Advertisment

തിരക്കും ടെൻഷനും തീർത്ത ജീവിതത്തിനിടയിൽ ഒരു മണിക്കൂർ പൊട്ടിച്ചിരിക്കാൻ പാലായില്‍ നർമ്മവേദിയുടെ "ചിരിയരങ്ങ്"

New Update

" റോഡിന്റെ അറ .. റ ...... കുറ... റ പണികൾ ഉദ്ഘാടനം ചെയ്യുന്നതായി ഞാനിതാ പ്രഖ്യാപിക്കുന്നു ...... " മലയാള നാട്ടിലെ അക്ഷരാഭ്യാസം കുറഞ്ഞ ഒരു മന്ത്രി പണ്ടെങ്ങോ പറഞ്ഞതായി ഡോ. മുരളീധരൻ നായർ അഭിനയത്തോടെ അവതരിപ്പിച്ചതിന്റെ പൊട്ടിച്ചിരി മായും മുമ്പേ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ അലക്സ് മേനാമ്പറമ്പിൽ പണ്ടൊരു വൈദ്യുതി വകുപ്പ് മന്ത്രി "ഐയ്യയ്യോ കെ. വി. സെബാസ്റ്റ്യന്റെ ഉദ്ഘാടനം" നിർവ്വഹിച്ച കാര്യം എടുത്തിട്ടു; ഇടവപ്പാതിയുടെ ഇടിമുഴക്കം പോലെ പാലാ നഗരസഭാ ഓപ്പൺ സ്റ്റേജിലെ "സായം പ്രഭയിൽ " വീണ്ടും പൊട്ടിച്ചിരിയുടെ തകർപ്പൻ മുഴക്കം .......

Advertisment

publive-image

ഇന്നലെ വൈകിട്ട് സായം പ്രഭയിൽ കാലവർഷത്തിനൊപ്പം ചിരിയുടെ ഇടിമുഴക്കം തീർത്തത് പാലാ നർമ്മ വേദിയുടെ പ്രവർത്തകരാണ്.

"അറ്റകുറ്റപ്പണികൾ " എന്നതാണ് ഒരു മന്ത്രി തനിക്ക് കിട്ടിയ ടൈപ്പ് ചെയ്ത പേപ്പർ നോക്കി വായിച്ചപ്പോൾ "അറ... റ കുറ...റ പണികൾ " ആയത് !

"110 കെ.വി. സബ് സ്റ്റേഷന്റെ ഉദ്ഘാടന " മാണ് വൈദ്യുതി മന്ത്രിക്ക് "ഐയ്യയ്യോ കെ.വി. സെബാസ്റ്റ്യൻ " ഉദ്ഘാടനവുമായത്. !!

"ഇത് ഇന്നത്തേ മന്ത്രിമാരേക്കുറിച്ചേ അല്ല കേട്ടോ....." ഡോ.മുരളീധരന്റെയും അലക്സിന്റേയും വിശദീകരണവും സദസ്സിൽ ചിരി പടർത്തി .......

publive-image

കൊച്ചുമോന്റെ ടീച്ചർ വീട്ടിലേയ്ക്ക് വരുന്നതു കണ്ടപ്പോൾ മുത്തച്ഛൻ പറഞ്ഞു; "മോൻ ഒളിച്ചിരുന്നോ.... ഇവിടെ ഇല്ലെന്ന് ഞാൻ ടീച്ചറിനോടു പറഞ്ഞേക്കാം ...

ഉടൻ വന്നു കൊച്ചുമോന്റെ മറുപടി " മുത്തച്ഛാ, പ്ലീസ് എവിടേലും പോയി ഒളിക്കൂ..... മടി പിടിച്ചിരുന്ന് ഇന്നാളത്തെ അവധി കഴിഞ്ഞ് ഞാൻ സ്കൂളിൽ ചെന്നപ്പോ മുത്തച്ഛൻ മരിച്ചു പോയീന്നാ ഞാൻ ടീച്ചറോടു പറഞ്ഞത് - " !

ആംഗ്യാഭിനയത്തോടെ ചിരിയരങ്ങിൽ അമിട്ടു പൊട്ടിച്ചൂ വിദ്യാഭ്യാസ വകുപ്പിലെ റിട്ട. സൂപ്രണ്ടും പ്രമുഖ സാഹിത്യകാരനുമായ രവി പുലിയന്നൂർ.

റിട്ട. എക്സൈസ് ഇൻസ്പെക്ടറും പ്രസിദ്ധ മുഖർ ശംഖ് കലാകാരനുമായ എ.എൻ. എസ്. തമ്പി , മുൻ മുനിസിപ്പൽ കമ്മീഷണറും സാംസ്ക്കാരിക പ്രവർത്തകനുമായ രവി പാലാ, റിട്ട. ഹൈസ്ക്കൂൾ അധ്യാപകൻ ആർ. മനോജ്, പ്രമുഖ ഫോട്ടോഗ്രാഫർ സോംജി, പത്രപ്രവർത്തകനായ സുനിൽ പാലാ, ആക്ഷേപ ഹാസ്യ കലാകാരൻ ജയപ്രസാദ് പൂവരണി, എന്നിവരും ഇന്നലത്തെ ചിരിയരങ്ങിൽ പങ്കെടുത്തു. നിലവാരമുള്ള ചിരിയുടെ മാലപ്പടക്കങ്ങൾക്കിടയിൽ ചില ദ്വയാർത്ഥ- വ്യംഗ്യാർത്ഥ പ്രയോഗങ്ങളും ഗുണ്ടു പോലെ പൊട്ടിച്ചിതറി. പാലാ ഗവ. ജനറൽ ആശുപത്രി റിട്ട. സൂപ്രണ്ട് ഡോ. കെ.എൻ. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു.

publive-image

കഴിഞ്ഞ ഒരു ദശകമായി പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന നർമ്മവേദിയുടെ "ചിരിയരങ്ങ് " എല്ലാ മാസവും കൃത്യമായി നടക്കുന്നുണ്ട്. മഴയും വെയിലുമൊന്നും ഈ ചിരിപ്പടക്കങ്ങളുടെ പൊട്ടലിനു തടസ്സമേയല്ല.

തിരക്കും ടെൻഷനും തീർത്ത ജീവിതത്തിനിടയിൽ ഒരു മണിക്കൂർ പൊട്ടിച്ചിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നൂവെങ്കിൽ തീർച്ചയായും ചിരിയരങ്ങിലേക്ക് വരണം. നഗരസഭയുടെ ഓപ്പൺ ഓഡിറ്റോറിയത്തിലെ സായം പ്രഭയിലെ വിശാലമായ വേദിയിൽ വന്നിരിക്കുമ്പോഴെ നിങ്ങൾ ചിരി തുടങ്ങും; ഇരിപ്പിടങ്ങളിലേക്ക് ആഗതരെ ക്ഷണിക്കുന്നതു പോലും ദ്വയാർത്ഥങ്ങളുടെ ചിരിപ്പൂക്കൾ നൽകിയാണ്; ചാക്യാർകൂത്തിൽ കൊള്ളുന്ന പരിഹാസ അമ്പു പോലെ ഇതും നമുക്ക് ഓർത്ത് ചിരിക്കാൻ വകയേകും.

ഒരിക്കലെങ്കിലും ഒന്ന് ആർത്തു ചിരിക്കാൻ, എല്ലാം മറക്കാൻ, മനസ്സിൽ ആഹ്ലാദം നിറച്ച് മടങ്ങാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? ചിരിയരങ്ങിന്റെ ഭാരവാഹികളെ ഇപ്പോൾ വിളിക്കാം; നർമ്മവേദിയുടെ ഓരോ പരിപാടിയും അവർ നിങ്ങളെ അറിയിക്കും.

ഫോൺ - 94 95 10 72 63 ( രവി പുലിയന്നൂർ), 94 47 14 37 99 (ഡോ.മുരളീധരൻ നായർ )

Advertisment