കല്ലടിക്കോട് വന മേഖലയിൽ ആനയെ ഓടിക്കാൻ വനം വകുപ്പിന്റെ സോളാർ ഫ്‌ളാഷിങ് ലൈറ്റ്

സമദ് കല്ലടിക്കോട്
Monday, January 7, 2019

കല്ലടിക്കോട്:  ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും ആനയിറങ്ങുന്നത് പതിവായ സാഹചര്യത്തിൽ അത്യാധുനിക രീതിയിലുള്ള സോളാർ എൽ ഇ ഡി ഫ്‌ളാഷിങ് ലൈറ്റ് സ്ഥാപിച്ച് പരിഹാരം കാണുകയാണ് വനംവകുപ്പ്.

കല്ലടിക്കോട് വനമേഖലയിൽ ആനശല്യം രൂക്ഷമായ കരിമല,തുടിക്കോട്,പാലമുക്ക്, മേലെ പയ്യേനി പ്രദേശത്തെ എസ് സി, എസ് ടി കോളനികളോട് ചേർന്നുള്ള വനത്തിലാണ് നാല് സോളാർ ഫ്‌ളാഷ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസും, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.സുനിലും പറഞ്ഞു.

കാടിറങ്ങുന്ന ആനകൾ നാശനഷ്ടം ഉണ്ടാക്കുന്നത് പതിവായതോടെ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപ്പാക്കിയ ഈ സോളാർ ലാമ്പുകൾ ഫലപ്രദമായ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഓരോ നാല് സെക്കെന്റിലും മിന്നി പ്രകാശിക്കുന്നവയാണ് ലൈറ്റുകൾ. ഇതുപോലുള്ള നാല് വിളക്കുകൾ അട്ടപ്പാടിയിലും സ്ഥാപിക്കുന്നുണ്ട്.

ഒരുലക്ഷം രൂപ ചിലവിൽ വനം വകുപ്പ് ഒരുക്കിയ ഈ പുതിയ സംവിധാനം ജനസുരക്ഷക്കും കൃഷി സംരക്ഷണത്തിനും ഫലപ്രദമായേക്കും. കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലെത്തുക പതിവാണെന്നും, ഭീതിയകറ്റാൻ ശാശ്വത പരിഹാരം തന്നെ വേണമെന്നും കോളനി നിവാസികളും പറഞ്ഞു. കാട്ടാനകളുടെ ഭീഷണിക്ക് നടുവിലാണ് ജന ജീവിതം.

ഫെൻസിങ് ഉൾപ്പടെയുള്ള പ്രതിരോധ നടപടികളൊന്നും വേണ്ടത്ര ഫലം കാണാത്ത സാഹചര്യത്തിൽ പുതിയ നീക്കം ഗുണം ചെയ്യുമെന്നാണ് വനംവകുപ്പിന്റെയുംകണക്കുകൂട്ടൽ.

×