കണ്ണീരൊപ്പാൻ കയ്യിലുള്ളതെല്ലാം നൽകി ഒരു മഹത്തായവിദ്യാലയം. അഫ്നയുടെയും അഫ്നാന്റെയും കുപ്പായക്കാശ് ഭൂരിതാശ്വാസ നിധിയിലേക്ക്

സമദ് കല്ലടിക്കോട്
Wednesday, September 5, 2018

മണ്ണാർക്കാട്:  നാട് ദുരന്തത്തിലകപ്പെട്ടപ്പോൾ ഞങ്ങൾക്കെന്തിന് പുതു വസ്ത്രം? അഫ്നയും അഫ്നാനും ബലിപെരുന്നാൾ ദിനത്തിൽ ഒരുമിച്ച് ബാപ്പയോട് ചോദിച്ചതാണിങ്ങനെ. മണ്ണാർക്കാട് ജി.എം.യു.പി.സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന കുട്ടികളാണ് ഈ ഇരട്ടകൾ.

സിവിൽ സർവീസ് ഓഫീസർ റഫീഖിന്റെയും അരിയൂർ എ .എൽ .പി .സ്കൂളിലെ അധ്യാപിക ഫൗസിയയുടെയും മക്കളാണിവർ.ബാപ്പ നൽകി വരുന്ന രണ്ടായിരം രൂപ വീതം ഇരുവരും ചേർന്ന് നാലായിരം രൂപ എത്തിച്ചത് സ്കൂൾ പ്രധാനാധ്യാപകന്റെ പക്കലാണ്.

നിറകണ്ണുകളോടെ കെ.കെ.വിനോദ് കുമാർ അത് ഏറ്റുവാങ്ങി. മൈക്കിലൂടെ ഒരു അനൗൺസ്മെന്റ് പുറത്തു വന്നു .മക്കളേ ,ഇത് മാതൃകയാണ്. ആഘോഷങ്ങൾക്കും ആരവങ്ങൾക്കുമുള്ള സമയമല്ലിത്, ദു:ഖമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ കയ്യിലുള്ളത് സഹായിച്ചുകൊണ്ട് നമുക്ക് മാതൃകയാവാം.

‘ തൊട്ടടുത്ത ദിവസം ജി.എം.യു.പി.സ്കൂളിന്റെ ഹുണ്ടിക നിറച്ചു കൊണ്ടാണ് കുട്ടികൾ അത്ഭുതം സൃഷ്ടിച്ചത്. പതിനേഴായിരത്തി അഞ്ഞൂറ്റി എൺപത്തിയഞ്ച് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സംഭാവന ചെയ്തു.

ദുരിതാ ശ്വാസ ക്യാമ്പായി പ്രവർത്തിച്ച വിദ്യാലയമാണ് ജി.എം.യു.പി.സ്കൂൾ. അധ്യാപകർ ഇതിനകം വിഭവ സമാഹരണം നടത്തി കുട്ടനാട് ,ചാലക്കുടി, ചെങ്ങന്നൂർ, മണ്ണാർക്കാട് താലൂക്കിലെ വിവിധ കേന്ദ്രങ്ങൾ എന്നിങ്ങനെ ജി.എം.യു.പി.സ്കൂളിന്റെ സഹായഹസ്തം എത്തിക്കഴിഞ്ഞിട്ടുണ്ട്.

മകളുടെ വിവാഹ ചടങ്ങുകൾ രജിസ്ട്രാർ ഓഫീസിലാക്കുകയും കരുതി വെച്ച ഒരു ലക്ഷം രൂപ ദുരിതാ ശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയും ചെയ്ത ലക്ഷ്മി കുട്ടി ടീച്ചർ ഈ വിദ്യാലയത്തിലൊരംഗമാണ്.

പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ അധ്യാപക വൃന്ദവും പി.ടി.എം മാതൃകാപരമായ ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. പ്രളയ ഭീകരത ചിത്രീകരിച്ചു കൊണ്ടുള്ള പ്രത്യേക പതിപ്പും പത്രവും ഇപ്പോൾ അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു

×