. മുഖ്യപ്രഭാഷണം നടത്തും.

മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ ആശംസാപ്രസംഗം നടത്തുകയും ചെയ്യുമെന്ന് കിസ്‌കോ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് സി. കാപ്പന്‍, കിസ്‌കോ കരിയര്‍ ഹൈറ്റ്‌സ് ഡയറക്ടര്‍മാരായ പ്രൊഫ. പയസ് ഒഴാക്കല്‍, പ്രൊഫ. ടോമി ചെറിയാന്‍, പ്രൊഫ. മാത്യു ജെ. മുരിക്കന്‍, ജോര്‍ജ്ജ് കരുണയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.

Advertisment