Advertisment

ക്രൈസ്തവീകതയും കമ്മ്യൂണിസവും തമ്മില്‍ യോജിക്കാവുന്ന മേഖലകളുണ്ടോ...? - രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളി വികാരി റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍ പറയുന്നു

author-image
സുനില്‍ പാലാ
Updated On
New Update

പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി നിറവില്‍ നില്‍ക്കുന്ന ഞാറക്കുന്നേലച്ചന്‍ ഇതു ചുമ്മാ പറയുന്നതല്ല; നാലര പതിറ്റാണ്ടുമുമ്പ് അച്ചന് സ്വര്‍ണ്ണമെഡലോടെ ഡോക്ടറേറ്റ് കിട്ടിയത് ഈ വിഷയത്തിലുള്ള പഠനത്തിനാണ്.

Advertisment

'വൈരുദ്ധ്യാതിഷ്ഠിത ഭൗതിക വാദ'മെന്ന വിഷയത്തിലൂന്നി 1975ല്‍ റോമിലെ ജസ്യൂട്ട് ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറേറ്റിനായി റവ. ഡോ. ഞാറക്കുന്നേല്‍ സമര്‍പ്പിച്ച പ്രബന്ധം പിന്നീട് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പോലും പഠന വിഷയമാക്കി എന്നത് ചരിത്രം.

publive-image

ഇത് സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്‍ പി. ഗോവിന്ദപ്പിള്ള ഉള്‍പ്പെടെയുള്ള നേതാക്കളുമായി റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍ നേരിട്ട് സംവാദവും നടത്തിയിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും കമ്മ്യൂണിസ്റ്റുകാരുടെ നിരീശ്വര വാദത്തോട് ഒരിക്കലും യോജിക്കാനാവില്ല എന്നാണ് അച്ചന്റെ ഉറച്ച നിലപാട്. കമ്മ്യൂണിസത്തെയും ക്രൈസ്തവീകതയെയും വേറിട്ടുനിര്‍ത്തുന്ന വന്‍മതിലും ഈ നിരീശ്വര വാദം തന്നെ.

കമ്മ്യൂണിസത്തില്‍ മാത്രമല്ല അച്ചന്റെ പഠനം; രാമായണ നായകന്‍ ശ്രീരാമന്റെ ഉത്തമഗുണങ്ങളെല്ലാം ലോകപുരുഷര്‍ക്ക് വേണ്ടതാണെന്നും ഗീതോപദേശം മനസ്സുതളര്‍ന്ന മുഴുവന്‍ മനുഷ്യര്‍ക്കും പ്രയോജനപ്പെടുന്നതാണെന്നും പത്തുവര്‍ഷം നീണ്ട പുരാണേതിഹാസങ്ങളുടെ തുടര്‍ പഠനത്തില്‍ നിന്ന് റവ. ഡോ. ഞാറക്കുന്നേല്‍ സമര്‍ത്ഥിക്കും.

വര്‍ഷങ്ങള്‍ നീണ്ട ഖുറാന്‍ പഠനവും ഇതര വൈദികരില്‍ നിന്ന് ഞാറക്കുന്നേലച്ചനെ വ്യത്യസ്തനാക്കുന്നു. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പി സ്വാമികള്‍, മന്നത്ത് പത്മനാഭന്‍, അയ്യങ്കാളി, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ തുടങ്ങി കേരളം കണ്ട നവോത്ഥാന നായകരുടെയെല്ലാം ജീവചരിത്രവും സന്ദേശങ്ങളും ഞാറക്കുന്നേലച്ചന്റെ പ്രഭാഷണങ്ങളിലൂടെ ഒഴുകിവരും.

1968ല്‍ വൈദിക പഠനം പൂര്‍ത്തിയാക്കി വിവിധ ഇടവകകളില്‍ സേവനം അനുഷ്ഠിച്ചുവരവെ സഭാ നേതൃത്വം റവ. ഡോ. ജോര്‍ജ്ജിനെ ഉന്നത പഠനത്തിനായി റോമിലേയ്ക്കയക്കുകയായിരുന്നു.

അവിടെനിന്ന് ഒന്നാം റാങ്കോടെ ഡോക്ടറേറ്റ് നേടി 1976ല്‍ നാട്ടില്‍ തിരിച്ചെത്തിയ റവ. ഡോ. ഞാറക്കുന്നേല്‍ ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക് സെമിനാരിയിലും മംഗലപ്പുഴ സെമിനാരിയിലും ദീര്‍ഘകാലം പ്രൊഫസറായിരുന്നു. കത്തോലിക്കാ സഭയില്‍ ഇന്നുള്ള മുപ്പതോളം ബിഷപ്പുമാരുടെ ഗുരുവായിരിക്കാന്‍ കഴിഞ്ഞതും ഈശ്വരനിയോഗമായി കുരുതകയാണീ വൈദിക ശ്രേഷ്ഠന്‍.

2009ലാണ് രാമപുരം ഫൊറോനാപള്ളി വികാരിയായി ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍ നിയമിതനായത്. രാമപുരം മാര്‍ ആഗസ്തീനോസ് കോളജ്, അച്ചന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഏഷ്യയിലെതന്നെ ഏറ്റവും വലിതും അതിമനോഹരവുമായ ഇടവക ദേവാലയം രാമപുരത്ത് പണിതുയര്‍ത്തിയതിന്റെ ചുക്കാന്‍ പിടിക്കുന്നതും ഞാറക്കുന്നേലച്ചന്‍ തന്നെ.

പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേലിന് ഇടവക അംഗങ്ങളുടെ നേതൃത്വത്തില്‍ നാളെ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കും. 2.30ന് സുവര്‍ണ്ണ ജൂബിലി കുര്‍ബാനയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനയും നടക്കും.

വൈകിട്ട് നാലിന് നടക്കുന്ന അനുമോദന യോഗത്തില്‍ പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ഇതോടൊപ്പം കുഞ്ഞച്ചന്‍ മ്യൂസിയത്തിന്റെയും പള്ളിയുടെ പുതിയ പാരീഷ് ഹാളിന്റെയും വെഞ്ചരിപ്പും നടക്കും.

Advertisment