Advertisment

പൗരത്വ പ്രക്ഷോഭം: ഫ്രറ്റേണിറ്റി മൂവ്മെന്റ് എയർപോർട്ട് ഉപരോധിച്ചു. സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തു

New Update

കൊണ്ടോട്ടി:  രാജ്യവ്യാപകമായി നടന്നു വരുന്ന പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിച്ചു.

Advertisment

ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ എയർ പോർട്ടിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിച്ചു കൊണ്ടായിരുന്നു സമരം ആരംഭിച്ചത്. മേലങ്ങാടി, കുമ്മിണിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നും എയർപോർട്ടിലേക്കുള്ള രണ്ട് റോഡുകളും കോഴിക്കോട്-പാലക്കാട് ഹൈവേയിലെ കുളത്തൂർ റോഡും സമരക്കാർ പൂർണമായി ഉപരോധിച്ചു.

publive-image

സംസ്ഥാന പ്രസിഡന്റ് ശംസീർ ഇബ്രാഹിം, സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നക്കൽ, വൈസ് പ്രസിഡന്റുമാരായ അനീഷ് പാറാമ്പുഴ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു.

വിമാനത്താവള ഉപരോധസമരം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഭരണകൂട സ്ഥാപനങ്ങളെ സംഘ് വൽകരിച്ചും അവയുടെ അധികാരങ്ങളെ കവർന്നെടുത്തുമാണ് ഭരണകൂടം തങ്ങളുടെ വംശീയ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഭരണഘടനയെത്തന്നെ നിർവീര്യമാക്കിയും വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്തും സമ്പൂർണമായി ആർ എസ് എസ് വൽക്കരിക്കപ്പെട്ട ഭരണകൂട സംവിധാനങ്ങളുടെ കാലത്ത് ഇത്തരം ജനകീയ പ്രക്ഷോഭങ്ങൾക്കാണ് ഭരണകൂടത്തിന്റെ വംശീയ നിലപാടുകളെ തിരുത്താൻ സാധിക്കുക.

സി.എ.എ എന്ന മുസ്ലിം വംശീയ ഉൻമൂലന പദ്ധതിയെ ശക്തമായ പ്രതിഷേധങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയുമാണ് സാധിക്കുക - അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്റാഹിം അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി എസ്. ഇർഷാദ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മഹേഷ് തോന്നക്കൽ, കെ.എം. ഷെഫ്രിൻ, വൈസ് പ്രസിഡൻറുമാരായ നജ്ദ റൈഹാൻ,

അനീഷ് പാറമ്പുഴ, ഫസ്ന മിയാൻ, ഫ്രറ്റേണിറ്റി ദേശീയ കമ്മിറ്റിയംഗവും ഇഫ്ളു വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിയുമായ സമർ അലി, വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, സെക്രട്ടറിയറ്റംഗം നഈം ഗഫൂർ, എന്നിവർ സംസാരിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നിസാർ സ്വാഗതവും മലപ്പുറം ജില്ലാ പ്രസിഡന്റ് കെ കെ അഷ്റഫ് നന്ദിയും പറഞ്ഞു. സമരത്തിന്റെ ഭാഗമായി സി എ എ പ്രക്ഷോഭ പ്രതിജ്ഞ പുതുക്കി.

മുദ്രാവാക്യങ്ങളും പ്രക്ഷോഭ ആവിഷ്കാരങ്ങളുമായി സമരക്കാർ എയർപോർട്ട് റോഡിൽ കുത്തിയിരുന്നു. പതിനായിരത്തോളം പ്രവർത്തകർ ഉപരോധത്തിൽ പങ്കെടുത്തു. സംസ്ഥാന-ജില്ലാ നേതാക്കൾ ഉപരോധസമരത്തിന് നേതൃത്വം നൽകി.

Advertisment