ഇന്‍ഡ്യന്‍ ഫുട്‌ബോളില്‍ പാലാ ഇടം കണ്ടെത്തും: ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍

ന്യൂസ് ബ്യൂറോ, പാലാ
Wednesday, May 15, 2019

പാലാ:  ഇന്ത്യയുടെ ഫുട്‌ബോള്‍ ഭൂപടത്തിലേയ്ക്ക് പാലായുടെ പേരും ചേര്‍ത്തു വായിക്കാന്‍ അധികകാലം വേണ്ടി വരില്ലെന്നു ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. അംഗീകാരമുള്ള വിദേശ കോച്ചുമാരുടെ കീഴില്‍ പരിശീലനം നടത്തുമ്പോള്‍ കായിക മികവ് വര്‍ദ്ധിക്കുമെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ഗ്രാസ്‌റൂട്ട് ഡേയുടെ ഭാഗമായി പാലാ സ്‌പോര്‍ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബും സ്‌കോര്‍ ലൈന്‍ സ്‌പോര്‍ട്ട്‌സും ചേര്‍ന്നു പാലായിലെ ചെറിയാന്‍ ജെ. കാപ്പന്‍ സ്മാരക മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ജേക്കബ് മുരിക്കന്‍. സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരന്മാരെ സൃഷ്ടിക്കാന്‍ കായിക മേഖലയ്ക്ക് സാധിക്കുമെന്നും ബിഷപ് പറഞ്ഞു.

പോര്‍ച്ചുഗീസ് കോച്ച് ജാവോ പെഡ്രോയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒന്നര മാസമായി പാലായില്‍ നടത്തിവരുന്ന ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്ന ആറു വയസിനും 12 വയസിനും ഇടയില്‍ പ്രായമുള്ള 100ല്‍ പരം കുട്ടികളാണ് ഫുട്‌ബോള്‍ ഫെസ്റ്റില്‍ പങ്കെടുത്തത്. കുട്ടികളെ പത്തു ടീമായി തിരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫുട്‌ബോള്‍ കളിയില്‍ പരിശീലിച്ച വിവിധ ഘട്ടങ്ങള്‍ ഫെസ്റ്റില്‍ പങ്കെടുത്ത കുട്ടികള്‍ അവതരിപ്പിച്ചു.

എ.വി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി, പോര്‍ച്ചുഗല്‍ കോച്ച് ജാവോ പെഡ്രോ, സന്തോഷ് ട്രോഫി കോച്ച് മില്‍ട്ടണ്‍ ആന്റണി, ഇന്‍ഡ്യന്‍ നേവി കോച്ച് എം എം ലോറന്‍സ്, ജോസ് പുളിക്കന്‍, എബി ജെ. ജോസ്, കെ. അനൂപ്, അനില്‍ ഇ.സി. എന്നിവര്‍ സംസാരിച്ചു.

×