Advertisment

മലപ്പുറത്ത് പ്രവാസി ക്ഷേമനിധി ഓഫീസ് സ്ഥാപിക്കണം - റസാഖ് പാലേരി

New Update

മക്കരപ്പറമ്പ:  പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ പ്രവാസികൾ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലായതിനാൽ പ്രവാസി ക്ഷേമനിധി ഓഫീസ് മലപ്പുറത്ത് സ്ഥാപിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു.

Advertisment

publive-image

ക്ഷേമനിധി അപേക്ഷകളിൽ നടപടി സ്വീകരിക്കാൻ അനാവശ്യമായ കാലതാമസമുണ്ടാകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് വിദേശരാഷ്ട്രങ്ങളിലെ മലയാളികൾ ജന്മനാടിനോട് കാണിക്കുന്ന പ്രതിബദ്ധത കണക്കിലെടുത്ത് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പെൻഷൻ തുക അയ്യായിരം രൂപയാക്കി വർദ്ധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്നും ഈ പ്രഖ്യാപനത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ വാക്ക് പാലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

പ്രവാസി വെൽഫെയർ ഫോറം മങ്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വദേശിവത്ക്കരണം കാരണം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തുന്ന വിദേശമലയാളികളുടെ പുനരധിവാസത്തിനുള്ള പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരിച്ചെത്തിയ പ്രവാസികളുടെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ അധികൃതർ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളുടെ പ്രഖ്യാപനം പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി നിർവഹിച്ചു. ക്ഷേമനിധി പദ്ധതിയെക്കുറിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ഹസനുൽ ബന്ന ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച്. അഷറഫ് എന്നിവർ സംസാരിച്ചു.

പ്രവാസി വെൽഫെയർ ഫോറം മങ്കട മണ്ഡലം കൺവീനർ ജാബിർ വടക്കാങ്ങര സ്വാഗതം പറഞ്ഞു. ജില്ലാകമ്മിറ്റിയംഗം കെ. സക്കീന ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Advertisment