Advertisment

ബാബരി മസ്ജിദ് - നീതിയും വസ്തുതകളും ബലികഴിച്ച വിധി: വെല്‍ഫെയർ പാർട്ടി ജാഗ്രത സദസ്സ് ഡിസംബർ 4 ന്

New Update

കോഴിക്കോട്:  നീതിയും വസ്തുതകളും ബലികഴിച്ച വിധിയാണ് ബാബരി മസ്ജിദ് സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്നും നീതിന്യായ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന ഈ വിധിക്കെതിരെ വെൽഫെയർ പാർട്ടി ദേശവ്യാപക പ്രചാരണം സംഘടിപ്പിക്കുമെന്ന് പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

ഇതിന്റെ ഭാഗമായി കോഴിക്കോട് ഇന്‍ഡോർ സ്റ്റേഡിയത്തില്‍ ഡിസംബർ 4 ബുധൻ വൈകിട്ട് 3 മണിക്ക് ജാഗ്രതാ സദസ്സും ഡിസംബർ 6 ന് മണ്ഡലാടിസ്ഥാനത്തിൽ പ്രതിഷേധ സംഗമവും നടത്തും. ബാബരി മസ്ജിദ് സംബന്ധിച്ച അവകാശ വാദത്തില്‍ കോടതി പരിശോധിക്കേണ്ടത് വസ്തുതകളും രേഖകളുമായിരുന്നു.

പക്ഷേ നിരവധി വർഷമെടുത്തിട്ടും കോടതി പരിഗണിച്ചത് മിത്തുകളെയും അവകാശ വാദങ്ങളെയുമാണ് എന്നത് രാജ്യത്തെ നീതിന്യായ സംവിധാനത്തിലെ ഇരുണ്ട ഏടായി നില നില്‍ക്കും. ഒരു സമൂഹത്തിന്റെ മുഴുവൻ അവകാശങ്ങളും അന്യായമായി റദ്ദ് ചെയ്യുന്ന പ്രഖ്യാപനമാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്.

സംഘ്പരിവാര്‍ ഉന്നയിക്കുന്ന അയുക്തിപരമായ അവകാശവാദങ്ങൾക്ക് നിയമപരമായ അനുമതി നൽകുന്നതാണ് ഈ വിധി. രാജ്യത്തെ മത ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പ് നല്‍കിയ സംരക്ഷണവും സുരക്ഷയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സുപ്രിം കോടതി ഇത് പുനപരിശോധിക്കണം.

ബാബരി മസ്ജിദ് തകർത്തത് വലിയ കുറ്റ കൃത്യമായി സുപ്രിം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ലിബർഹാന്‍ കമ്മീഷന്‍ റിപ്പോർട്ടിലൂടെ കുറ്റവാളികളെ കണ്ടെത്തിയിട്ടുമുണ്ട്. നാളിതുവരെയായിട്ടും അക്രമികളാരും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതിനെതിരെ ജനവികാരം ഉയർന്ന് വരണം.

ഡിസംബർ 4 - ന് കോഴിക്കോട് ഇന്‍ഡോർ സ്റ്റേഡിയത്തില്‍ നടക്കുന്ന ജാഗ്രതാ സദസ്സില്‍ കെ.ഇഎന്‍, ഒ.അബ്ദുറഹ്മാന്‍, ഹമീദ് വാണിയമ്പലം, ടി.സിദ്ദീഖ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, എന്‍.പി ചേക്കുട്ടി, രമേഷ് നന്മണ്ട, ശ്രീജ നെയ്യാറ്റിൻകര, കെ.സി ഉമേഷ് ബാബു, പി.എ പൌരന്‍, അസ്‌ലം ചെറുവാടി തുടങ്ങിയവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തവർ:

റസാഖ് പാലേരി (വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ),

ടി.കെ. മാധവൻ (ജില്ലാ ജനറൽ സെക്രട്ടറി)

എ.പി വേലായുധൻ (ജില്ല വൈസ് പ്രസിഡണ്ട്), മുസ്തഫ പാലാഴി (ജില്ല സെക്രട്ടറി).

Advertisment