Advertisment

ഗെയില്‍ പദ്ധതി: ദുരിതബാധിതര്‍ക്ക് അടിയന്തര സഹായമെത്തിക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി

author-image
admin
New Update

മുക്കം:  ജനതാല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച്, അശാസ്ത്രീയമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഗെയില്‍ പദ്ധതിമൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കും മറ്റ് ദുരിതബാധിതര്‍ക്കും അടിയന്തര സഹായവും അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

ഗെയില്‍ പദ്ധതി ജനജീവിതത്തിനു മേല്‍ തീരാ ദുരിതങ്ങള്‍ വിതക്കുന്നതിന്റെ നേര്‍ചിത്രങ്ങളാണ് പദ്ധതി പ്രദേശങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള പ്രശ്നപരിഹാര പാക്കേജുകള്‍ നടപ്പാക്കാത്തതിന്റെ പ്രയാസങ്ങള്‍ ഇരകള്‍ അനുഭവിക്കുന്നതിനിടയിലാണ് പ്രതികൂല കാലാസ്ഥമൂലവും മറ്റും പുതിയ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മഴ കനത്തതോടെ മുക്കം, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളില്‍ ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോവുന്ന പ്രദേശങ്ങളില്‍ മാത്രമല്ല, സമീപമുള്ള നൂറുകണക്കിന് ഏക്കര്‍ ഭൂമിയില്‍ ചെളിയും ചരലും അടിഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ട് കൃഷി പൂര്‍ണമായും നശിച്ചിരിക്കുകയാണ്.

ആവാസവ്യവസ്ഥയെ തന്നെ തകര്‍ക്കുന്ന ഗെയില്‍ അധികൃതരുടെ നടപടിക്കെതിരെയും ഉത്തരവാദപ്പെട്ടവരുടെ നിസ്സംഗതക്കെതിരെയും ശക്തമായ ജനകീയ ചെറുത്തുനില്‍പ് അനിവാര്യമാണെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ലിയാഖത്തലി മുറമ്പാത്തി, ശംസുദ്ദീന്‍ ആനയാംകുന്ന്, ഒ. അബ്ദുല്‍ അസീസ്, സോളി ജോർജ്ജ്, സാലിം ജീറോഡ് സംസാരിച്ചു.

Advertisment