Advertisment

മലപ്പുറത്ത് ഹയർ സെക്കന്ററി സീറ്റുകൾ വർദ്ധിപ്പിക്കുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

മലപ്പുറം:  ജില്ലയിൽ എസ്‌.എസ്‌.എൽ.സി വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും തുടർ പഠനം സാധ്യമാകും വിധം പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയ ബാച്ചുകളും സീറ്റുകളും അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Advertisment

80052 വിദ്യാർഥികളാണ് ഈ വർഷം മലപ്പുറം ജില്ലയിൽ എസ്‌.എസ്‌.എൽ.സി പരീക്ഷ എഴുതിയത്. അതിൽ 78335 വിദ്യാർഥികൾ ഉപരി പഠനത്തിന് അർഹരായി. എന്നാൽ പ്ലസ് വൺ, വെകേഷണൽ ഹയർ സെക്കന്ററി, പോളിടെക്നിക്, ഐ.ടി.ഐ ഉൾപ്പെടെ മലപ്പുറം ജില്ലയിൽ 54733 ഉപരിപഠന സീറ്റുകളാണുള്ളത്.

അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പായി അടിയന്തരിമായി പുതിയ ബാച്ചുകളും സീറ്റുകളും അനുവദിച്ചില്ലെങ്കിൽ 23602 വിദ്യാർഥികൾക്ക് പഠനാവസരം നഷ്ടപ്പെടും. മിക്ക തെക്കൻ ജില്ലകളിലും പത്താം ക്ലാസ് വിജയിച്ചവരുടെ എണ്ണത്തേക്കാൾ ഹയർ സെക്കന്ററി സീറ്റുകൾ ഉണ്ടായിരിക്കെയാണ് മലപ്പുറം ജില്ലയിൽ വിവേചനം നിലനിൽക്കുന്നത്.

സർക്കാറിത് പരിഹരിച്ചില്ലെങ്കിൽ മലപ്പുറത്തെ മുഴുവൻ വിദ്യാർഥികളെയും തെരുവിലിറക്കിയുള്ള പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി നേതൃത്വം നൽകും.

ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ, ഫയാസ് ഹബീബ്, ബഷീർ തൃപ്പനച്ചി, അജ്മൽ കോഡൂർ, മായ കൊണ്ടോട്ടി, ഹബീബ റസാഖ് എന്നിവർ സംസാരിച്ചു.

Advertisment