Advertisment

കെ.എം.സി.ടി ആര്‍ട്‌സ് കോളേജ് റാഗിങ്: കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

മുക്കം:  കോഴിക്കോട് മണാശ്ശേരി കെ.എം.സി.ടി ആര്‍ട്‌സ് കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങിന്റെ പേരില്‍ രണ്ടാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി ഗോതമ്പറോഡ് സ്വദേശി എ.പി ഫാസിലിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിയിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Advertisment

publive-image

ജൂണ്‍ 18ാം തിയ്യതി ഉച്ച ഭക്ഷണം കഴിക്കാന്‍ പോവുമ്പോള്‍ ഏതാനും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ആദ്യം മുഖത്തടിക്കുകയും, ചാവികൊണ്ട് മുഖത്തും മൂക്കിനും ചെവിക്കും കുത്തുകയും നിലത്തിട്ട് തലക്കും കഴുത്തിനും ഉള്‍പ്പെടെ ചവിട്ടുകയും ചെയ്ത് ക്രൂരമായാണ് ഫാസിലിനെ മര്‍ദ്ദനത്തിനിരയാക്കിയത്.

അക്രമം തടയാന്‍ ശ്രമിച്ച നാട്ടുകാരും മര്‍ദനത്തിനിരയായി. മുക്കം ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി അഡ്മിറ്റായിരുന്നു. പിറ്റേ ദിവസം തന്നെ ഫാസിലിന്റെ മാതാവ് നേരിട്ടെത്തി പ്രിന്‍സിപ്പാളിന് പരാതി നല്‍കിയതാണ്. മര്‍ദിച്ച വിദ്യാര്‍ത്ഥികളുടെ പേരുള്‍പ്പെടെ പരാതിയില്‍ നല്‍കിയിട്ടുണ്ട്.

സംഭവം നടന്ന്, പരാതി നല്‍കി, നാല് ദിവസം കഴിഞ്ഞിട്ടും കോളേജ് അധികൃതര്‍ ഇതുവരെയും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് റാഗിങ് വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ഫാസിലിനെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇപ്പോഴും കഴുത്തിനും ശരീരമാസകലവും വേദന അനുഭവപ്പെടുന്നുണ്ട്. വിദഗ്ദ്ധ ചികിത്സക്കായി ഇന്ന് ന്യൂറോ സര്‍ജനെ കാണും.

ക്രൂരമായ അക്രമം നടത്തിയവര്‍ക്കെതിരെ കോളേജിന്റെ ഭാഗത്ത് നിന്ന് കര്‍ശന നടപടികള്‍ ഉണ്ടാവാത്ത പക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി ശക്തമായ സമര പ്രക്ഷോഭങ്ങള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കും.

ഓരോ ദിവസം കഴിയും തോറും ജില്ലയില്‍ വര്‍ധിച്ചു വരുന്ന വിദ്യാര്‍ത്ഥികള്‍ ഗ്യാങ്ങുകളായി തിരിഞ്ഞ് സംഘം ചേര്‍ന്ന് നടത്തുന്ന റാഗിങ് മര്‍ദനങ്ങള്‍ക്ക് മുന്നില്‍ വിദ്യാഭ്യാസ വകുപ്പും നിയമ പാലകരും തുടരുന്ന നിസ്സംഗത അവസാനിപ്പിക്കണം. ഈ സാമൂഹ്യ വിപത്തിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം.

ഫ്രറ്റേണിറ്റി മൂവ്്‌മെന്റ് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂരിന്റെ നേതൃത്വത്തില്‍ സംഘം റാഗിങിനിരയായ എ.പി ഫാസിലിനെ സന്ദര്‍ശിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദു മാസ്റ്റര്‍, മീഡിയ സെക്രട്ടറി സാലിം ജീറോഡ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി അംഗം മുഷീറുല്‍ ഹഖ് എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.

ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ സുഫാന, ലബീബ്, ക്യാമ്പസ് ചാർജുള്ള വൈസ് പ്രസിഡന്റ് മുനീബ് എന്നിവർ സംസാരിച്ചു.

Advertisment