വിവേചന ഭീകരത തുറന്ന് കാട്ടി ഫ്രറ്റേണിറ്റി തെരുവ് ക്ലാസ്

ന്യൂസ് ബ്യൂറോ, മലപ്പുറം
Wednesday, May 15, 2019

മലപ്പുറം:  മലപ്പുറം ജില്ലയോട് സർക്കാറുകൾ തുടരുന്ന വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറത്ത് പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു.

മലപ്പുറം ജില്ലയിൽ നിന്ന് മാത്രം കാൽലക്ഷത്തോളം വിദ്യാർത്ഥികളാണ് ഹയർസെക്കൻ്ററി സീറ്റിന്റെ അപര്യാപ്തത കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ നിന്ന് പുറംതള്ളുന്നത്. തെക്കൻ ജില്ലകളിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്ന അവസരത്തിലാണ് മലപ്പുറം ജില്ലയോട് വിവേചനം തുടരുന്നത്.

ജില്ലയിലെ 40 ഗവ/എയ്‌ഡഡ്‌ ഹൈസ്‌കൂളുകളിൽ ഇപ്പോഴും ഹയർസെക്കൻ്ററി ഇല്ല. ഈ സ്കൂളുകളിൽ അടിയന്തരമായി ഹയർ സെക്കണ്ടറി അനുവദിക്കണം. ജില്ലയിൽ കൂടുതൽ ഹയർ സെക്കണ്ടറി ബാച്ചുകൾ അനുവദിക്കണമെന്നും സ്ഥായിയായ പരിഹാരത്തിന് ആണ് സർക്കാർ മുൻതൂക്കം നൽകേണ്ടത് എന്നും തെരുവ് ക്ലാസ് ആവശ്യപ്പെട്ടു.

അധികാരികളുടെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാട് ഉണ്ടായിട്ടിലെങ്കിൽ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് ഫ്രറ്റേണിറ്റി നേതൃത്വം നൽകുമെന്ന് ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻ്റ് കെ.കെ അഷ്റഫ് പറഞ്ഞു. തെരുവ് ക്ലാസ് ഉദ്ഘാടനം നിർവഹിച്ചു സംസരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എസ്.എസ്. എൽ.സി പൂർത്തിയാക്കിയ നൂറിലധികം വിദ്യാർത്ഥികൾ തെരുവ് ക്ലാസ്സിൽ പങ്കെടുത്തു. ഫ്രറ്റേണിറ്റി കലാസാംസ്കാരിക വേദിയായ ‘ക്രിയേറ്റിവ് പ്രൊഡക്ഷൻ’ ആണ് തെരുവ് ക്ലാസ് അണിയിച്ച് ഒരുക്കിയത്.

ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, സെക്രട്ടറിമാരായ മുഹമ്മദ് ഹംസ, അജ്മൽ തോട്ടോളി, ജില്ലാ കമ്മിറ്റി അംഗം അഖീൽ നാസീം, മുസ്ഫിറ, അൻഷിദ, ദാനിഷ്, ഷഹീർ, ജസീം സയ്യാഫ് എന്നിവർ നേതൃത്വം നൽകി.

×