Advertisment

ചക്ക പ്രചാരണത്തിനായി ചക്ക കൂട്ടം പാലക്കാടും

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  പറളി വലിയകാട് മണിയേട്ടന്റെ വീട്ടിൽ ചക്കയിടുന്നതിന്റെ ആരവം കേട്ടപ്പോൾ ചക്ക വിലക്കെടുക്കാൻ വന്നതിന്റെ തിരക്കാണെന്നാണ് നാട്ടുകാർ കരുതിയത്. എന്നാൽ ചക്ക പ്രേമികളുടെ കൂട്ടമായിരുന്നു അത്. രാവിലെ പഴുത്ത ചക്കയിട്ട് തിന്നു. ഉച്ചക്ക് ഉപ്പും മുളകും ഉള്ളിയും കറിവേപ്പിലയും ചേർത്ത് പച്ച ചക്ക വേവിച്ച് ഒന്നാന്തരം ചക്കപ്പുഴുക്ക്.

Advertisment

ഉച്ചക്ക് ശേഷം ചക്ക പുരാണവും ചക്ക പറച്ചിലും. മീൻ കൂട്ടവും, മാങ്ങ കൂട്ടവും നാട്ടു വിഭവങ്ങളുടെ രുചികളും തേടുന്ന വാട്സ്ആപ് കൂട്ടായ്മയാണ് ഈ ചക്ക പാച്ചിലിന്റെ പിന്നിൽ.

publive-image

ചക്ക, മാങ്ങ പോലുള്ള നാടൻ പഴങ്ങൾ ഇഷ്ടപ്പെടുന്നവരെ ഒരുമിപ്പിക്കാനും പറമ്പിൽ ചക്കയും മാങ്ങയും ഉള്ളവരെയും അത് തിന്നാൻ ആഗ്രഹമുള്ളവരെയും നന്മയുള്ള മനുഷ്യരെ പരിചയപ്പെടാനിഷ്ടമുള്ളവരെയും ഒരുമിപ്പിക്കാനുള്ളതുമാണ് ഈ ചക്കക്കൂട്ടം കൂട്ടായ്മ. കേരളത്തിന്റെ പലഭാഗത്തും ഇതുപോലെ പ്രകൃതി-നാടൻ വിഭവങ്ങൾക്ക് വേണ്ടിയും തൈ-വിത്ത് വിതരണത്തിനായും ഈ കൂട്ടം ഒത്തു ചേരാറുണ്ട്.

ചക്കയോടുള്ള ഇഷ്ടവും ഒന്നിച്ചിരുന്ന് കഴിക്കുന്നതിന്റെ സന്തോഷവുമാണ് എവിടേക്കു വേണമെങ്കിലും ഇവരെ എത്തിക്കുന്നത്. പല തരത്തിൽപ്പെട്ട കോടിക്കണക്കിനു ചക്കകളാണു പ്രതിവർഷം കേരളത്തിൽ പാഴായി പോകുന്നത്. ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ടിട്ടും ചക്കയും കുരുവും പറമ്പിലും തൊടിയിലും പഴുത്ത് വീണ് കിടക്കുന്നു.

നമ്മൾ മലയാളികളുടെ പ്രിയപ്പെട്ട ഫലവര്‍ഗ്ഗങ്ങളില്‍ ഒന്നായിരുന്നു ചക്ക. ചക്കക്കാലം ആയിക്കഴിഞ്ഞാല്‍ പിന്നെ എല്ലാ വിഭവവും ചക്ക യാകുന്ന രീതിയായിരുന്നു വീടുകളിൽ. എന്നാല്‍ ഇപ്പോഴും നമ്മൾ ചക്കയുടെ അപാരത അറിയാത്തവരായി മാറുകയാണോ? അവഗണിക്കപ്പെട്ട് കിടക്കുന്ന ചക്കപ്പഴത്തിന്റെ ഗുണം പറഞ്ഞു തരാൻ ചക്ക വിളഞ്ഞ പറമ്പിൽ ഇവർ ഒത്തുകൂടും.

മനുഷ്യർക്ക്‌ മാത്രമല്ല അണ്ണാനും കാക്കയും തത്തയും പശുവും ആടും കാട്ടാനയും എല്ലാറ്റിനും ചങ്കാണ് ചക്ക. സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞും അറിയിച്ചും ചക്ക തിന്നാനെത്തുന്ന ഇവർ മനുഷ്യ സ്പർശമുള്ള വിഷയങ്ങൾ ചർച്ച ചെയ്തും ചക്ക സ്നേഹം കൂട്ടിയും പിരിയും. മനസ്സിൽ ചക്കയുടെ തേൻ മധുരവുമായി. ചക്ക കൂട്ടത്തിൽ കൂട്ടുചേരേണ്ടവർക്ക് വിളിക്കാം; 9447498430.

Advertisment