Advertisment

സമരയിടങ്ങളിലെ പെൺസാന്നിധ്യം സംഘ്ഭരണത്തിലെ സ്ത്രീവിരുദ്ധ നയങ്ങളോടുള്ള പ്രതിഷേധം: ഇ സി ആയിശ

New Update

മലപ്പുറം: സംഘ്പരിവാർ ഭരണകൂടങ്ങൾക്കു കീഴിൽ സ്ത്രീകൾ അരക്ഷിതാവസ്ഥയും പീഡനവും അനുഭവിക്കുന്നുണ്ടെന്നും അതിലുള്ള പ്രതിഷേധത്തിൻ്റെ പ്രതീകമാണ് ദേശീയ പൗരത്വ സമരങ്ങളിലെ വമ്പിച്ച സ്ത്രീ പങ്കാളിത്തമെന്നും വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ. സി. ആയിശ.

Advertisment

മലപ്പുറത്ത് ആസാദി സ്ക്വയറിൻ്റെ മുപ്പത്തിയെട്ടാം ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സംഘ്പരിവാർ അധികാരത്തിലേറിയ ശേഷം രാജ്യത്തുടനീളം സ്ത്രീകൾ ജീവനു ഭീഷണി നേരിടുന്നു.

publive-image

യു.പിയിൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ പീഡിപ്പിക്കുന്നു.ഭരണഘടനയുടെ സംരക്ഷണത്തിനായുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. അത് എല്ലാ മർദ്ദിതന്യൂനപക്ഷങ്ങൾക്കും വേണ്ടിയുള്ള സമരമാണ്.

എൻ.ആർ.സിയും സി.എ.എയും നടപ്പാക്കുമെന്നത് തങ്ങൾ ജനങ്ങൾക്കു നൽകിയ വാഗ്ദാനമാണെന്നും അതു പാലിക്കാൻ ബാധ്യതയുണ്ടെന്നും പറയുന്ന മോഡിയും അമിത് ഷായും മറ്റു വാഗ്ദാനങ്ങളെ പറ്റി മൗനം പാലിക്കുന്നു.

അഴിമതി ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സർക്കാരിൻ്റെ പ്രധാനമന്ത്രിയെ അടക്കം അഴിമതി ഗ്രസിച്ചിരിക്കുന്നു. വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കി. അതൊന്നും ശ്രദ്ധിക്കാതെ ജനങ്ങളുടെ മൗലികാവകാശമായ പൗരത്വം നിഷേധിച്ച് ഒരു ജനതയെ അപരവൽക്കരിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുകയാണ്. വംശീയരാഷ്ട്രീയത്തിൻ്റെ നിലനിൽപ്പിനായി ജനങ്ങളെ അവർ കൊന്നുതിന്നുന്നു.

പൗരത്വ ഭേദഗതി നിയമത്തിൽ തിരുത്തലുകൾക്ക് തയാറാണെന്നും നടപ്പിൽ വരുത്തുമ്പോൾ ഇളവുകൾ തരാമെന്നുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനകളൊക്കെ വെറും നാടകമാണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്. കപട വാഗ്‌ദാനങ്ങൾ കൊണ്ട് സമരങ്ങളെ തണുപ്പിക്കാനാവില്ല.

നിയമത്തിലുള്ള അസമത്വം ഇല്ലാതാവുകയും രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യപ്രാധാന്യം ഉണ്ടാവുകയും വേണം.പൗരത്വഭേദഗതി നിയമം വേണ്ടവിധം പുനഃപരിശോധന നടത്തി ശരിയായ നിലപാടുകൾ സ്വീകരിക്കാൻ ഭരണകൂടം തയാറാവേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

കെ.എൻ.എം വിസ്ഡം യൂത്ത് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് മുസ്തഫ മദനി, മാധ്യമ പ്രവർത്തകൻ ശബരി സംസാരിച്ചു. തിരൂർക്കാട് നസ്റ കോളേജ് 'ഫ്രട്ടേണിറ്റി' യൂനിറ്റ് സി.എ.എ വിരുദ്ധസന്ദേശം നൽകുന്ന മൈം അവതരിപ്പിച്ചു.

നാളെ (ചൊവ്വ) ആസാദി സ്ക്വയറിൽ സി.എ.എവിരുദ്ധ ദേശീയവിദ്യാർഥിസമരനായിക ലദീദ ഫർസാന, ടെലിഫിലിം സംവിധായകൻ സലാം കൊടിയത്തൂർ, കെ.എൻ.എം വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി സംബന്ധിക്കും.

Advertisment