Advertisment

ആറുമണിക്കൂര്‍ പയറ്റിയിട്ടും നോ രക്ഷ; ചെളി നിറഞ്ഞ പാലാ ഗ്രീന്‍ഫീല്‍ഡ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ നിന്നും ഫയര്‍ഫോഴ്‌സും 'ഓടി രക്ഷപ്പെട്ടു'!

author-image
സുനില്‍ പാലാ
New Update

പാലാ:  പ്രളയത്തെ തുടര്‍ന്ന് പാലാ സിന്തറ്റിക് സ്റ്റേഡിയം ചെളിനിറഞ്ഞിരുന്നു. തുടര്‍ന്ന് ട്രാക്കിലെ ചെളികള്‍ നീക്കം ചെയ്‌തെങ്കിലും പിന്നീട് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഡോ. സെലിന്‍ റോയി തകിടിയേല്‍ സ്റ്റേഡിയത്തിലെ ചെളി നീക്കാന്‍ പാലാ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി.

Advertisment

ഫയര്‍ഫോഴ്‌സ് സംഘം രാവിലെ പത്തരയോടെ സ്റ്റേഡിയത്തിലെത്തി ശക്തിയില്‍ ട്രാക്കിലേക്ക് വെള്ളം പമ്പ് ചെയ്ത് ചെളി ഇളക്കാന്‍ തുടങ്ങി. എന്നാല്‍ സിന്തറ്റിക് ട്രാക്കിന്റെ ചെറിയ അറകളിലെല്ലാം നിറഞ്ഞ ചെളി നീക്കാന്‍ സംഘം പെടാപ്പാട് പെട്ടു. അതിശക്തിയായി വെള്ളം പമ്പ് ചെയ്‌തെങ്കിലും ട്രാക്കിന്റെ അറകളില്‍ നിറഞ്ഞ ചെളി നീക്കാനായില്ല. ഇതേ തുടര്‍ന്ന് ട്രാക്കിന് മുകളിലെ ചെളിപ്പരപ്പുകള്‍ വെള്ളമടിച്ച് കഴുകാന്‍ തുടങ്ങി.

publive-image

ആറുമണിക്കൂര്‍ പിന്നിട്ട് വൈകിട്ട് നാലരയോടെ നൂറുമീറ്ററോളം ട്രാക്കിലെ മേല്‍ ചെളികള്‍ മാത്രമേ ഫയര്‍ഫോഴ്‌സിന് നീക്കാനായുള്ളൂ. അറകളില്‍ നിറഞ്ഞ ചെളി നീക്കാന്‍ കഴിയാതെ വന്നതോടെ ഫയര്‍ഫോഴ്‌സ് സംഘം ഉദ്യമത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.

പ്രളയക്കെടുതിയുടെ ഭാഗമായാണ് സ്റ്റേഡിയത്തിലെ ട്രാക്കില്‍ ചെളി നിറഞ്ഞത് എന്നതിനാല്‍ സൗജന്യമായാണ് തങ്ങള്‍ ആറുമണിക്കൂറോളം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് പാലാ ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. പത്തുപേരടങ്ങിയ സംഘമാണ് സ്റ്റേഡിയം ശുചീകരിക്കാന്‍ ഇറങ്ങിയിരുന്നത്.

ഇതേ സമയം പായലുകളും മറ്റും നീക്കുന്ന ശക്തിയേറിയ പവ്വര്‍വാഷ് മെഷീനുകള്‍ കൊണ്ടേ ട്രാക്കിലെ അറകളില്‍ നിറഞ്ഞിരിക്കുന്ന ചെളി നീക്കാന്‍ കഴിയൂ എന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ പവ്വര്‍വാഷ് മെഷീന്‍ വാടകയ്ക്ക് എടുത്താണ് മുനിസിപ്പല്‍ അധികാരികള്‍ ചെളി നീക്കാന്‍ തുടങ്ങിയിരുന്നത്. എന്നാല്‍ മൂന്നു ദിവസം കൊണ്ട് കാല്‍ലക്ഷത്തോളം രൂപ വാടകയായി വന്ന സാഹചര്യത്തിലാണ് പവ്വര്‍ മെഷീന്‍ വാടകയ്ക്ക് എടുത്തുള്ള പണികള്‍ നിറുത്തിവച്ചത്.

സ്വന്തമായി പവ്വര്‍വാഷ് മെഷീന്‍ വാങ്ങി സ്റ്റേഡിയം ശുചീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചിരുന്നെങ്കിലും ഇതു നടന്നില്ല. സ്റ്റേഡിയം ശുചീകരണത്തില്‍ നിന്ന് ഫയര്‍ഫോഴ്‌സു കൂടി പിന്മാറിയ സാഹചര്യത്തില്‍ വീണ്ടും പവ്വര്‍വാഷ് മെഷീന്‍ ഉപയോഗിച്ചുള്ള കഴുകല്‍ തന്നെ വേണ്ടിവരുമെന്ന് ഉറപ്പാണ്.

ഈ മാസം അവസാനം മുതല്‍ വിവിധ കായികമേളകള്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കേണ്ടതുമുണ്ട്.

Advertisment