Advertisment

ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുന്നവർക്ക് വിദ്യാർത്ഥികളുടെ വസ്ത്ര ശേഖരണപദ്ധതി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര:  മഹാപ്രളയ കാലം മലയാളികളെ ഓര്‍മ്മിപ്പിച്ച വസ്ത്രത്തിന്റെപ്രാധാന്യം വിദ്യാര്‍ഥികളെയും സമൂഹത്തെയും ബോധവല്‍ക്കരിച്ച് ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുന്ന പാവങ്ങള്‍ക്ക് വസ്ത്രങ്ങള്‍ ശേഖരിച്ചു നല്‍കുന്ന എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ 'അവരും ഉടുക്കട്ടെ' ജീവ കാരുണ്യ പദ്ധതി നാടിന് മാതൃകയാവുന്നു.

Advertisment

സ്‌കൂള്‍ പി. ടി. എ കമ്മറ്റി, സ്‌കൂള്‍ മന്ത്രിസഭ എന്നിവ സംയുക്തമായി, മലപ്പുറം പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഷെല്‍ട്ടര്‍ ഇന്ത്യ' എന്ന സന്നദ്ധസംഘടനയുടെ കീഴിലുള്ള ഡ്രസ്സ് ബാങ്ക് വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

publive-image

എടത്തനാട്ടുകര കോട്ടപ്പള്ള ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ് യൂണിറ്റ്, എന്‍. എസ്. എസ് യൂണിറ്റ് എന്നിവയും പദ്ധതിയുമായി സഹകരിക്കുന്നു. അവരും ഉടുക്കട്ടെ പദ്ധതിയിലേക്ക് പുതിയ വസ്ത്രങ്ങളും ശേഖരിക്കുന്നുണ്ട്.

ഒപ്പം വലിപ്പക്കുറവിന്റെ പേരിലോ, ഇഷ്ടമല്ലാത്ത നിറമായതിനാലോ, ഫാഷന്‍ മാറിയതിന്റെ കാരണത്താലോ വീടുകളില്‍ മാറ്റി വെച്ചിരിക്കുന്ന ഉപയോഗിച്ച വസ്ത്രങ്ങള്‍ ശേഖരിച്ച് നമ്മുടെ സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും ആവശ്യക്കാര്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്നതാണ് 'അവരും ഉടുക്കട്ടെ' പദ്ധതി.

കീറാത്ത, നിറം മങ്ങാത്ത, അടിയുടുപ്പുകള്‍ ഒഴികെയുള്ള, ഉപയോഗിക്കാന്‍ പറ്റുന്ന വസ്ത്രങ്ങള്‍ കഴുകിയുണക്കി, ഇസ്തിരിയിട്ട്, മടക്കിയാണ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളില്‍ എത്തിക്കുന്നത്.

കഴുകിയുണക്കി ഇസ്തിരിയിട്ട് മടക്കിയ വസ്ത്രങ്ങള്‍ ഡിസംബര്‍ 14 വെള്ളി വൈകുന്നേരം 4 മണിക്ക് മുന്‍പായി എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍ പി. സ്‌കൂളിലെ വിദ്യാര്‍ഥികളെ ഏല്‍പ്പിച്ചോ മൂച്ചിക്കല്‍ സ്‌കൂളില്‍ നേരിട്ടെത്തിച്ചോ പൊതു ജനങ്ങള്‍ക്കും ഈ പദ്ധതിയില്‍ പങ്കാളികളാവാം. അവരും ഉടുക്കട്ടെ പദ്ധതിയിലേക്ക് പുതിയ വസ്ത്രങ്ങളും നല്‍കാം.

പദ്ധതിയുടെ ഭാഗമായിശേഖരിച്ച വസ്ത്രങ്ങള്‍ മലപ്പുറം പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഷെല്‍ട്ടര്‍ ഇന്ത്യ' എന്ന സന്നദ്ധസംഘടനയുടെ കീഴിലുള്ള ഡ്രസ്സ് ബാങ്ക് വിഭാഗത്തിന് എത്തിച്ച് കൊടുക്കും. ഷെല്‍ട്ടര്‍ ഇന്ത്യ വളന്റിയര്‍മാര്‍സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും ആത്യാവശ്യാക്കാര്‍ക്ക് അവ സൗജന്യമായി നേരിട്ട് വിതരണം ചെയ്യും.

അവരും ഉടുക്കട്ടെ പദ്ധതി ഗ്രാമ പഞ്ചായത്ത് അംഗം സി. മുഹമ്മദാലി ഉല്‍ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ. സതീ ദേവി അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി. അബ്ദുസ്സലാം, എന്‍. അലി അക്ബര്‍, സി. കെ. ഹസീനമുംതാസ്, എ. സീനത്ത്, കെ. രമാ ദേവി, പി. ജിഷ എന്നിവര്‍ പ്രസംഗിച്ചു.

പി. ടി. എ പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍, അധ്യാപകരായ ഇ. പ്രിയങ്ക, ടി. പി. മുഫീദ, കെ. ഷീബ, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ,സ്‌കൂള്‍ ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍,ഡെപ്യൂട്ടി ലീഡര്‍ സി. അനഘ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

പദ്ധതിയുടെ ഭാഗമായി സന്ദേശ രേഖാ വിതരണം, പോസ്റ്റര്‍ ഡിസ്‌പ്ലെ,സോഷ്യല്‍ മീഡിയാ പ്രചാരണം എന്നിവ സംഘടിപ്പിച്ചു.

Advertisment