Advertisment

"എന്റെ പൊന്നേ, ഇതു ഞാന്‍ തന്നെയാന്നേ.. രവി പാലാ ..ഞാന്‍ മരിച്ചിട്ടില്ല...!"

author-image
സുനില്‍ പാലാ
New Update

ഇന്നലെ രാവിലെ ഏഴു മുതല്‍ പന്ത്രണ്ട് വരെ രവി പാലാ എന്ന റിട്ട. ഉദ്യോഗസ്ഥന്‍ ഫോണില്‍ മറുപടി പറഞ്ഞത് ഒന്നും രണ്ടും പേരോടല്ല. 42 പേരാണ് ഇദ്ദേഹം 'മരിച്ചവിവരം' അറിഞ്ഞ് വിളിച്ചത്. ഫോണില്‍ ഹലോ കേട്ടപ്പോഴേ പലരും ഫോണ്‍ കട്ട് ചെയ്തു. ചിലരൊക്കെ അടുത്ത സുഹൃത്തുക്കളോട് വിളിച്ചു ചോദിച്ചു; രവി പാലാ സാറിന്റെ സംസ്‌കാരം എപ്പോഴാണ്...?!

Advertisment

പാലാ ചെത്തിമറ്റം പുളിക്കല്‍ രവീന്ദ്രന്‍ നായര്‍ എന്ന രവി പാലാ റിട്ട. മുനിസിപ്പല്‍ കമ്മീഷണറാണ്. സംഭവമിങ്ങനെ.; ഇന്നലെ രാവിലെ 7 മുതല്‍ ചാനലുകളില്‍ പാലാ രവി അന്തരിച്ചുവെന്ന് എഴുതിക്കാണിക്കുന്നുണ്ടായിരുന്നു.

publive-image

പാലാ കയ്യൂര്‍ കുളപ്പുറത്ത് കുടുംബാംഗമാണെങ്കിലും അര നൂറ്റാണ്ടായി തിരുവനന്തപുരം ശാസ്തമംഗലത്ത് താമസമാക്കിയ പാലാ രവി ഡോക്യുമെന്ററി സംവിധായകനും ചെറുകഥാകൃത്തുമായിരുന്നു. ഇന്നുപുലര്‍ച്ചെയാണ് ഇദ്ദേഹം തിരുവനന്തപുരത്ത് നിര്യാതനായത്.

പാലായിലെ സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിലെല്ലാം നിറഞ്ഞു നില്‍ക്കുന്ന രവി പാലായെന്ന രവീന്ദ്രന്‍ നായര്‍ പാലാ സഹൃദയ സമിതിയുടെ പ്രസിഡന്റുമാണ്.

വെള്ളപാന്റും വെള്ളഷര്‍ട്ടുമായി നഗരവീഥികളില്‍ മിക്കപ്പോഴും കണ്ടുമുട്ടുന്ന ഇദ്ദേഹം വിപുലമായ സുഹൃത് ബന്ധത്തിന് ഉടമയുമാണ്. തിരുവനന്തപുരത്തെ പാലാ രവിയുടെ ചരമവാര്‍ത്ത ടി.വി.യില്‍ എഴുതിക്കാണിച്ചപ്പോള്‍ പലരും തെറ്റിദ്ധരിച്ചത് സ്വാഭാവികം.

രവി പാലായുടെ അടുത്ത സുഹൃത്തുക്കളോട് പലരും വിവരം തിരക്കി. വാര്‍ത്ത കേട്ട് അവരും ഞെട്ടിപ്പോയി. തലേന്നും ഞങ്ങള്‍ തമ്മില്‍ കണ്ടതാണല്ലോ. ഒരു കുഴപ്പവുമുണ്ടായിരുന്നില്ലല്ലോ.

ഇന്നലെ രാവിലെ 7 മുതല്‍ തനിക്ക് കോളുകള്‍ വരാന്‍ തുടങ്ങിയെന്ന് രവി പാലാ പറഞ്ഞു.

ആദ്യമൊക്കെ വിളിച്ച പലരും താന്‍ ഹലോ എന്നു പറയുമ്പോഴേക്കും ഫോണ്‍ കട്ട് ചെയ്തു. അപ്പോഴൊന്നും കാര്യം മനസ്സിലായില്ല. ചിലര്‍ മടിച്ചുമടിച്ച് ചോദിച്ചു; രവിപാലാ സാറുതന്നെയല്ലേ സംസാരിക്കുന്നത് ?

പിന്നീട് കാര്യം മനസ്സിലായിക്കഴിഞ്ഞപ്പോള്‍ വന്ന ഫോണ്‍കോളുകള്‍ എടുത്ത ഇദ്ദേഹം തുടക്കത്തിലെ തന്നെ പറഞ്ഞു. ''ഇതു ഞാന്‍തന്നെയാ... രവി പാലാ... മരിച്ചിട്ടില്ല കേട്ടോ...''

ഒന്നരവര്‍ഷം മുമ്പും താന്‍ 'മരിച്ച' കാര്യം പൊട്ടിച്ചിരിയോടെ രവി പാലാ അയവിറക്കി. ഒരു ദിവസം രാവിലെ എഴുന്നേറ്റു വന്നപ്പോള്‍ വീട്ടില്‍ ലോറിയില്‍ പന്തലും സാധനങ്ങളുമൊക്കെയായി നഗരത്തിലെ ഒരു സുഹൃത്ത് എത്തിയിരിക്കുന്നു. കാര്യം തിരക്കിയപ്പോള്‍ വെറുതെ വന്നതാണെന്ന് പറഞ്ഞ് അല്പം ചമ്മലോടെ ഇയാള്‍ സ്ഥലം വിട്ടു. ഇതെന്താണ് കാര്യമെന്ന് രവി പാലാ അന്തംവിട്ടു. പിന്നീട് ഫോണില്‍ വിളിച്ച് വന്ന സുഹൃത്ത് കാര്യം പറഞ്ഞു ;

അന്ന് പാലായില്‍ റിട്ട. അദ്ധ്യാപകനായ രവീന്ദ്രന്‍ മരിച്ചിരുന്നു. സുഹൃത്തിനോട് ആരോ വിളിച്ചു പറഞ്ഞു ; രവി പാലാ മരിച്ചുവെന്ന് . ഇതുകേട്ട പാതി പുലര്‍ച്ചയോടെ സ്വന്തം സ്ഥാപനത്തിലെ പന്തലും സാധനങ്ങളുമായി സുഹൃത്ത് ചെത്തിമറ്റം പുളിക്കല്‍ വീട്ടിലേക്ക് പാഞ്ഞെത്തുകയായിരുന്നു.

പാലായിലെ ചിരി ആസ്വാദകരുടെ സംഘടനയായ 'നര്‍മ്മവേദി' യുടെ സജീവ അംഗമാണ് രവി പാലാ.

ഇന്നലെ വൈകിട്ട് പാലാ സഫലം ഹാളില്‍ നര്‍മ്മവേദിയുടെ പ്രതിമാസയോഗമായിരുന്നു. രാവിലെ, താന്‍ മരിച്ച കഥ ഇദ്ദേഹം പറഞ്ഞു തുടങ്ങിയതേ സഹപ്രവര്‍ത്തകര്‍ ചിരി തുടങ്ങി.

Advertisment