Advertisment

കടപ്പാട്ടൂര്‍ ഇടത്താവളം ഒരുങ്ങി. സര്‍ക്കാര്‍ തലത്തിലുള്ള അവലോകനം നടന്നില്ലെങ്കിലും ഒന്നിലും കുറവുവരുത്തുന്നില്ലെന്ന് ദേവസ്വം ഭരണസമിതി

author-image
സുനില്‍ പാലാ
New Update

പാലാ:  സര്‍ക്കാര്‍ തലത്തിലുള്ള ഇടത്താവള അവലോകന യോഗം ഇത്തവണ നടന്നില്ലെങ്കിലും ശബരിമല തീര്‍ത്ഥാടകര്‍ക്കായി കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.

Advertisment

മുന്‍ വര്‍ഷങ്ങളിലെല്ലാം മണ്ഡലകാലത്തിന് ഒരാഴ്ച മുന്നെ തന്നെ ശബരിമല തീര്‍ത്ഥാടന അവലോകന യോഗങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്താറുണ്ടായിരുന്നു. പാലാ ആര്‍.ഡി.ഒ.യ്ക്കായിരുന്നു ഇതിന്റെ ചുമതല. കടപ്പാട്ടൂര്‍ ഇടത്താവളത്തിലേക്കായി അഞ്ചുലക്ഷം രൂപ മുത്തോലി പഞ്ചായത്ത് വഴി മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നത് ഇത്തവണ ഇതേവരെ കിട്ടിയിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍ പറഞ്ഞു.

publive-image

ബുധനാഴ്ച 'വിശ്വമോഹനം' എന്ന പേരില്‍ കടപ്പാട്ടൂര്‍ ഇടത്താവള പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്ന് ദേവസ്വം ഭാരവാഹികളായ സി.പി. ചന്ദ്രന്‍നായര്‍, എസ്.ഡി. സുരേന്ദ്രന്‍ നായര്‍, വി. ഗോപിനാഥന്‍ നായര്‍, സി.ആര്‍ മോഹനന്‍ നായര്‍ എന്നിവര്‍ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.

കടപ്പാട്ടൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ മണ്ഡല മകരവിളക്കു മഹോത്സവത്തിന് ബുധനാഴ്ച രാവിലെ 10 മണിക്ക് തുടക്കം കുറിക്കും.

തൃക്കടപ്പാട്ടൂരപ്പന്റെ ചൈതന്യവും പ്രകൃതിദത്ത സൗകര്യങ്ങളാലും ക്ഷേത്രാരംഭകാലം മുതല്‍ ശബരിമല തീര്‍ത്ഥാടകര്‍ ഇവിടം അവരുടെ പ്രിയപ്പെട്ട ഇടത്താവളമാക്കി മാറ്റി. 'വിശ്വമോഹനം' എന്ന പേരു നല്‍കിയിരിക്കുന്ന ഈ തീര്‍ത്ഥാടന കാലയളവില്‍ വ്രതശുദ്ധിയുടെ പവിത്രതയ്ക്ക് പ്രാധാന്യം നല്‍കുകയെന്നതാണ് ദേവസ്വത്തിന്റെ ലക്ഷ്യം.

അതുകൊണ്ടുതന്നെ ദീര്‍ഘദൂരയാത്രികരായ, അയ്യപ്പഭക്തര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും സൗജന്യമായിത്തന്നെ നല്‍കുവാന്‍, ദേവസ്വം ഊന്നല്‍ നല്‍കുന്നു. മാത്രമല്ല, അന്നദാനമാഹാത്മ്യം പ്രചരിപ്പിക്കുന്നതിനും, ആരോഗ്യകരമായ ഭക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടെയും 'തത്വമസി' എന്ന അന്നദാന പദ്ധതിയിലൂടെ തീര്‍ത്ഥാടക കാലയളവില്‍ രാവിലെ 9 മണിക്കും വൈകുന്നേരം 7 മണിക്കും അന്നദാനം നല്‍കുവാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം 24 മണിക്കൂറും ദേവസ്വം കൗണ്ടര്‍ തുറന്നു പ്രവര്‍ത്തിക്കും.

ബുധനാഴ്ച രാവിലെ 10-ന് തീര്‍ത്ഥാടക മഹോത്സവത്തിന്റെയും, അന്നദാനപദ്ധതിയുടെയും ഉദ്ഘാടന കര്‍മ്മം ശബരിമല തന്ത്രി കണ്ഠരര് രാജീവരര്, പന്തളം കൊട്ടാരം പ്രതിനിധി പി.ജി. ശശികുമാര വര്‍മ്മ, മാളികപ്പുറം മുന്‍മേല്‍ശാന്തി മാധവന്‍ നമ്പൂതിരി, കോട്ടയം മെഡിക്കല്‍ കോളേജ് ഹൃദ്രോഗവിഭാഗം മേധാവി ഡോ. റ്റി.കെ. ജയകുമാര്‍, വാഴൂര്‍ തീര്‍ത്ഥപാദ ആശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നിര്‍വ്വഹിക്കപ്പെടും. തുടര്‍ന്ന് സ്വാമി പ്രജ്ഞാനാനന്ദയുടെ പ്രഭാഷണവുമുണ്ട്.

2011-ലാണ് കടപ്പാട്ടൂര്‍ ക്ഷേത്രത്തെ സര്‍ക്കാര്‍ ഔദ്യോഗിക ഇടത്താവളമായി പ്രഖ്യാപിച്ചത്.

അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ നിന്നും ലഭ്യമല്ലെങ്കിലും തീര്‍ത്ഥാടകര്‍ക്കായി, ആയിര്‍വ്വേദ - ഹോമിയോ - അലോപ്പതി ഡിസ്‌പെന്‍സറികളും 24 മണിക്കൂര്‍ ആംബുലന്‍സ് സേവനവും, പോലീസ് സേവനവും അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.

Advertisment