Advertisment

രാമപുരത്ത് ഹോട്ടലിൽ നിന്നും ഉച്ചയൂണ് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. അന്വേഷണത്തിന് മടിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ. കളക്ടർ ഇടപെട്ടപ്പോൾ അന്വേഷണം തകൃതി

New Update

രാമപുരം:  രാമപുരം ജംഗ്ഷനിൽ പള്ളിക്ക് എതിർവശം പ്രവർത്തിക്കുന്ന "ദിവ്യ " ഹോട്ടലിൽ നിന്നും ഇന്നലെ രണ്ടരയോടെ ഊണു കഴിച്ച അഞ്ചുപേർക്ക് ആസിഡ് പോലുള്ള വസ്തു വായിൽ ചെന്ന പോലത്തെ നീറ്റലും ചൊറിച്ചിലും ഉണ്ടാവുകയായിരുന്നു.

Advertisment

അസ്വസ്ഥതയുണ്ടായവർ ആദ്യം രാമപുരം ഗവ. ആശുപത്രിയിലെത്തി വിവരം അറിയിച്ചു. തുടർന്ന് കടനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. യശോധരന്റെ ചികിത്സ തേടി.

publive-image

സാമ്പാറിന് കൊഴുപ്പു കൂട്ടാൻ ചിലതരം ആസിഡുകൾ ചില ഹോട്ടലുകാരെങ്കിലും ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ടെന്ന് ഡോ. യശോധരൻ പറഞ്ഞു. ഭക്ഷണം കഴിച്ചയുടൻ നീറ്റലും ചൊറിച്ചിലും വായിലെ തൊലി പോയ പോലുള്ള അസ്വസ്ഥതയും ഇതിന്റെ ലക്ഷണങ്ങളാണെന്നും ഡോക്ടർ വിശദീകരിക്കുന്നു.

ചോറിലേക്ക് സാമ്പാർ ഒഴിച്ചു കഴിച്ച ഉടൻ വായയ്ക്ക് ഉള്ളിലും നാക്കിലും തൊണ്ട വരെയും ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുകയായിരുന്നുവെന്ന് വിഷബാധയേറ്റവർ പറയുന്നു.

ഈ വിവരം പറഞ്ഞപ്പോൾ , അപ്പോൾ ഉച്ച ഭക്ഷണം കഴിച്ച് എഴുന്നേറ്റ ഹോട്ടലിലെ അന്യസംസ്ഥാന തൊഴിലാളികൾക്കും അസ്വസ്ഥതയുണ്ടാതായി അവർ പറഞ്ഞു.

വിവരമറിഞ്ഞ ഉടൻ രാമപുരം ഗവ. ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ മേഴ്സി ചാക്കോയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഹോട്ടലിലെത്തി പരിശോധന നടത്തി. വൃത്തി ഹീനരായ തൊഴിലാളികളാണ് ഹോട്ടലിലെ വൃത്തി ഹീനമായ അടുക്കളയിൽ ജോലി ചെയ്തിരുന്നതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ മേഴ്സി ചാക്കോ പറഞ്ഞു.

ഇതു സംബന്ധിച്ച് മെഡിക്കൽ ഓഫീസർക്ക് ഇന്ന് റിപ്പോർട്ട് നൽകും. സാമ്പിളുകളും മറ്റും ശേഖരിക്കേണ്ടത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് ഗവ. ആശുപത്രിയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

publive-image

വണ്ടിയില്ല; വരാൻ കഴിയില്ലെന്ന് ഭക്ഷ്യ സുരക്ഷാ ഇൻസ്പെക്ടർ

ഭക്ഷ്യവിഷബാധയേറ്റ ഉടൻ അതിലുൾപ്പെട്ട ഒരാൾ ആദ്യം ഫോൺ വിളിച്ച് വിവരം പറഞ്ഞത് പാലായിലെ ഭക്ഷ്യ സുരക്ഷാ ഓഫീസർ യമുനാ കുര്യനോടാണ്. പരാതി രേഖപ്പെടുത്തിയ ഓഫീസർ ഉടൻ ഹോട്ടലിലെത്തി പരിശോധന നടത്തുമെന്നും ഭക്ഷ്യ സാമ്പിളുകൾ ശേഖരിക്കുമെന്നും അറിയിച്ചു.

അര മണിക്കൂർ കാത്തു നിന്നിട്ടും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ല. വീണ്ടും വിളിച്ചപ്പോൾ സ്ഥലത്തേയ്ക്ക് വരാൻ വണ്ടിയില്ലെന്ന തൊടുന്യായം നിരത്തുകയായിരുന്നൂ പാലായിലെ ഓഫീസർ.

കോട്ടയത്തെ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണറാണ് വണ്ടി വിട്ടു തരേണ്ടതെന്നും ഇവർ വിശദീകരിച്ചു. ഭക്ഷണ സാമ്പിളിനായി തങ്ങൾ ഹോട്ടലിൽ നിന്നും ഉച്ച ഭക്ഷണം പാഴ്സലായി വാങ്ങിയിട്ടുണ്ട്.

അത് പാലായിലെ ഭക്ഷ്യ സുരക്ഷാ ഓഫീസിലെത്തിക്കാമെന്ന് വിഷബാധയേറ്റവർ അറിയിച്ചെങ്കിലും സാമ്പിൾ തങ്ങൾ തന്നെ ശേഖരിച്ചു കൊള്ളാമെന്നും പിറ്റേ ദിവസം ഹോട്ടലിൽ പൊയ്ക്കോളാമെന്നുമായിരുന്നൂ പാലായിലെ ഓഫീസറുടെ മറുപടി.

അപ്പോഴെങ്ങനെ വിഷ ബാധയുള്ള ഭക്ഷ സാമ്പിൾ ശേഖരിക്കുമെന്ന ചോദ്യത്തിന് അധികാരികൾക്ക് മറുപടിയുമുണ്ടായില്ല

താനും ഭക്ഷണം കഴിച്ചതാണ്. ഉഷ്ണത്തിന്റെ പ്രശ്നമാകുമെന്ന് ഹോട്ടലുടമ മാണി

താനും ഉച്ചയൂണ് കഴിച്ചതാണ്, ഒരു പ്രശ്നവുമുണ്ടായില്ലെന്ന് ഹോട്ടലുടമ മാണി പറയുന്നു. അസ്വസ്ഥതയുണ്ടായവർ പരാതിപ്പെട്ടപ്പോൾ ഉഷ്ണത്തിന്റെ പ്രശ്നമാകാമെന്നായിരുന്നു മാണിയുടെ മറുപടി.

പാലാ: വിഷബാധയേറ്റ വിവരം പറഞ്ഞിട്ടും ദിവ്യ ഹോട്ടലിൽ ഭക്ഷണ വിതരണം തകൃതി. അഞ്ചു പേർ ഭക്ഷ്യവിഷബാധ മൂലമുള്ള അസ്വസ്ഥതകളാൽ വലയുമ്പോഴും മറ്റു പലർക്കും ഭക്ഷണം വിതരണം ചെയ്യുന്ന തിരക്കിലായിരുന്നൂ ഹോട്ടലുടമ മാണിയും ജീവനക്കാരും.

മറ്റാർക്കും പ്രശ്നമുണ്ടാകുന്നില്ലല്ലോ എന്ന ലാഘവ മറുപടിയോടെ ഭക്ഷണ വിതരണം തുടരുകയായിരുന്നൂ ഹോട്ടലുടമകൾ

സംഭവം വിവാദമായതിനെ തുടർന്ന് വിഷബാധയേറ്റവരിൽ നിന്നും പാലാ ഭക്ഷ്യ സുരക്ഷാ ഓഫീസർ യമുനാ കുര്യൻ ഇന്നലെ രാത്രി വിശദമായ മൊഴിയെടുത്തു.

Advertisment