Advertisment

മലപ്പുറത്തെ ഹയർ സെക്കന്ററി പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം - ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

New Update

മലപ്പുറം:  മലപ്പുറം ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഗവൺമെന്റ് എയ്ഡഡ് മേഖലയിൽ ഉപരി പഠനത്തിന് അവസരം ഒരുക്കാൻ സർക്കാർ തയ്യാറാകണം. ഇതിനായി അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി പുതിയ ബാച്ചുകളും അധിക സീറ്റുകളും അനുവദിച്ച് സർക്കാർ ഉത്തരവിറക്കണം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുടരുന്ന പ്രതിസന്ധി ഇനിയും പരിഹരിച്ചില്ലെങ്കിൽ മുഴുവൻ വിദ്യാർഥി-യുവജനങ്ങളെയും അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി നേതൃത്വം നൽകും.

Advertisment

publive-image

80052 വിദ്യാർഥികളാണ് ഈ വർഷം മലപ്പുറം ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. അതിൽ 78335 വിദ്യാർഥികൾ ഉപരി പഠനത്തിനർഹരായി. എന്നാൽ 49440 പ്ലസ് വൺ സീറ്റുകൾ മാത്രമാണ് മലപ്പുറം ജില്ലയിൽ നിലവിലുള്ളത്.

85 ഗവൺമെൻറ് ഹയർ സെക്കൻററികളിൽ 435 ബാച്ചുകളിലായി 26100 സീറ്റുകൾ. എയ്ഡഡ് മേഖലയിൽ 84 ഹയർ സെക്കൻററി സ്‌കൂളുകളിലായി 389 ബാച്ചുകളിൽ 23340 സീറ്റുകളും. സർക്കാർ സ്‌കൂളും എയ്ഡഡും ചേർത്താൽ 26100 + 23340 = 49440 സീറ്റുകൾ.

ഗവൺമെന്റ് എയ്ഡഡ് മേഖലയിലെ വി.എച്ച്.എസ്, പോളിടെക്‌നിക്, ഐ.ടി.ഐ എന്നിവയാണ് മറ്റ് ഉപരിപഠന സാധ്യതകൾ. ഇവയിലെ മുഴുവൻ സീറ്റും കൂട്ടിയാൽ അയ്യായിരത്തിനടുത്തേ വരികയുള്ളൂ. 27 വി.എച്ച്.എസുകളാണ് മലപ്പുറം ജില്ലയിലുള്ളത്. 24 ഗവൺമെന്റും മൂന്നെണ്ണം എയ്ഡഡും. 77 ബാച്ചുകളിലായി ഗവൺമെന്റിൽ 2310 സീറ്റും 7 ബാച്ചുകളിലായി എയ്ഡഡിൽ 210 സീറ്റുകളുമാണുള്ളത്.

ഗവൺമെന്റ് - എയ്ഡഡ് പോളിടെക്‌നിക്കുകളിലായി വെറും 1150 സീറ്റുകളാണ് ജില്ലയിലുള്ളത്. ഐ.ടി.ഐ കളിൽ ആയിരത്തിനടുത്തും. എല്ലാം ചേർന്നാൽ 5000 ഉണ്ടാകും. ഹയർ സെക്കന്ററി, വി.എച്ച്.എസ്.ഇ, പോളിടെക്‌നിക്, ഐ.ടി.ഐ എന്നിവയിലെ എല്ലാ സീറ്റുകൾ കൂട്ടിയാലും 54733 സീറ്റുകളാണ് ഗവൺമെന്റ്, എയ്ഡഡ് മേഖലയിൽ മലപ്പുറത്തുള്ളത്.

പത്താം ക്ലാസ് പാസായ 23602 വിദ്യാർഥികൾക്ക് ഗവൺമെന്റ്, എയ്ഡഡ് മേഖലയിൽ ഒരു സ്‌കീമിലും ഉപരി പഠനത്തിന് അവസരമില്ല. സി.ബിഎസ്.ഇ സ്‌കീമിൽ എസ്.എസ്.എൽ.സി പാസായ 4602 പേരെ കൂടി കൂട്ടുമ്പോൾ ഇത് 28204 ആകും .തിരുവനന്തപുരത്തും കോട്ടയത്തും പത്തനംതിട്ടയിലും പത്താം ക്ലാസ് വിജയിച്ചവരേക്കാൾ ഉപരിപഠന സീറ്റുള്ളപ്പോഴാണ് മലപ്പുറത്ത് ഫസ്റ്റ് ക്ലാസിൽ പാസായവർ പോലും സീറ്റില്ലാതെ പുറത്ത് നിൽക്കുന്നത്. ഇത് വിവേചന ഭീകരതയാണ്.

മലപ്പുറത്ത് 40 ഗവൺമെൻറ് - എയ്ഡഡ് ഹൈസ്‌കൂളുകളിൽ ഹയർ സെക്കന്ററിയില്ല. ഇവിടങ്ങളിൽ ഹയർ സെക്കന്ററി അനുവദിച്ചും ഉള്ള സ്‌കൂളുകളിൽ പുതിയ ബാച്ചുകളനുവദിച്ച് കൊണ്ടും മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാവൂ.

സർക്കാറിന്റെ പൊതു വിദ്യാഭ്യാസ ശാക്തികരണ മുദ്രാവാക്യങ്ങളിൽ ആത്മാർഥതയുണ്ടെങ്കിൽ മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി അവസാനിപ്പിക്കാൻ മുൻകയ്യെടുക്കണം. അല്ലായെങ്കിൽ ശക്തമായ സമരങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുന്നിട്ടിറങ്ങും.

Advertisment