Advertisment

കെ.എ.എസ്: എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണം: സംവരണ സംരക്ഷണ സംഗമം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം:  കേരളത്തില്‍ പുതുതായി രൂപീകരിക്കപ്പെടുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസി (കെ.എ.എസ്)ന്റെ എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണമെന്ന് സംവരണ സംരക്ഷണ സംഗമം ആവശ്യപ്പെട്ടു.

Advertisment

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല കമ്മറ്റി മലപ്പുറം കുന്നുമ്മലിൽ സംഘടിപ്പിച്ച സംവരണ സംരക്ഷണ സംഗമത്തിലാണ് വിവിധ രാഷ്ട്രീയ-സാമൂഹിക-സമുദായിക സംഘടനാ നേതാക്കള്‍ ഒന്നിച്ച് പ്രക്ഷോഭ ബാനര്‍ ഉയര്‍ത്തി സാമൂഹ്യ നീതി അട്ടിമറിക്കാനുള്ള ഇടത് സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിച്ചത്.

publive-image

ചരിത്രത്തില്‍ നിവര്‍ത്തന പ്രക്ഷോഭം, ഈഴവ മെമ്മോറിയല്‍, മലയാളി മെമ്മോറിയല്‍ പോലുള്ള നിരന്തരമായ സമര പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്തിട്ടുള്ള അവകാശങ്ങളും അധികാര പങ്കാളിത്തവും ഇവിടുത്തെ മുന്നാക്ക - സവര്‍ണ്ണ സമുദായ സംഘടനകളുടെ താല്പര്യങ്ങള്‍ക്ക് മുമ്പില്‍ വഴങ്ങിക്കൊടുത്തു കൊണ്ട് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്.

കെ.എ.എസില്‍ മൂന്നില്‍ രണ്ട് സ്ട്രീമുകളിലും സംവരണം വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് വഴി പിന്നാക്ക സമുദായങ്ങള്‍ക്ക് അവകാശപ്പെട്ട 50 ശതമാനം സംവരണത്തെ 16.5 ശതമാനത്തിലേക്ക് ചുരുക്കാനുള്ള ആസൂത്രിത നീക്കമാണ് ഇടത് സര്‍ക്കാര്‍ സവര്‍ണ ലോബികളുമായി ചേര്‍ന്ന് നടത്തുന്നത്.

കേരളത്തിലെ പിന്നാക്ക - ന്യൂനപക്ഷ - ദലിത് - ആദിവാസി ജനസമൂഹങ്ങളെ അധികാര പങ്കാളിത്തത്തില്‍ നിന്ന് അകറ്റി നിറുത്തുവാനുള്ള ഈ തീരുമാനം തികച്ചും ഭരണഘടനാ വിരുദ്ധവും പിന്നാക്ക സമുദായങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഇടത് പക്ഷത്തിന്റെ ഇത്തരം സാമുദായിക സംവരണ വിരുദ്ധ നിലപാട് തിരുത്തിയേ മതിയാകൂ.

പിണറായി സര്‍ക്കാറിന്റെ സംവരണ വിരുദ്ധതയ്ക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ശക്തമായ സമരങ്ങളുമായി തെരുവില്‍ ഇറങ്ങുമെന്നും സാമൂഹ്യനീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ നിന്ന് മാറിനില്‍ക്കുവാന്‍ ചരിത്രബോധമുള്ള വിദ്യാര്‍ഥി-യുവജനങ്ങള്‍ക്ക് സാധ്യമെല്ലെന്നും ഉദ്ഘാടനം നിർവ്വഹിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രതീപ് നെന്മാറ പറഞ്ഞു.

വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് മുനീബ് കാരക്കുന്ന് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റിയാസ് പുൽപ്പറ്റ (എം.എസ്‌.എഫ്), പ്രഭാകരൻ (വിശ്വകർമ മഹാസഭ), ഉസ്മാൻ കാച്ചടി (ഐ.എസ്‌.എഫ്), ഷമീമ സക്കീർ (ജി.ഐ.ഒ), സമീർ കാളികാവ് (സോളിഡാരിറ്റി), മുനവ്വർ കോട്ടക്കൽ (എം.എസ്‌.എം), വാഹിദ് ചുള്ളിപ്പാറ (എസ്‌.ഐ.ഒ) എന്നിവര്‍ സംസാരിച്ചു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല ജനറല്‍ സെക്രട്ടറി ഹബീബ റസാഖ് സ്വാഗതവും സബീൽ നന്ദിയും പറഞ്ഞു.

Advertisment