Advertisment

കോട്ടയം ജില്ലയില്‍ വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളില്‍ സിവില്‍ സര്‍വ്വീസ് പരിശീലന ക്ലാസ് തുടങ്ങുന്നു

author-image
സുനില്‍ പാലാ
New Update

കോട്ടയം:  ജില്ലയില്‍ ആദ്യമായി ഒരു എയ്ഡഡ് യു.പി. സ്‌കൂളില്‍ സിവിൽ സര്‍വ്വീസ് പരിശീലനം തുടങ്ങുന്നതിന്റെ ചരിത്രനേട്ടം രാമപുരം വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിന് സ്വന്തം.

Advertisment

സ്‌കൂളിലെ 400 കുട്ടികളില്‍ നിന്ന് പ്രത്യേക അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 50 പേര്‍ക്കാണ് സിവില്‍ സര്‍വ്വീസ് പരിശീലനം കൊടുക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഗ്രേയ്‌സും പി.റ്റി.എ. പ്രസിഡന്റ് സാവിയോ തോട്ടുങ്കലും പറഞ്ഞു.

ചെറു പ്രായത്തിലേ പരിശീലനം കൊടുത്തു തുടങ്ങിയാല്‍ ഭാവിയില്‍ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് മേഖലയിലേയ്ക്ക് കൂടുതല്‍ മലയാളികളെ എത്തിക്കാനാവുമെന്ന തിരിച്ചറിവിലാണ് അധ്യാപക രക്ഷാകര്‍ത്ത്യ സമിതിയും സ്‌കൂള്‍ അധികൃതരും ഇങ്ങനെ ഒരു തീരുമാനവുമായി മുന്നോട്ട് പോയത്. വിദ്യാഭ്യാസ വകുപ്പിന്റെയും പാലാ രൂപതാ അധികാരികളുടെയും പൂര്‍ണ്ണ പിന്തുണയോടെയാണ് പരിശീലന പരിപാടി തുടങ്ങുന്നത്.

സ്‌കൂള്‍ അധ്യാപകര്‍ക്കൊപ്പം പുറത്തുനിന്നുള്ള വിദഗ്ധരും നിലവില്‍ സിവില്‍ സര്‍വ്വീസിലുള്ള ചില പ്രമുഖരും ഒരു വര്‍ഷത്തെ കോഴ്‌സിനിടയില്‍ ക്ലാസുകള്‍ എടുക്കാനെത്തും. അധ്യാപകനായ അനൂപ് ജോസാണ് കോഴ്‌സിന്റെ ഡയറക്ടര്‍.

രാമപുരം വിദ്യാഭ്യാസ ഉപജില്ലയില്‍ പഠന-പാഠ്യേതര രംഗങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ ശതാബ്ദി പിന്നിട്ട വര്‍ഷത്തിലാണ് സിവില്‍ സര്‍വ്വീസ് പരിശീലന ക്ലാസുകള്‍ തുടങ്ങുന്നത് എന്ന പ്രത്യേകതയും ഉണ്ട്. തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ത്ഥികളില്‍ 20 പേര്‍ പെണ്‍കുട്ടികളാണ്.

ആഴ്ചയില്‍ 3 ദിവസം രാവിലെ 8.30 മുതല്‍ 9.30 വരെയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീനം നല്‍കുക. ഇതിനായി പ്രത്യേകം നോട്ടുകളും ഒപ്പം ഹോം വര്‍ക്കുകളും ഉണ്ടാകും. എല്ലാ മാസവും വിവിധ വിഷയങ്ങളില്‍ പരീക്ഷകള്‍ നടത്തും. ഫൈനല്‍ പരീക്ഷക്ക് ഉന്നത വിജയം നേടുന്ന കുട്ടികള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും നല്‍കുമെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഗ്രേസ് പറഞ്ഞു.

ഒക്ടോബര്‍ 3-ാം തീയതി രാവിലെ 9ന് കോട്ടയം ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി സിവില്‍ സര്‍വ്വീസ് പരിശീലന കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പാലാ രൂപതാ കോര്‍പ്പറേറ്റ് സെക്രട്ടറി റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം മുഖ്യ പ്രഭാഷണം നടത്തും. വിവിധ ജനപ്രതിനിധികളും സാമൂഹിക-സാംസ്‌കാരിക നേതാക്കളും ആശംസകള്‍ അര്‍പ്പിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ഐ.എ.എസിന്റെ അനുമോദന സന്ദേശം സമ്മേളനത്തില്‍ വായിക്കും.

Advertisment